ആധുനിക കാലഘട്ടത്തില്‍ തൊഴില്‍മേഖലയില്‍ സ്ത്രീകളുടെ സാന്നിധ്യം അതിവേഗം കുതിച്ചുയര്‍ന്നുവരുകയാണ്. ഉയര്‍ന്ന ബിരുദവും മെച്ചപ്പെട്ട പ്രതിഫലവും മറ്റാനുകൂല്യങ്ങളും പുരുഷജീവനക്കാരോടൊപ്പം തന്നെ വനിതകള്‍ക്കും ലഭ്യമാകുന്ന സ്ഥിതിവിശേഷവുമാണുള്ളത്. ആഗോളതലത്തില്‍ പ്രതിദിനം കൂടുതല്‍ സമയം പണിയെടുക്കുന്നത് പുരുഷന്മാരെക്കാള്‍ സ്ത്രീ പ്രൊഫഷണലുകളാണെന്നതും ഒരു വസ്തുതയാണ്. ഇന്ത്യയിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഇവിടെ ഉന്നത ബിരുദധാരികളായ വനിതകള്‍ പണിയെടുക്കുന്നത് പ്രതിവാരം 55 മണിക്കൂറുകള്‍ വരെയാണത്രെ.
വനിതാ ജീവനക്കാരുടെ അധ്വാനഭാരം പ്രൊഫഷണല്‍ മേഖലയിലേതടക്കം ഇപ്പോള്‍ ചര്‍ച്ചാവിഷയമാക്കിയത് മലയാളിയായ അന്നാ സെബാസ്റ്റ്യന്‍ പേരയില്‍ എന്ന 26കാരി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടിന്റെ മരണമാണ്. അന്നയുടെ മാതാവിന്റെ ഒരു കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഏണസ്റ്റ് ആന്റ് യങ് (ഇവൈ) എന്ന ആഗോളസ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന തന്റെ മകളുടെ അകാല നിര്യാണത്തിനിടയാക്കിയത് അമിത അധ്വാനഭാരം ഏല്പിച്ച ആഘാതമാണെന്നായിരുന്നു. ഈ ദുരന്തം ഒരു ഒറ്റപ്പെട്ട സംഭവമായിരിക്കാനിടയില്ല. പല ദുരന്തങ്ങളും രാജ്യത്തിന്റെ മറ്റിടങ്ങളിലും സംഭവിച്ചിട്ടുണ്ടെങ്കിലും അതൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയതാകാം. അന്നയുടെ മരണത്തിനുശേഷം മാതാവ് അനിതാ അഗസ്റ്റിനും പിതാവ് അഗസ്റ്റിനും മാധ്യമങ്ങളെ അറിയിച്ചത്, അന്നയുടെമേല്‍ പല ദിവസങ്ങളിലും രാത്രികാലം വരെയും ചിലപ്പോള്‍ നേരം വെളുക്കുവോളവും കഠിനമായ അധ്വാനം ഇവൈ അധികൃതര്‍ അടിച്ചേല്പിക്കുമായിരുന്നു എന്നാണ്. ഇത് വളരെ ആസൂത്രിതമായി നടന്നുവരുന്നതാണെന്നും ഇതിന്റെ മാനങ്ങള്‍ മാനേജര്‍മാരിലും സൂപ്പര്‍വൈസര്‍മാരിലും മാത്രം ഒതുക്കിനിര്‍ത്തി പരിശോധിക്കപ്പെടേണ്ടതല്ലെന്നും ജുഡീഷ്യല്‍ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ സമഗ്രവും കര്‍ശനവുമായ അന്വേഷണം വേണമെന്നുമാണ് സൂചിപ്പിക്കുന്നത്.
