17 March 2025, Monday
KSFE Galaxy Chits Banner 2

എൻപിഎഫ്എഎം എന്ന കോർപറേറ്റ് നയം

കർഷകവഞ്ചന; ഫെഡറൽ നിഷേധം — 2
കെ വി വസന്തകുമാർ
കിസാന്‍സഭ സംസ്ഥാന പ്രസിഡന്റ്
February 5, 2025 4:36 am

രാജ്യത്തെ കൃഷിയോഗ്യമായ ഭൂമിയുടെ 50 ശതമാനം ജലസേചനത്തിനായി മഴയെ ആശ്രയിക്കുന്നു. ഉയരുന്ന താപനില, ക്രമരഹിതമായ മൺസൂൺ, അതിരൂക്ഷമായ കാലാവസ്ഥാ വ്യതിയാന പ്രശ്നങ്ങള്‍, വെള്ളപ്പൊക്കം, വരൾച്ച, ചുഴലിക്കാറ്റുകൾ എന്നിവ ഉല്പാദനക്ഷമതയെ ബാധിക്കുന്നു. എന്നിട്ടും, കോർപറേറ്റ് നേതൃത്വത്തിലുള്ള കൃഷി മാതൃകകളിൽ മാത്രമാണ് നയം ശ്രദ്ധിക്കുന്നത്. വലിയ തോതിലുള്ള മോണോക്രോപ്പിങ്, മണ്ണിന്റെ ഫലഭൂയിഷ്ഠത ഇല്ലാതാക്കും. ജൈവവൈവിധ്യം കുറയ്ക്കുകയും രാസവളങ്ങളെയും കീടനാശിനികളെയും ആശ്രയിക്കുന്നത് വർധിപ്പിക്കുകയും ചെയ്യും.
ഹരിതവിപ്ലവത്തിന്റെ പാഠങ്ങൾ ഇവിടെ പ്രസക്തമാണ്. അത് ഉല്പാദനക്ഷമത വർധിപ്പിക്കുന്നതിൽ വിജയിച്ചെങ്കിലും, കാർഷിക രീതികൾ പാരിസ്ഥിതിക നാശത്തിന്റെ മാര്‍ഗം അവശേഷിപ്പിച്ചു. പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങൾ നെല്ല് പോലെ, ജല ഉപഭോഗം കൂടുതലുള്ള വിളകളിലേക്ക് മാറിയതിനാല്‍ ഭൂഗർഭജല ശോഷണവും മണ്ണിന്റെ ലവണാംശവും അപകടകരമായ സ്ഥിതിയിലാണ്. വ്യാവസായിക രീതികൾക്ക് മുൻഗണന നൽകുന്നതിലൂടെ സമാനമായ അവസ്ഥ ആവർത്തിക്കാൻ സാധ്യതയുണ്ട്. 100 ശതമാനം ജൈവകൃഷി കൈവരിച്ച സിക്കിമും വികേന്ദ്രീകൃത കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുന്ന കേരളവും പോലുള്ള സംസ്ഥാനങ്ങൾ, സുസ്ഥിര കൃഷി പ്രായോഗികവും അനിവാര്യവുമാണെന്ന് തെളിയിക്കുന്നു. കരട് നയം അത്തരം സംരംഭങ്ങളെ തുരങ്കം വയ്ക്കുന്നു. പകരം ലാഭക്ഷമതയാൽ മാത്രം നയിക്കപ്പെടുന്ന കോർപറേറ്റ് സമീപനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 

