26 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

November 26, 2024
November 26, 2024
November 26, 2024
November 26, 2024
November 25, 2024
November 25, 2024
November 25, 2024
November 25, 2024
November 25, 2024
November 24, 2024

ബിജെപി നേതാവിന്റെ പട്ടാഭിഷേകം; അംഗീകരിക്കാതെ രാജകുടുംബം

Janayugom Webdesk
ഉദ‌യ്പൂര്‍
November 26, 2024 10:28 pm

മേവാറിന്റെ മഹാരാജാവായി ബിജെപി എംഎല്‍എ വിശ്വരാജ് സിങ് മേവാറിന്റെ സ്ഥാനാരോഹണം അംഗീകരിക്കാതെ ഒരു വിഭാഗം കുടുംബാംഗങ്ങള്‍. തര്‍ക്കം ഉദ‌യ്പൂര്‍ കൊട്ടാരത്തിന് മുന്നില്‍ വന്‍ സംഘര്‍ഷത്തിന് കാരണമായി. കൊട്ടാര സന്ദര്‍ശനത്തിനും അതിനകത്തെ ഏകലിംഗ്‌നാഥ് ക്ഷേത്രദര്‍ശനത്തിനും എത്തിയ വിശ്വരാജ് സിങ്ങിനെ ഒരു വിഭാഗം തടയുകയായിരുന്നു.
ബിജെപി മുന്‍ എംപിയും മേവാറിന്റെ മഹാറാണയുമായ മഹേന്ദ്ര സിങ്ങിന്റെ മരണത്തെ തുടര്‍ന്നാണ് ദിവസങ്ങള്‍ക്ക് മുമ്പ് വിശ്വരാജ് സിങ് മേവാര്‍ മഹാറാണയായി സ്ഥാനാരോഹണം ചെയ്തത്. ഉദയ്പൂരിലെ ശ്രീഎക്‌ലിംഗ്ജി ട്രസ്റ്റിന്റെ ചെയര്‍മാനും മാനേജിങ് ട്രസ്റ്റിയുമായ അരവിന്ദ് സിങ്ങിന്റെ നിയന്ത്രണത്തിലാണ് ക്ഷേത്രവും കൊട്ടാരവും. അരവിന്ദ് സിങ് മേവാര്‍ വിശ്വരാജ് സിങിന് പ്രവേശനം നിഷേധിച്ചതോടെ കൊട്ടാരത്തിന് മുന്നില്‍ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. 

വിശ്വരാജ് സിങ് സിറ്റി പാലസ് മാനേജിങ് ട്രസ്റ്റ് അംഗമല്ലെന്നും സുരക്ഷാ കാരണങ്ങളാല്‍ അനധികൃത വ്യക്തികളെ കൊട്ടാരം മ്യൂസിയത്തിലേക്ക് പ്രവേശിപ്പിക്കില്ലെന്നും നേരത്തെ അരവിന്ദ് സിങ് മേവാര്‍ വ്യക്തമാക്കിയിരുന്നു. ക്രമസമാധാന പ്രശ്നം മുന്‍കൂട്ടി കണ്ട് ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും സിറ്റി പാലസിന്റെ പുറത്തും സമീപ പ്രദേശങ്ങളിലും കനത്ത പൊലീസ് സന്നാഹത്തെ വിന്യസിക്കുകയും ചെയ്തിരുന്നു. സിറ്റി പാലസിന് മുന്നില്‍വച്ച് വിശ്വരാജ് സിങ്ങിനെയും അനുയായികളെയും തടഞ്ഞു. ഇതോടെ പൊലീസിന് നേരെ കല്ലെറിയുകയും കൊട്ടാരത്തിന് നേരെ ആക്രമണം നടത്തുകയും ചെയ്തു. 

കൊട്ടാരത്തിനകത്ത് തമ്പടിച്ച അരവിന്ദ് സിങ്ങിന്റെ അനുയായികള്‍ എതിര്‍പക്ഷത്തിനെതിരെയും കല്ലെറിഞ്ഞു. സംഘര്‍ഷത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ഉദയ‌്പൂര്‍ ജില്ലാ മജിസ്ട്രേറ്റ് അരവിന്ദ് പോസ്വാളും എസ‌്പി യോഗേഷ് ഗോയലും വിശ്വരാജ് സിങ്ങിനോടും അനുയായികളോടും സംസാരിച്ച് പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചു. അരവിന്ദ് സിങ്ങിന്റെ മകനുമായും ഉദ്യോഗസ്ഥര്‍ സംസാരിച്ചിരുന്നു. അതേസമയം രാജകീയ ആചാരങ്ങള്‍ തടയുന്നത് അന്യായമാണെന്നും ട്രസ്റ്റിന്റെ നടപടികള്‍ തീര്‍ത്തും തെറ്റാണെന്നും വിശ്വരാജ് സിങ് മേവാര്‍ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.