കോര്‍പറേറ്റ് മേഖലയുടെ ഇത്തരം ചൂഷണസംസ്കാരം വികസനഭ്രാന്തിന്റെ പേരില്‍ വച്ചുപൊറുപ്പിക്കാന്‍ അനുവദിച്ചുകൂടാ. താങ്ങാനാവുന്ന അധ്വാനഭാരവും വികസന പരിപ്രേക്ഷ്യത്തിനനുയോജ്യമായ പരിസ്ഥിതിയും നയസമീപനവും ഉള്‍ക്കൊള്ളുന്ന പുതിയൊരു ചരിത്രം നിലവില്‍ വരേണ്ടത് അനിവാര്യമാണ്.
അന്നയുടെ മാതാവ് അനിത അഗസ്റ്റിന്റെ കത്ത് സമൂഹമാധ്യമങ്ങളിലടക്കം വൈറലായതോടെ അതുവരെ നിശബ്ദതപാലിച്ചിരുന്ന ഏണസ്റ്റ് ആന്റ് യങ് ഇന്ത്യ എന്ന കോര്‍പറേറ്റ് വമ്പന്റെ ചെയര്‍മാന്‍ രാജീവ് മേമാനി, അന്നയുടെ സംസ്കരച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദം പ്രകടിപ്പിക്കുകയും ജീവനക്കാരുടെ ക്ഷേമകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്ന് അവരെ വാക്കാല്‍ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യന്‍ ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം ഇതുമാത്രം മതിയാകുമോ? പ്രശ്നം ഒരു അന്നയുടേത് മാത്രമല്ല, രാജ്യത്താകമാനമുള്ള മുഴുവന് വനിതാ ജീവനക്കാരുടേതുമാണ്.
പുരുഷാധിപത്യം നിലവിലിരിക്കുന്ന ദേശീയ സ്വകാര്യ കോര്‍പറേറ്റ് മേഖലാസ്ഥാപനങ്ങളിലും അന്നമാര്‍ നിരവധിയുണ്ടായിരുന്നിരിക്കാം. രാജ്യത്തെ സിനിമാ വ്യവസായത്തില്‍ നടികളും മറ്റു ജീവനക്കാരും നേരിടുന്ന വിവിധതരം ചൂഷണത്തിന്റെയും അധിക ജോലിഭാരത്തിന്റെയും കദനകഥകള്‍ ഒന്നൊന്നായി കേരളത്തിലെ ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകളെ തുടര്‍ന്ന് വെളിച്ചത്ത് വന്നുകൊണ്ടിരിക്കുകയാണല്ലോ. ജോലി സമ്മര്‍ദവും മേലുദ്യോഗസ്ഥരുടെ പീഡനവും മൂലം ബജാജ് ഫിനാന്‍സ് എന്ന സ്വകാര്യ കോര്‍പറേറ്റ് സ്ഥാപനത്തിലെ ഏരിയാ മാനേജരായിരുന്ന തരുണ്‍ സക്സേന ആത്മഹത്യ ചെയ്തിരിക്കുന്നു. തുടര്‍ച്ചയായ അധ്വാനത്തെ തുടര്‍ന്ന് 45 ദിവസമായി ഉറങ്ങാന്‍ കഴിഞ്ഞില്ലെന്നും പിരിച്ചുവിടല്‍ ഭീഷണിയെ ഭയന്ന് താന്‍ ജീവനൊടുക്കുകയാണെന്നാണ് അഞ്ച് പേജുള്ള ആത്മഹത്യാക്കുറിപ്പില്‍ ഇയാള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