ഒരു കാർഷിക സമ്പദ്‌വ്യവസ്ഥയാണെന്ന് സ്വയം അഭിമാനിക്കുന്ന രാജ്യത്തിന്, ഈ അപകടസാധ്യതകൾ അവഗണിക്കാനാവില്ല. വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ പ്രതിഷേധം, അവയുടെ റദ്ദാക്കലിൽ കലാശിച്ചത്, ഇന്ത്യയുടെ സമീപകാല ചരിത്രത്തിലെ നിർണായക നിമിഷമാണ്. വിവിധ സാമൂഹിക ഗ്രൂപ്പുകളിലുടനീളം കൂട്ടായ്മകൾ കെട്ടിപ്പടുക്കാനുള്ള ഉൾക്കൊള്ളലും കഴിവുമാണ് അതിന്റെ വിജയത്തിന് അടിത്തറയിട്ടത്. അഗ്രികൾച്ചറൽ മാർക്കറ്റുകൾക്കായുള്ള ദേശീയ നയത്തിന്റെ കരടിനെതിരെ വിശാല സഖ്യങ്ങൾ കെട്ടിപ്പടുക്കുന്നതിനുള്ള സമാനമായ തന്ത്രം നിർണായകമാണ്. കാർഷിക മേഖല ഒറ്റപ്പെട്ട് പ്രവർത്തിക്കുന്നതല്ല; തൊഴിൽ, പരിസ്ഥിതി, ഉപഭോക്തൃ താല്പര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. കാർഷിക വിതരണ ശൃംഖലയെ ഉപജീവനത്തിനായി ആശ്രയിക്കുന്ന ദശലക്ഷക്കണക്കിന് തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന തൊഴിലാളി യൂണിയനുകൾക്ക്, കോർപറേറ്റ് പ്രേരിതമായ ചട്ടക്കൂടിനെ ചെറുക്കുന്നതിൽ താല്പര്യമുണ്ടാകണം. ഗ്രാമീണ ഇന്ത്യയിലെ തൊഴിലിലും വേതന സ്ഥിരതയിലും ഉണ്ടാക്കിയേക്കാവുന്ന പ്രതികൂല ഫലങ്ങൾ ഉയർത്തിക്കാട്ടി ഈ യൂണിയനുകളെ അണിനിരത്തണം. 

പരിസ്ഥിതി സംഘടനകളും സമരത്തിൽ നിർണായക സഖ്യകക്ഷികളായിരിക്കണം. മണ്ണിന്റെ ശോഷണം, ജലക്ഷാമം, കാലാവസ്ഥാ വ്യതിയാനം എന്നിവയ്ക്ക് കാരണമാകുന്ന വിഭവാധിഷ്ഠിത കൃഷിക്കെതിരായ ശാസ്ത്രീയ യുക്തി ഈ ഗ്രൂപ്പുകൾക്ക് നൽകാൻ കഴിയും. കർഷകരുമായി യോജിച്ചുകൊണ്ട്, ലാഭാധിഷ്ഠിത ചൂഷണത്തെക്കാൾ പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്ക് കൃഷി മുൻഗണന നൽകണമെന്ന സന്ദേശം പരിസ്ഥിതി സംഘടനകൾ നല്‍കണം. ഏകീകൃത ചട്ടക്കൂടിലൂടെ കാർഷിക വിപണികളെ കേന്ദ്രീകരിക്കാനുള്ള ശ്രമം സംസ്ഥാനങ്ങളുടെ സ്വയംഭരണത്തിന് നേരിട്ടുള്ള വെല്ലുവിളി ഉയർത്തുന്നതിനാൽ, ഈ നയത്തെ ചെറുക്കുന്നതിൽ സംസ്ഥാന സർക്കാരുകൾക്ക് നിർണായക പങ്കുണ്ട്. സംസ്ഥാനതല സംരംഭങ്ങൾ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം കർഷകരുടെ താല്പര്യങ്ങൾ എങ്ങനെ സംരക്ഷിക്കും എന്നതിന്റെ ഉജ്വലമായ ഉദാഹരണമാണ് കേരളത്തിലെ വികേന്ദ്രീകൃത സംഭരണ സമ്പ്രദായം നൽകുന്നത്. കാർഷികോല്പന്നങ്ങൾ ന്യായവിലയ്ക്ക് നേരിട്ട് വാങ്ങുകയും കാര്യക്ഷമമായ പൊതുവിതരണ സംവിധാനം വഴി വിതരണം ചെയ്യുകയും ചെയ്തുകൊണ്ട് കേരളം കർഷകരെ പിന്തുണയ്ക്കുക മാത്രമല്ല, സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങൾക്ക് താങ്ങാനാവുന്ന ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കുകയും ചെയ്തു. എൻപിഎഫ്എഎമ്മിന്റെ സ്വകാര്യവൽക്കരണ കേന്ദ്രീകൃത ചട്ടക്കൂടില്‍ നിന്ന് ഈ മാതൃക തികച്ചും വ്യത്യസ്തമാണ്. തങ്ങളുടെ സ്വയംഭരണാവകാശം ഇല്ലാതാക്കാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമങ്ങളെ വെല്ലുവിളിക്കാൻ പുരോഗമന സംസ്ഥാന സർക്കാരുകൾ ഒന്നിക്കണം. 

