24 January 2026, Saturday

Related news

January 22, 2026
January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 14, 2026
January 11, 2026
January 10, 2026
January 9, 2026
January 8, 2026

സംസ്ഥാന കോണ്‍ഗ്രസില്‍ ജംബോ കമ്മിറ്റിക്ക് മുകളില്‍ കോര്‍ കമ്മിറ്റി

സെക്രട്ടറിമാര്‍ 150, ജനറല്‍ സെക്രട്ടറിമാര്‍ 59, വര്‍ക്കിംങ് പ്രസിഡന്റുമാര്‍3, വൈസ് പ്രസിഡന്റുമാര്‍ 13, രാഷട്രീയ കാര്യ സമിതി അംഗങ്ങള്‍ 39, ഇതു കൂടാതെ കെപിസിസി പ്രസിഡന്റ്, ട്രഷറാര്‍
Janayugom Webdesk
തിരുവനന്തപുരം
November 1, 2025 4:32 pm

സംസ്ഥാന കോണ്‍ഗ്രസിലെ ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ജംബോ കമ്മിറ്റി. പുനസംഘടനയുടെ ഭാഗമായി 150പേരെ കെപിസിസിയുടെ സെക്രട്ടറിമാരായി പ്രഖ്യാപിക്കാന്‍ പോകുന്നു. 300 പേരടങ്ങുന്ന കെപിസിസി സെക്രട്ടറിമാരുടെ പട്ടികയാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് കഴിഞ്ഞ ദിവസം എഐസിസി നേതൃത്വത്തിന് സമര്‍പ്പിച്ചത്. പട്ടിക ചുരുക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് സെക്രട്ടറിമാരുടെ എണ്ണം 150 ആയി വെട്ടിച്ചുരുക്കിയിരിക്കയാണ്. 140 നിയമസഭാ മണ്ഡലങ്ങളിലായി ഓരോ സെക്രട്ടറിമാര്‍ക്ക് ചുമതല നല്‍കും.

തദ്ദേശ തിരഞ്ഞെടുപ്പും തുടര്‍ന്ന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും പാര്‍ട്ടിയെ അതാത് മണ്ഡലങ്ങളില്‍ ചലിപ്പിക്കാനുള്ള ചുമതല ഇവര്‍ക്കായിരിക്കും. സെക്രട്ടറിമാരുടെ അന്തിമ പട്ടിക ഉടന്‍ കെപിസിസി അംഗീകാരം നല്‍കി എഐസിസിയെ ഏല്‍പ്പിക്കും. പ്രഖ്യാപനം ഉടന്‍ ഉണ്ടാകും പാര്‍ട്ടിയില്‍ അസംതൃപ്തരായി കഴിയുന്നവരേയും മറ്റും കെപിസിസി സെക്രട്ടറിമാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി 59 അംഗ കെ പി സി സി ജന. സെക്രട്ടറിമാരുടെ പട്ടിക നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജംബോ കമ്മിറ്റിയെന്ന ആരോപണം നിലനില്‍ക്കെയാണ് സെക്രട്ടറിമാരെ കുത്തിനിറച്ചുള്ള മറ്റൊരു സൂപ്പര്‍ ജംബോ കമ്മിറ്റി കൂടി പ്രഖ്യാപിക്കാനൊരുങ്ങുന്നത്. കെ പി സി സി പുനസംഘടന, യൂത്ത് കോണ്‍ഗ്രസ് പുനസംഘടന, തുടങ്ങിയ വിഷയങ്ങളില്‍ നേതാക്കള്‍ തമ്മില്‍ കടുത്ത അഭിപ്രായ ഭിന്നത തുടരവേയാണ് എ ഐ സി സി നേതൃത്വത്തിന്റെ ശക്തമായ ഇടപെടല്‍.