തൊഴിലെടുക്കുന്നവര്‍ എത്രയ്ക്ക് പ്രായം കുറഞ്ഞവരാകുന്നോ അതനുസരിച്ച് ഊണും ഉറക്കവും വിശ്രമവുമില്ലാതെ കഴിഞ്ഞുകൂടാന്‍ നിര്‍ബന്ധിതരാക്കപ്പെടുന്നു. 2023ലെ കണക്കനുസരിച്ച് ഐടിയിലും അനുബന്ധമേഖലകളിലും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്, മാധ്യമ മേഖലകളില്‍ പ്രതിവാരം ചുരുങ്ങിയത് 56.5 മണിക്കൂറുകള്‍ കഠിനാധ്വാനം ചെയ്യേണ്ടിവരുന്നു. അധ്വാനകാലയളവ് പഞ്ചദിനവാരമാണെങ്കില്‍ പ്രതിദിനം 11 മണിക്കൂറുകള്‍ വീതം ജീവനക്കാര്‍ തൊഴിലെടുക്കേണ്ടിവരുന്നു. ആറുദിവസമാണെങ്കില്‍ പ്രതിദിന അധ്വാനസമയം ഒമ്പത് മണിക്കൂര്‍ ആയിരിക്കും. ഇതില്‍ത്തന്നെ വനിതാ ജീവനക്കാരുടേത് പ്രതിവാരം 53.2 മണിക്കൂറുകള്‍ എന്ന തോതിലായിരിക്കും. ഐടി മാധ്യമ മേഖലകളില്‍ 15–24 പ്രായപരിധിയിലുള്ള വനിതകള്‍ പ്രതിവാരം അധ്വാനിക്കുന്നത് 57 മണിക്കൂറുകളായിരിക്കും. ഇതേ പ്രായപരിധിയില്‍ പെടുന്ന മറ്റു പ്രൊഫഷണല്‍ — സാങ്കേതിക — ശാസ്ത്ര മേഖലയിലുള്ളവര്‍ക്കുള്ള പ്രതിവാര അധ്വാനഭാരം 53 മണിക്കൂറുകളായിരിക്കും.
ആഗോളതലത്തില്‍ നോക്കിയാല്‍ വിവിധ പ്രൊഫഷണല്‍ — സാങ്കേതിക മേഖലകളില്‍ ഏറ്റവും ഉയര്‍ന്ന ജോലിഭാരം ഇന്ത്യയിലായിരിക്കും. ധാര്‍മ്മികതയുടെയും ഉയര്‍ന്ന മൂല്യങ്ങളുടെയും സൂക്ഷിപ്പുകാരായി അധികാരത്തിലിരിക്കുന്ന കേന്ദ്രം മോഡി ഭരണകൂടവും പുരോഗമനാശയങ്ങള്‍ മുറുകെപ്പിടിക്കുന്നവരെന്ന് അവകാശപ്പെടുന്ന ഇന്ത്യ സഖ്യകക്ഷികളുടെ സംസ്ഥാന ഭരണകൂടങ്ങളും ഇതിനെതിരെ ഒരക്ഷരം ഉരിയാടാത്തതാണ് അത്ഭുതകരമായി തോന്നുന്നത്. ഇന്ത്യയടക്കമുള്ള ‘ബ്രിക്സ്’ രാജ്യങ്ങളിലെല്ലാം വനിതാ ജീവനക്കാരുടെ തൊഴിലിടങ്ങളിലെ പൊതുസ്ഥിതി ഇതുതന്നെയാണെന്ന് പഠനങ്ങള്‍ വെളിവാക്കുന്നു. മാത്രമല്ല, ഐടി — മാധ്യമമേഖലകളില്‍ വനിതാ പ്രൊഫഷണലുകള്‍ അഭിമുഖീകരിക്കുന്നത് ഏറ്റവും ഉയര്‍ന്ന തോതിലുള്ള ചൂഷണമാണ്. ജര്‍മ്മനിയില്‍ വനിതാ പ്രൊഫഷണലുകളുടെ അധ്വാനസമയം പ്രതിവാരം 32 മണിക്കൂറാണെങ്കില്‍ റഷ്യയിലേത് 40 മണിക്കൂറാണ്.