നിയമപരമായ അവകാശമെന്ന നിലയിൽ മിനിമം താങ്ങുവില എന്ന ആവശ്യം കർഷകരുടെ സമരത്തിന്റെ ആണിക്കല്ലായി തുടരുന്നു. എംഎസ്‌പി എന്നത് ഒരു വില സംവിധാനം മാത്രമല്ല, ഇന്ത്യയുടെ കാർഷിക മേഖലയിൽ സാമ്പത്തിക നീതിയും സുസ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള ഒരു സുപ്രധാന ഉപകരണമാണിത്. ഇത് കർഷകർക്ക് അസ്ഥിരമായ വിപണി സാഹചര്യങ്ങൾക്കും കൊള്ളയടിക്കുന്ന വിലനിർണയ രീതികൾക്കും എതിരെ ഒരു സുരക്ഷാവല നൽകുന്നു. സംഭരണത്തിൽ സർക്കാർ ഇടപെടൽ ഇല്ലെങ്കിൽ, ദശലക്ഷക്കണക്കിന് നിരാലംബരായ കുടുംബങ്ങൾക്ക് സബ്സിഡി നിരക്കിലുള്ള ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത കുറയും, ഇത് രാജ്യത്ത് പട്ടിണിയും പോഷകാഹാരക്കുറവും വർധിപ്പിക്കും. എംഎസ്‌പി രഹിത സംവിധാനത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങൾ ദൂരവ്യാപകമായിരിക്കും. പല ചെറുകിട കർഷകരും തങ്ങളുടെ ഉപജീവനമാർഗം നിലനിർത്താൻ കഴിയാതെ കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരാകും. മൊത്തത്തിൽ, വർധിച്ചുവരുന്ന ഗ്രാമീണ തൊഴിലില്ലായ്മയിലേക്കും നഗരപ്രദേശങ്ങളിലേക്കുള്ള കുടിയേറ്റത്തിലേക്കും നയിക്കും.
പ്രമുഖ കർഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാളിന്റെ നിരാഹാര സമരം സർക്കാരിന്റെ നിഷ്ക്രിയത്വത്തിന്റെ ദുരന്തപൂർണമായ അവസ്ഥയുടെ ഓർമ്മപ്പെടുത്തലാണ്. വഷളായിക്കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ ആരോഗ്യം കർഷകരുടെ ആവശ്യങ്ങളുടെ അടിയന്തരസ്ഥിതി അടിവരയിടുകയും കർഷക സമൂഹം തങ്ങളുടെ അർഹമായ അവകാശങ്ങൾ നേടിയെടുക്കാൻ എത്രത്തോളം തയ്യാറാണെന്ന് എടുത്തുകാട്ടുകയും ചെയ്യുന്നു. ഈ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരിന്റെ കാതടപ്പിക്കുന്ന മൗനം അവഗണന മാത്രമല്ല, രാഷ്ട്രത്തിന്റെ ജനാധിപത്യ ഘടനയെ കളങ്കപ്പെടുത്തുന്ന ധാർമ്മിക പരാജയം കൂടിയാണ്.
എൻപിഎഫ്എഎം കരട് ഒരു നയ നിർദേശം മാത്രമല്ല, ഇന്ത്യൻ കാർഷികമേഖലയെ കോർപറേറ്റുകള്‍ ഏറ്റെടുക്കുന്നതിനുള്ള ഒരു രൂപരേഖയാണ്. ഇത് ദശലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനത്തിന് ഭീഷണിയാകുകയും സംസ്ഥാനങ്ങളുടെ സ്വയംഭരണത്തെ തുരങ്കം വയ്ക്കുകയും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെ അപകടത്തിലാക്കുകയും ചെയ്യും. എല്ലാ പുരോഗമന ശക്തികളോടും ഈ കർഷക വിരുദ്ധ ജനവിരുദ്ധ നയത്തിനെതിരെ ഉയരണമെന്ന് അഖിലേന്ത്യാ കിസാൻ സഭ അഭ്യർത്ഥിക്കുന്നു. നവലിബറൽ പരിഷ്കാരങ്ങളോടുള്ള ആസക്തി ഉപേക്ഷിച്ച് കർഷകരുടെ ക്ഷേമത്തിന് സർക്കാർ മുൻഗണന നൽകണം. ഭക്ഷണം നൽകുന്ന കൈകളെ ബഹുമാനിക്കുന്നതിൽ പരാജയപ്പെടുന്ന ഒരു രാഷ്ട്രം നാശത്തിലേക്ക് പതിക്കും. മാന്യതയ്ക്കും തുല്യതയ്ക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിന്റെ പ്രതീകമായ ഇന്ത്യയിലെ കർഷകർക്ക് നീതി ലഭിക്കുന്നുണ്ടെന്ന് നമുക്ക് ഒരുമിച്ച് ഉറപ്പാക്കാം.
(അവസാനിച്ചു)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.