22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
October 29, 2024
October 6, 2024
October 1, 2024
September 6, 2024
August 3, 2024
July 22, 2024
June 19, 2024
March 18, 2024
February 29, 2024

അരിവില വർധനവിന് കാരണമാകാവുന്ന കേന്ദ്രനിലപാട് തിരുത്തണമെന്ന് ഭക്ഷ്യമന്ത്രി

ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീമിൽ നിന്ന് സര്‍ക്കാരുകളെയും സര്‍ക്കാര്‍ ഏജന്‍സികളെയും പുറത്താക്കി കേന്ദ്രം 

ആറിന് കേന്ദ്ര ഭക്ഷ്യമന്ത്രിയുമായി ചർച്ച നടത്തും
Janayugom Webdesk
തിരുവനന്തപുരം
February 4, 2024 6:31 pm

സംസ്ഥാനത്തെ സാധാരണക്കാരെ ദുരിതത്തിലാക്കുന്ന നടപടിയുമായി കേന്ദ്രം. സ്വകാര്യ കുത്തകളുടെ അനാവശ്യ ഇടപെടലിന് വഴിയൊരുക്കി ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീമിൽ (ഒഎംഎസ്എസ്) നിന്ന് സംസ്ഥാന സര്‍ക്കാരുകളെയും സര്‍ക്കാര്‍ ഏജന്‍സികളെയും കേന്ദ്രസർക്കാർ പുറത്താക്കിയത് കേരളത്തെ പ്രതികൂലമായി ബാധിക്കും.
സംസ്ഥാനത്തിനുള്ള ടൈഡ് ഓവര്‍ വിഹിതം വര്‍ധിപ്പിക്കാത്തതും ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍സ് സ്കീമില്‍ നിന്നും സര്‍ക്കാരിനെയും സര്‍ക്കാര്‍ ഏജന്‍സികളെയും വിലക്കിയതും സംസ്ഥാനത്തെ അരിയുടെ വിലക്കയറ്റത്തിന് കാരണമായേക്കാമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആര്‍ അനില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേന്ദ്രനിലപാട് തിരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പൊതുവിപണിയില്‍ ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും എഫ്‍സിഐയുടെ പക്കലുള്ള അരിയുടെയും ഗോതമ്പിന്റെയും അധിക സ്റ്റോക്ക് വില്പന നടത്തുന്നതിനും വേണ്ടിയാണ് ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍സ് സ്കീം കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഗവണ്‍മെന്റ്, ഗവ.ഏജന്‍സികള്‍, സ്വകാര്യ ഏജന്‍സി, വ്യക്തികള്‍ എന്നിവര്‍ക്ക് ടെണ്ടറില്‍ പങ്കെടുത്തുകൊണ്ട് ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാം. എഫ്‍സിഐ ഡിപ്പോ തലത്തിലാണ് ഇ — ലേലം നടത്തുന്നത്. ‍ഡിപ്പോയിലെ ലഭ്യതയ്ക്കനുസരിച്ചാകും ടെണ്ടറില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷ്യധാന്യം ലഭിക്കുക. ഭക്ഷ്യധാന്യങ്ങളുടെ വില നിശ്ചയിക്കുന്നത് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ മന്ത്രാലയമാണ്.

അരിയ്ക്ക് നിലവില്‍ നിശ്ചയിച്ചിട്ടുള്ള അടിസ്ഥാന വില ക്വിന്റലിന് 2,900 രൂപയും ഫോര്‍ട്ടി ഫൈഡ് അരിയ്ക്ക് ക്വിന്റലിന് 2,973 രൂപയുമാണ്. ഗോതമ്പിന്റെ അടിസ്ഥാന വില ക്വിന്റലിന് 2,150 രൂപയും. ഇ- ലേലത്തില്‍ സാധാരണഗതില്‍ വലിയ മത്സരം ഉണ്ടാകാത്തതുകൊണ്ട് അടിസ്ഥാന വിലയ്ക്ക് തന്നെ ഭക്ഷ്യധാന്യങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോഴുള്ള ലഭ്യതക്കുറവും ആവശ്യക്കാരുടെ എണ്ണത്തിലുള്ള വര്‍ധനവും വില ഉയരാനുള്ള സാധ്യതയിലേക്കാണ് പോകുന്നത്.