ഇന്ത്യയില്‍ കൂടുതല്‍ സമയം പണിയെടുക്കാന്‍ നിര്‍ബന്ധിതരാകുന്നു എന്നതിന് പുറമെ, തൊഴിലിടങ്ങളില്‍ ആധിപത്യം പുലര്‍ത്തുന്നത് പുരുഷന്മാരാണെന്ന പ്രത്യേകത കൂടിയുണ്ട്. ശാസ്ത്ര‑സാങ്കേതിക പ്രൊഫഷണല്‍ മേഖലയില്‍ പണിയെടുക്കുന്നവരില്‍ വനിതകള്‍ 8.5 ശതമാനമാണെങ്കില്‍, ഐടി-കമ്മ്യൂണിക്കേഷന്‍ മേഖലകളില്‍ 20 ശതമാനം മാത്രമേ വനിതകള്‍ക്ക് ഇടമുള്ളു. മൊത്തം 145 ലോകരാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയുടെ വനിതാ പങ്കാളിത്തം 8.5 ശതമാനം എന്നത് താഴെ നിന്നും 15-ാം സ്ഥാനത്താണുള്ളതെന്ന് കാണിക്കുന്നു.
പ്രൊഫഷണല്‍ മേഖലയില്‍ പണിയെടുക്കുന്നവര്‍ മാത്രമല്ല, മാനസികവും ശാരീരികവുമായ സമ്മര്‍ദങ്ങള്‍ക്ക് വിധേയമാക്കപ്പെടുന്നത്. ലേബര്‍ഫോഴ്സ് എന്ന വിഭാഗത്തില്‍ ഉള്‍പ്പെടാത്തവരായി ആയിരക്കണക്കിന് ഗാര്‍ഹിക മേഖലാ ജീവനക്കാരുമുണ്ട് സമൂഹത്തില്‍. ഇക്കൂട്ടത്തില്‍ കുടുംബിനികളെക്കൂടി ഉള്‍പ്പെടുത്തേണ്ടതുണ്ട്. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അധ്വാനിത്തിനാനുപാതികമായ വേതനമോ മറ്റാനുകൂല്യങ്ങളോ ലഭിക്കുന്നില്ലെന്നത് അംഗീകരിക്കാന്‍ അധികാരിവര്‍ഗമോ സമൂഹം പോലുമോ ഇനിയും തയ്യാറായിട്ടില്ല. ഈ വിഭാഗം തൊഴിലാളികള്‍ പ്രതിദിനം ശരാശരി 7.5 മണിക്കൂറുകളാണ് പണിയെടുക്കുന്നതെങ്കില്‍ സ്ഥിരം തൊഴിലിലേര്‍പ്പെട്ടിരിക്കുന്ന വനിതകളുടെ അധ്വാനഭാരം ശരാശരി പ്രതിദിനം 5.8 മണിക്കൂറുകള്‍ എന്ന വിധമാണ്.
പ്രൊഫഷണല്‍ മേഖലയിലെ വനിതകളുടെ പ്രതിദിന ജോലിഭാരം 9–11 മണിക്കൂറുകളാണെന്നും നാം പരിശോധിച്ചതാണല്ലോ. ഇത്തരം കണക്കുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ നമുക്കെത്തിച്ചേരാനാകുന്ന നിഗമനം, പണിയെടുക്കുന്ന വനിതകള്‍, ഏതു മേഖലയിലായാലും മിനിമം വിശ്രമമില്ലാത്ത അധ്വാനമാണ് ചെയ്തുവരുന്നത്. ഏഴ് മുതല്‍ 10 മണിക്കൂറുകള്‍ വരെ മാത്രമാണ് വിശ്രമത്തിനായി കിട്ടുക എന്നര്‍ത്ഥം. തൊഴില്‍മേഖലയിലെ വനിതകളുടെ അധ്വാനവുമായി ബന്ധപ്പെട്ട് കാണാന്‍ കഴിയുന്ന മറ്റൊരു പ്രതിഭാസം, ഒരു പണിയുമില്ലാത്ത വനിതകള്‍, കുടുംബകാര്യങ്ങള്‍ക്കായി ചെലവാക്കുന്നത് പ്രതിദിനം 3.5 മണിക്കൂറുകള്‍ മാത്രമാണെങ്കില്‍ ഏതെങ്കിലും തൊഴില്‍ മേഖലയില്‍ അധ്വാനിക്കുന്ന വനിതകള്‍ ഇതേ ആവശ്യങ്ങള്‍ക്കായി അധ്വാനിക്കുന്നത് പ്രതിദിനം 5.8 മണിക്കൂറുകള്‍ വരെ വരുമെന്നാണ്. പുരുഷ തൊഴിലാളികളുടേതാണെങ്കില്‍ അവര്‍ക്ക് സ്ഥിരം പണിയുണ്ടെങ്കിലും ഇല്ലെങ്കിലും വീട്ടുമേഖലകള്‍ക്കായി നീക്കിവയ്ക്കുന്നത് മൂന്നു മണിക്കൂറില്‍ താഴെയുള്ള പ്രതിദിന അധ്വാനസമയവുമായിരിക്കും. ഇവിടെയും അധിക അധ്വാനഭാരം വനിതകള്‍ക്കുമേല്‍ തന്നെയാണെന്ന് വ്യക്തമാകുന്നു.