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജന.സെക്രട്ടറി ദീപാദാസ് മുന്‍ഷിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കേരള നേതാക്കളുമായുള്ള കൂടിക്കാഴ്ച. ഗ്രൂപ്പിസം അവസാനിപ്പിച്ച് നേതാക്കള്‍ ഒറ്റക്കെട്ടായി നീങ്ങണമെന്നും എഐസിസി നേതൃത്വം വ്യക്തമാക്കിയിരിക്കയാണ്. വി ഡി സതീശനെതിരെ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ എ ഐ സി സി നേതൃത്വത്തെ നേരില്‍ കണ്ട് പരാതി അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടന്നത്. കേരളത്തില്‍ ഗ്രൂപ്പുപോരുകള്‍ അവസാനിപ്പിക്കാന്‍ അടിയന്തര നടപടി വേണമെന്ന് എഐസിസി നിര്‍ദേശിച്ചിട്ടുണ്ട്. അധ്യക്ഷന്‍ എല്ലാവിഭാഗം നേതാക്കളോടും ആവശ്യപ്പെട്ടതായാണ് വിവരം.

പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, മുന്‍ കെപിസിസി ഭാരവാഹികള്‍ എന്നിവരുമായി കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ കൂടിക്കാഴ്ചനടത്തിയിരുന്നു. ഗ്രൂപ്പുകള്‍ മാറ്റി നിര്‍ത്തി എ ഐ സി സി കര്‍ശന നിര്‍ദേശം മുന്നോട്ടുവച്ചത്. കേരളത്തില്‍ നിലവില്‍ രമേശ് ചെന്നിത്തല, വി ഡി സതീശന്‍ എന്നിവര്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി രംഗത്തുണ്ട് ഇവര്‍ തമ്മിലുള്ള പോരാട്ടം ശക്തമായിരിക്കെയാണ് . ഇവര്‍ക്ക് പാരയായി എഐസിസിയുടെ സംഘടനാ ജന.സെക്രട്ടറി കൂടിയായ ആലപ്പുഴ എംപിയുമായ കെ സി വേണുഗോപാല്‍ കേരളത്തില്‍ സജീവമാവുന്നു എന്നും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കെ സി വേണുഗോപാല്‍ എത്തുമെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

കെ പി സി സി ജന.സെക്രട്ടറിമാരേയും വൈസ് പ്രസിഡന്റുമാരേയും നിശ്ചയിച്ചതില്‍ കടുത്ത എതിര്‍പ്പുമായി വി ഡി സതീശന്‍ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് കെ പി സി സി അധ്യക്ഷനുമായി വി ഡി സതീശന്‍ അകല്‍ച്ച പ്രഖ്യാപിച്ചത്. ഇരുപക്ഷവും സഹകരിക്കാന്‍ തയ്യറാവാതെ വന്നതോടെ കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നതകള്‍ രൂക്ഷമാവുകയായിരുന്നു.കെപിസിസിയുടെ പരിപാടികളും, കമ്മിറ്റികളും സതീശന്‍ ബഹിഷ്കരിക്കുകയായിരുന്നു കേരളത്തില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ യു ഡി എഫിനെ അധികാരത്തില്‍ എത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോവുമെന്ന് പ്രഖ്യാപിച്ച വി ഡി സതീശന്‍ നേതൃത്വവുമായി അകന്നു നില്‍ക്കുന്നത് തിരിച്ചടിക്ക് വഴിയൊരുക്കുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആരോപണം. നേരത്തെ മുന്‍ കെ പി സി സി അധ്യക്ഷനായിരുന്ന കെ സുധാകരനുമായി നിരന്തരം പോരാടിയിരുന്ന വി ഡി സതീശന്‍. 

കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ തയ്യാറാവാതിരുന്ന കെ സുധകരനെ എ ഐ സി സി നിര്‍ബന്ധപൂര്‍വം മാറ്റുകയായിരുന്നു. കെ പി സി സി പുനസംഘടന നടത്തി പാര്‍ട്ടിയില്‍ ഐക്യമുണ്ടാക്കുന്നതിന്റെ ഭാഗമായാണ് കെ സുധാകരനെ അധ്യക്ഷസ്ഥാനത്തുനിന്നും മാറ്റിയത്. ഡി സി തലംമുതല്‍ പുനസംഘടനയായിരുന്നു ഹൈക്കമാന്റ് നിര്‍ദേശമെങ്കിലും എന്നാല്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നത പരിഹരിക്കാന്‍ കഴിയാതെ വന്നതോടെ പുനസംഘനട അനന്തമായി നീളുകയായിരുന്നു. ഒടുവില്‍ കെ പി സി സി ഭാരവാഹികളുടെ ഒരു വലിയ പട്ടിക പ്രഖ്യാപിച്ച് പ്രതിസന്ധി പരിഹരിക്കാന്‍ നേതൃത്വം തയ്യാറായി. എന്നാല്‍ ജംബോ പട്ടിക അവതരിപ്പിച്ചിട്ടും വി ഡി സതീശന്‍ കെ പി സി സി നേതൃത്വത്തെ തള്ളുരയായിരുന്നു.ഇതോടെ പുതിയ അധ്യക്ഷനായ അഡ്വ സണ്ണി ജോസഫുമായും വി ഡി സതീശന്‍ ഐക്യമുണ്ടാക്കാന്‍ തയ്യാറല്ലെന്ന സന്ദേശമാണ് നല്‍കിയത്.

ഈജംബോ കമ്മിറ്റി കൂടാതെ കഴിഞ്ഞ ദിവസം ജംബോ കമ്മിറ്റി മുകളിലായി 17 അംഗ കോര്‍ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയാണ് കൺവീനർ. എ കെ ആന്റണി, കെ സി വേണുഗോപാല്‍ എന്നിവരെ കൂടാതെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് , ശശി തരൂര്‍ ‚കൊടിക്കുന്നില്‍സുരേഷ് , മുന്‍ കെപിസിസി പ്രസിഡന്റുമാരായ രമേശ് ചെന്നിത്തല, കെ സുധാകരൻ, കെ മുരളീധരൻ, വി എം സുധീരൻ, എംഎംഹസ്സൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍പ്രകാശ്, എപിഅനിൽ കുമാർ, പിസിവിഷ്ണുനാഥ്, ഷാഫി പറമ്പിൽ, ഷാനിമോൾ ഉസ്മാൻ എന്നിവര്‍ അംഗങ്ങളാണ്. കെപിസിസിയില്‍ പ്രസിഡന്റിനും 3 വർക്കിങ് പ്രസിഡന്റുമാർക്കും പുറമേ, ഈയിടെ നടത്തിയ പുനഃസംഘടനയിൽ 13 വൈസ് പ്രസിഡന്റുമാരെയും 59 ജനറൽ സെക്രട്ടറിമാരെയും നിയമിച്ചിരുന്നു.രാഷ്ട്രീയകാര്യസമിതി അംഗങ്ങളുടെ എണ്ണം 39 ആയി കൂട്ടുകയും ചെയ്തു. തെരഞ്ഞെടുപ്പുഘട്ടത്തിൽ തീരുമാനമെടുക്കാൻ കെപിസിസിയോ രാഷ്ട്രീയകാര്യസമിതിയോ വിളിക്കുക പ്രായോഗികമല്ലെന്ന വിലയിരുത്തലിലാണു കോർ കമ്മിറ്റിയെ ഏകോപനച്ചുമതല ഏൽപിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ കോര്‍കമ്മിറ്റിയില്‍ ഇടം കിട്ടാത്ത ഗ്രൂപ്പ് നേതാക്കളുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധം ശക്തമാക്കുനുള്ള പ്രവര്‍ത്തനങ്ങള്‍ അണിയറയില്‍ നടക്കുന്നതായി കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.