മോവര്‍ രാജകുടുംബത്തിന്റെ എഴുപത്തി ഏഴാമത് മഹാറാണിയായി ബിജെപി എം എല്‍എയും രാജകുടുംബാംഗവുമായ സിങിന്റെ കിരീടധാരണത്തിന് പിന്നാലെ ഉദയ്പൂര്‍ കൊട്ടാരത്തില്‍ സംഘര്‍ഷം. തിങ്കളാഴ്ച രാത്രിയോടെയാണ് ഉദയ്പുർ രാജകുടുംബത്തിൽ ആഭ്യന്തര കലഹം രൂക്ഷമായത്. വിശ്വരാജ് സിങിന്റെ അമ്മാവനായ ശ്രീജി അരവിന്ദ് സിങ് മേവാറിന്റെ നിയന്ത്രണത്തിലാണ് ട്രസ്റ്റിന്റെ കീഴിലുള്ള കൊട്ടാരം.
കിരീട ധാരണത്തിന് ശേഷം കൊട്ടാരത്തിലേക്ക് പ്രവേശിക്കാൻ എത്തിയ വിശ്വരാജ് സിങിന് അനുമതി നിഷേധിച്ചതോടെ ആഭ്യന്തരകലഹം തെരുവുയുദ്ധത്തിലേക്ക് നീങ്ങി. രാത്രി 10 മണിയോടെ വിശ്വരാജ് സിങ് എംഎൽഎയുടെ നേതൃത്വത്തിൽ എത്തിയ അനുയായികൾ കൊട്ടാരത്തിന് നേർക്ക് കല്ലെറിയുകയും കവാടങ്ങൾ തകർക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇതോടെയാണ് രാജുകുടുംബത്തിലെ കലഹം സംഘർഷത്തിൽ കലാശിച്ചത്.
എതിർ വിഭാഗത്തിൽപ്പെട്ടവർ കൊട്ടാരത്തിനുള്ളിൽനിന്നു മറുവിഭാഗത്തെയും ആക്രമിച്ചു. കല്ലേറിൽ മൂന്നു പേർക്ക് പരിക്കേറ്റിട്ടുണ്ട്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് ലാത്തിചാർജ് നടത്തി. വിശ്വരാജ് സിങിന്റെ പിതാവ് മഹേന്ദ്ര സിങ് മരിച്ചതിന് പിന്നാലെയാണ് പുതിയ അവകാശിയെ പ്രഖ്യാപിച്ചത്. ചരിത്രപ്രസിദ്ധമായ ചിത്തോർഗഡ് കോട്ടയിൽ നടന്ന പരമ്പരാഗത കിരീടധാരണ ചടങ്ങിൽ, വിശ്വരാജിന്റെ ഭാര്യയും രാജ്സമന്ദിൽ നിന്നുള്ള ബിജെപി എംപിയുമായ മഹിമ കുമാരിയാണ് വിശ്വരാജിനെ രാജവംശത്തിന്റെ അടുത്ത അവകാശിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കിരീടധാരണത്തിനു ശേഷം, ഉദയ്പുരിലെ മേവാർ കൊട്ടാരത്തിനുള്ളിലെ ധൂനി മാതാ ക്ഷേത്രത്തിലും നഗരത്തിന് പുറത്തുള്ള എക്ലിങ് ശിവക്ഷേത്രത്തിലും ദർശനം നടത്താൻ വിശ്വരാജ് സിങ് തീരുമാനിച്ചിരുന്നു. എന്നാൽ രണ്ടു ക്ഷേത്രങ്ങളും ട്രസ്റ്റിന്റെ കീഴിലുള്ളതിനാൽ അദ്ദേഹത്തിന് ഉദയ്പുർ കൊട്ടാരത്തിലേക്ക് പ്രവേശനം നിഷേധിക്കുകയായിരുന്നു.
ഇതിനു പിന്നാലെയാണ് രോഷാകുലരായ അദ്ദേഹത്തിന്റെ അനുയായികൾ ബാരിക്കേഡുകൾ തകർത്ത് കൊട്ടാരത്തിന്റെ ഗേറ്റ് തകർത്ത് അകത്തുകടക്കാൻ ശ്രമിച്ചത്. അതേസമയം, ട്രസ്റ്റിന്റെ കീഴിലുള്ള കൊട്ടാരത്തിലേക്ക് അതിക്രമിച്ച് കടക്കുന്നതും ട്രസ്റ്റ് സ്വത്തുക്കൾക്ക് നശിപ്പിക്കുകയും ചെയ്യുന്നത് അനുവദിക്കാനാകില്ലെന്നും ആരെയും ട്രസ്റ്റിന്റെ കീഴിലുള്ള കൊട്ടാരത്തിലേക്ക് അനുമതിയില്ലാതെ പ്രവേശിപ്പിക്കില്ലെന്നും മഹാറാണ മേവാർ ചാരിറ്റബിൾ ട്രസ്റ്റ് അറിയിച്ചു. ഇതു സംബന്ധിച്ച അറിയിപ്പ് രാവിലെ ഉദയ്പുരിലുള്ള പ്രാദേശിക പത്രങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1984ലാണ് മേവാറിലെ മുൻ മഹാറാണാ ഭഗവത് സിങ്, തന്റെ ഇളയ മകൻ അരവിന്ദ് സിങ്ങിനെ ട്രസ്റ്റുകളുടെ ഡയറക്ടറാക്കിയത്. മൂത്തമകൻ മഹേന്ദ്ര സിങിനെ രാജകീയ അവകാശങ്ങളിൽനിന്ന് ഒഴിവാക്കുന്നതിനായിരുന്നു ഈ നീക്കം. ഇതിനു പിന്നാലെയാണ് ഇരുവിഭാഗങ്ങളായി തിരിഞ്ഞ് രാജകുടുംബത്തിൽ തർക്കം ഉടലെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.