9 January 2026, Friday

മീൻപിടിത്ത അവകാശവും കോർപറേറ്റുകൾക്ക്

ടി ജെ ആഞ്ചലോസ്
July 7, 2025 4:45 am

ണ്ണെണ്ണ സബ്സിഡി അനുവദിക്കണമെന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ആവശ്യം നിഷേധിക്കുകയും സബ്സിഡികൾ തൊഴിലാളികളെ മടിയന്മാരാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത കേന്ദ്രസർക്കാർ കോർപറേറ്റുകൾ മത്സ്യ ബന്ധനത്തിനായി തയ്യാറാക്കുന്ന കൂറ്റൻ യാനങ്ങൾക്കും അതിനുള്ള ഇന്ധനത്തിനും 50 % സബ്സിഡി പ്രഖ്യാപിച്ചിരിക്കുന്നു. ഇതിനുള്ള അപേക്ഷകരുടെ യോഗം ഇക്കഴിഞ്ഞ ജൂൺ 11ന് വിളിച്ചുചേർത്തു. ഇവർക്ക് തുറമുഖങ്ങളിൽ ആവശ്യമായ സൗകര്യം ഒരുക്കുന്നതിന് നിർദേശവും നൽകിയിട്ടുണ്ട്. ഇന്ത്യൻ കടലിൽ വിദേശ മത്സ്യബന്ധന കപ്പലുകൾക്ക് അനുവാദം നൽകിയത് 1991ലെ കോൺഗ്രസ് സർക്കാരാണ്. ഇങ്ങനെയുള്ള കപ്പലുകൾ പിടിച്ചുകൊണ്ടുവരുന്ന മത്സ്യസമ്പത്തും തീരദേശത്തുയരുന്ന സംസ്കരണ ശാലകളും അതുവഴി ലഭിക്കുന്ന വൻതോതിലുള്ള തൊഴിലവസരവുമാണ് പി ചിദംബരത്തെപ്പോലുള്ള മന്ത്രിമാർ വിശദീകരിച്ചത്. ലൈസൻസ് നേടിയതും അല്ലാത്തതുമായ നൂറ് കണക്കിന് മീൻപിടിത്ത കപ്പലുകൾ കടലിനെ ഉഴുതുമറിച്ചു. അവർ പിടിച്ച കയറ്റുമതി സാധ്യതയുള്ള മത്സ്യങ്ങൾ വിദേശത്തേക്ക് കയറ്റിയയച്ചു. അവയൊന്നും ഇന്ത്യൻ തീരത്ത് എത്തിയില്ല. തീരദേശ ജനത പട്ടിണിയിലായി. ആഴക്കടൽ മത്സ്യസമ്പത്ത് കുറഞ്ഞപ്പോൾ അത്തരം കപ്പലുകൾ തീരക്കടലിലും കടന്നുവന്നു. അങ്ങനെയാണ് എല്ലാ മത്സ്യത്തൊഴിലാളി സംഘടനകളും ചേർന്ന് വൻ പ്രക്ഷോഭം നടത്തിയത്. ഈ ലേഖകൻ പാർലമെന്റിനുള്ളിൽ നടത്തിയ ഒറ്റയാള്‍ സമരവും നൂറ് കണക്കിന് എംപിമാരുടെ ഒപ്പുകൾ ശേഖരിച്ചുകൊണ്ട് സമർപ്പിച്ച നിവേദനവും ഏറെ ശ്രദ്ധ പിടിച്ചുപറ്റി. അതിന്മേലാണ് കേന്ദ്രസർക്കാർ മുരാരി കമ്മിറ്റിയെ നിയമിച്ചത്. മുരാരി കമ്മിറ്റി കോൺഗ്രസ് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചുവെങ്കിലും അതിന്മേൽ യാതൊരു നടപടികളും സ്വീകരിച്ചില്ല. പിന്നീട് അധികാരത്തിൽ വന്ന യുപിഎ സർക്കാരിൽ ഈ വകുപ്പ് കൈകാര്യം ചെയ്ത സിപിഐ നേതാവ് ചതുരാനൻ മിശ്രയാണ് മുരാരി കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പിലാക്കുവാൻ തീരുമാനിച്ചത്. വിദേശ ട്രോളറുകളുടെ ലൈസൻസ് പുതുക്കേണ്ടതില്ലെന്ന ചരിത്ര പ്രധാനമായ പ്രഖ്യാപനമാണ് അദ്ദേഹം നടത്തിയത്. 