വനിതകളുടെ അധ്വാനസമയനിര്‍ണയത്തില്‍ പ്രധാനപങ്കുവഹിക്കുന്നൊരു ഘടകം അവര്‍ വിവാഹിതരാണോ അല്ലയോ എന്നതാണ്. വിവാഹിതരായ വനിതകള്‍ അവര്‍ക്ക് സ്ഥിരം തൊഴിലുണ്ടെങ്കിലും ഇല്ലെങ്കിലും ശരാശരി എട്ട് മണിക്കൂറുകള്‍ വരെ കൂലിയില്ലാതെ പണിയെടുക്കുന്നവരായിരിക്കും. അവിവാഹിതരായ വനിതകളുടെ അധ്വാനസമയത്തിന്റെ ഇരട്ടിവരുമിത്. അതേസമയം വിവാഹിതരായ പുരുഷന്മാര്‍ കൂലിവാങ്ങാതെ പ്രതിദിനം വീട്ടുവേലയ്ക്കായി നീക്കിവയ്ക്കുക 2.8 മണിക്കൂറുകളായിരിക്കും. അവിവാഹിതരായ പുരുഷന്മാരുടെ അധ്വാനഭാരം പ്രതിദിനം 3.1 മണിക്കൂറുകളില്‍ ഒതുങ്ങുന്നു. വിചിത്രവും വൈവിധ്യമാര്‍ന്നതുമായ മാതൃകകളാണ് വനിതകളുടെയും പുരുഷന്മാരുടെയും തൊഴില്‍ ചെയ്യുന്നതിനോടുള്ള സമീപനത്തില്‍ കാണുന്നത്.
പുരുഷന്മാരെക്കാള്‍ കൂടുതല്‍ ജോലിഭാരം ഏറ്റെടുക്കാന്‍ തയ്യാറാവുക സ്ത്രീകളാണ്. മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും 85 ശതമാനത്തോളം വനിതകളാണ് കൂലിയില്ലാതെ വീട്ടുജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പുരുഷന്മാരുടേത് പൊതുവില്‍ 50 ശതമാനത്തില്‍ താഴെയാണ്. ഹരിയാന, രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ വീട്ടുജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പുരുഷന്മാര്‍ 20 ശതമാനത്തില്‍ കുറവാണ്. വിദഗ്ധാഭിപ്രായം ഈ പ്രതിഭാസവുമായി ബന്ധപ്പെട്ട് ലഭ്യമല്ലെങ്കിലും, ന്യായമായും ഊഹിക്കാന്‍ കഴിയുക ഈ സംസ്ഥാനങ്ങളെല്ലാം കാര്‍ഷിക മേഖലാ പ്രധാനമാണെന്നതിനാല്‍ പുരുഷന്മാര്‍ ഏറെയും കാര്‍ഷികവൃത്തിയിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.