സര്‍ക്കാരിന്റെ ഏജന്‍സി എന്ന നിലയില്‍ 2022–23 വരെ സപ്ലൈകോ സ്ഥിരമായി ഇ — ലേലത്തില്‍ പങ്കെടുത്തു ഭക്ഷ്യധാന്യങ്ങള്‍ വാങ്ങിയിരുന്നു. എന്നാല്‍ നിലവില്‍ സര്‍ക്കാരിനോ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കോ ഒഎംഎസ്എസില്‍ പങ്കെടുത്തുകൊണ്ട് ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാന്‍ കഴിയില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇത്തരമൊരു തീരുമാനം കേരളത്തെ പോലൊരു ഉപഭോക്തൃ സംസ്ഥാനത്തെ വലിയതോതില്‍ ദോഷകരമായി ബാധിക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുവിപണിയില്‍ ആവശ്യത്തിന് അരി ലഭ്യമാകാത്ത സാഹചര്യമാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുക. വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിനെ സമീപിക്കാനൊരുങ്ങുകയാണ് കേരളം. ഇതുസംബന്ധിച്ച് ആറിന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ കേന്ദ്ര ഭക്ഷ്യമന്ത്രിയുമായി ചർച്ച നടത്തും.

ടൈഡ് ഓവര്‍ വിഹിതം വര്‍ധിപ്പിക്കണം

ടൈഡ് ഓവര്‍ വിഹിതം വര്‍ധിപ്പിക്കണമെന്നും അരിയുടെ പ്രതിമാസ വിതരണവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിട്ടുള്ള സീലിങ് ഒഴിവാക്കണമെന്നുമുള്ള സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ പരിഗണിച്ചിട്ടില്ലെന്നും മന്ത്രി ജി ആര്‍ അനില്‍ചൂണ്ടിക്കാട്ടി.കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന 14.25 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങളില്‍ 10.26 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങളും 43 ശതമാനം വരുന്ന മുന്‍ഗണനാ വിഭാഗത്തിന് അനുവദിക്കപ്പെട്ടിട്ടുള്ളതാണ്. ബാക്കിയുള്ള 3.99 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യമാണ് 57 ശതമാനം വരുന്ന മുന്‍ഗണനേതര വിഭാഗത്തിന് റേഷന്‍കടകള്‍ വഴി നല്‍കുന്നത്. നിലവില്‍ ലഭിച്ചുവരുന്ന ടൈഡ് ഓവര്‍ വിഹിതം സംസ്ഥാനത്തിന്റെ ആവശ്യത്തിന് പര്യാപ്തമല്ലാത്തതു കൊണ്ടാണ് ടൈ‍ഡ് ഓവര്‍ വഹിതം വര്‍ധിപ്പിക്കണമെന്ന ആവശ്യം സംസ്ഥാനം നിരന്തരമായി ഉന്നയിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തിനുള്ള ഒരു മാസത്തെ അരിയുടെ ടൈഡ് ഓവര്‍ വിഹിതം 33,294 മെട്രിക് ടണ്ണാണ്. ഇത് സംസ്ഥാനത്തെ 57 ശതമാനം വരുന്ന മുന്‍ഗണനേതര വിഭാഗത്തിന് ആവശ്യമായ തോതില്‍ നല്‍കുന്നതിന് പര്യാപ്തമല്ല. കൂടാതെ 33,294 മെട്രിക് ടണ്‍ എന്ന പ്രതിമാസ സീലിങ് ഉത്സവ സീസണുകള്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പോലുള്ള പ്രത്യേക സാഹചര്യങ്ങളില്‍ കാര്‍ഡുടമകള്‍ക്ക് കൂടുതല്‍ അരി നല്‍കുന്നതിന് തടസമുണ്ടാക്കും. ആവശ്യഘട്ടങ്ങളില്‍ സീലിങ് പരിധിക്കുമുകളില്‍ അരി വിതരണം നടത്തേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്. ഈ സാഹചര്യങ്ങളില്‍ സംസ്ഥാനത്തിനുള്ള സബ്സിഡി ആനുകൂല്യം വെട്ടിക്കുറയ്ക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.

കേരളത്തിന് ആവശ്യമായ അരി, മുളക് എന്നിവ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം തെലങ്കാന ഭക്ഷ്യമന്ത്രി ഉത്തംകുമാര്‍ റെഡിയുമായി ഹൈദരാബാദില്‍ വച്ച് ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ കേരളത്തിന് ആവശ്യമായ ഇനം അരിയും മുളകും കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാന്‍ തെലങ്കാന സര്‍ക്കാര്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. അരിയുള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങളുടെ വില വര്‍ധിക്കുന്നതിനുള്ള സാഹചര്യം ഒഴിവാക്കുന്നതിനുള്ള സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമായാണ് തെലങ്കാനയില്‍ നിന്നും അരി, മുളക് എന്നിവ ലഭ്യമാക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

Eng­lish Sum­ma­ry: cor­rect the cen­tral posi­tion which caus­es rise in rice prices ; gr anil
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.