ആഴക്കടൽ മത്സ്യബന്ധനത്തിൽ നിന്നും കുത്തകകളെ ഒഴിവാക്കുവാൻ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ സജ്ജരാക്കണമെന്നും അതിനായി സഹകരണ മേഖലയെ ശക്തിപ്പെടുത്തണമെന്നുമായിരുന്നു മുരാരി കമ്മിറ്റിയുടെ മറ്റൊരു ശുപാർശ. രണ്ടാം യുപിഎ സർക്കാർ മീനാകുമാരി കമ്മിറ്റിയെ നിയമിച്ചു. ആ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടത് ബിജെപി സർക്കാരിന് മുന്നിലാണ്. അതിന്മേൽ 270 യാനങ്ങൾക്ക് അനുവാദം നൽകുവാൻ തീരുമാനിച്ചു. ഇതിനെതിരെ വൻ പ്രക്ഷോഭം ഉയരുകയും കേന്ദ്രം അതിൽ നിന്ന് പിന്മാറുകയും ചെയ്തു. വിവാദമായ ബ്ലൂ ഇക്കോണമി നയരേഖയുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. കോവിഡ് വ്യാപന നാളുകളിൽ കർഷകർക്കെതിരെ പാസാക്കിയ നിയമങ്ങൾക്ക് പുറമെയാണ് കടൽ കോർപറേറ്റുകൾക്ക് തീറെഴുതുവാൻ ബ്ലൂ ഇക്കോണമി നയരേഖ കൊണ്ടുവന്നത്. കടൽ മണൽ ഖനന പദ്ധതി, മത്സ്യക്കൃഷിക്കായി കടൽ കോർപറേറ്റുകൾക്ക് വീതംവയ്ക്കുന്ന പദ്ധതി, മത്സ്യബന്ധനത്തിന് കോർപറേറ്റുകളുടെ യാനങ്ങൾക്കുള്ള അനുമതി, അതിനുള്ള സബ്സിഡി ഇതെല്ലം ബ്ലൂ ഇക്കോണമി നയരേഖയുടെ ഭാഗമാണ്. ആഴക്കടലിൽ നിന്നും ഇറങ്ങി വരുന്ന മത്സ്യങ്ങളാണ് 12 നോട്ടിക്കൽ മൈലിനുള്ളിൽ മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കുന്നത്. വൻകിട കപ്പലുകൾ ഇതെല്ലാം അരിച്ച് പെറുക്കിയാൽ പരമ്പരാഗത മേഖല പട്ടിണിയിലാകുമെന്ന് മുൻകാല അനുഭവമുണ്ട്. ഇപ്പോൾത്തന്നെ അനുവദനീയമായതിന്റെ മൂന്നിരട്ടി യാനങ്ങൾ ഇന്ത്യൻ കടലിലുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലം മത്സ്യസമ്പത്തിലുണ്ടായ കുറവും തന്മൂലമുള്ള പ്രതിസന്ധിയും തീരദേശം അനുഭവിക്കുകയാണ്. അതിനൊപ്പമാണ് കടൽ മണൽ ഖനനത്തിനും മത്സ്യബന്ധനത്തിനുമായി കോർപറേറ്റുകളുടെ കടന്നുവരവ്. 

കൊല്ലം പരപ്പ് ഉൾപ്പെടെയുള്ള കേരളത്തിലെ അഞ്ച് മേഖലകളിൽ കടൽ മണൽ ഖനന പദ്ധതിക്ക് അമേരിക്കൻ കമ്പനികളും ഇന്ത്യയിലെ കോർപറേറ്റുകളും രംഗത്തുണ്ട്. മത്സ്യബന്ധന നിയന്ത്രണത്തിന്റെ പേരിൽ 12 നോട്ടിക്കൽ മൈൽ ലംഘിച്ചാൽ പിഴയും തടവും വിധിക്കുന്ന നിയമം വേറെ. കടലാമ സംരക്ഷണത്തിന്റെ പേരിലുള്ള അമേരിക്കൻ നിരോധനവും പ്രതികാരച്ചുങ്കത്തിന്റെ പേരിലുള്ള പ്രതിരോധവും നിലനില്‍ക്കുന്നു. അതിനിടയില്‍ മണ്ണെണ്ണ വിഹിതം വെട്ടിക്കുറയ്ക്കലും വില വർധിപ്പിക്കലും, കടലാക്രമണ പ്രതിരോധ പദ്ധതിക്ക് തുക നിഷേധിക്കൽ, തീരപരിപാലന വിജ്ഞാപനത്തിൽ നിന്നും മത്സ്യത്തൊഴിലാളി ഭവനങ്ങളെ ഒഴിവാക്കണമെന്ന ആവശ്യത്തിലെ മൗനം, കപ്പലപകടങ്ങളുമായി ബന്ധപ്പെട്ട കുറ്റകരമായ നിസംഗത തുടങ്ങിയ മത്സ്യത്തൊഴിലാളി വിരുദ്ധ നടപടികളിലാണ് കേന്ദ്രസർക്കാർ. ഇതിനുപുറമെയാണ് മത്സ്യബന്ധനത്തിന് വൻകിട കമ്പനികളെ സബ്സിഡി നൽകി സ്വാഗതം ചെയ്യുന്നത്.
പിന്നിട്ട കേന്ദ്ര ബജറ്റുകളിലൊന്നും ഒരു രൂപയുടെ ആനുകൂല്യം പോലും പരമ്പരാഗത മത്സ്യമേഖലയ്ക്ക് നൽകാത്തവരിൽ നിന്നും യാതൊരു നീതിയും പ്രതീക്ഷിക്കുന്നില്ല. പക്ഷേ ഇത് ജീവിക്കുവാനുള്ള പോരാട്ടമാണ്. ഇതിൽ വിട്ടുവീഴ്ചയില്ല. വിദേശ ട്രോളറുകളെ കെട്ടുകെട്ടിച്ചതുപോലെ, മീനാ കുമാരി കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങളെ ചെറുത്ത് പരാജയപ്പെടുത്തിയതുപോലെ വൻകിട കമ്പനികളെ മത്സ്യബന്ധനത്തിന് കൊണ്ടുവരുന്നതിനെയും കടൽ മണൽ ഖനന പദ്ധതിയെയും മത്സ്യത്തൊഴിലാളി സമൂഹം ചെറുത്ത് പരാജയപ്പെടുത്തും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.