
കുട്ടികളുടെ മരണത്തിന് കാരണമായ കോൾഡ്ഡ്രിഫ് സിറപ്പിന്റെ നിർമാതാക്കളായ ശ്രേഷൻ ഫാർമയുടെ ഉടമ അറസ്റ്റിൽ. മധ്യപ്രദേശ് പൊലീസാണ് ഉടമ രംഗനാഥനെ ചെന്നൈയിൽ നിന്നും അറസ്റ്റ് ചെയ്തത്. ശ്രേഷൻ ഫാർമ നിർമിച്ച കഫ് സിറപ്പായ കോൾഡ്ഡ്രിഫ് ഉപയോഗിച്ച 20ഓളം കുട്ടികളാണ് മരിച്ചത്. തുടർന്ന് നിരവധി സംസ്ഥാനങ്ങൾ കഫ് സിറപ്പ് നിരോധിച്ചിരുന്നു. കഫ് സിറപ്പ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ രംഗനാഥൻ ഒളിവില്‍ പോയിരുന്നു. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് 20,000 രൂപ സമ്മാനവും പൊലീസ് പ്രഖ്യാപിച്ചിരുന്നു.
മധ്യപ്രദേശ് പൊലീസ് ടീം ബുധനാഴ്ച കാഞ്ചിപുരത്തെ രംഗനാഥന്റെ ഉടമസ്ഥതയിലുള്ള മരുന്ന് നിർമാണ യൂനിറ്റ് പരിശോധിച്ചിരുന്നു. രംഗനാഥൻ ഉൾപ്പെടെ പ്രതികളെ പിടികൂടുന്നതിന് ഇവർ തമിഴ്നാട് പൊലീസിന്റെ സഹായവും തേടിയിരുന്നു.
സീഗോ ലാബ്‌സ്, ഇവൻ ഹെൽത്ത്‌കെയർ എന്നീ ഫാർമസ്യൂട്ടിക്കൽ സ്ഥാപനങ്ങളുമായും രംഗനാഥന് അടുത്ത ബന്ധമാണുള്ളത്. അടച്ചുപൂട്ടിയ കാഞ്ചിപുരത്തെ യൂനിറ്റിന് മുന്നിലായി തമിഴ്‌നാട് ഡ്രഗ്സ് കൺട്രോൾ വകുപ്പ് ചൊവ്വാഴ്ച കാരണം കാണിക്കൽ നോട്ടീസ് പതിച്ചിരുന്നു. നിർമിച്ച മൊത്തം മരുന്നിന്റെ അളവ്, അസംസ്കൃത വസ്തുക്കളുടെയും പ്രൊപിലീൻ ഗ്ലൈക്കോളിന്റെയും ഇൻവോയ്‌സുകൾ, പാക്കിങ് മെറ്റീരിയൽ വിശദാംശങ്ങൾ, മരുന്നിന്റെ മാസ്റ്റർ ഫോർമുല എന്നിവ ഒരാഴ്ചക്കകം നൽകണമെന്നാണ് നോട്ടീസിലെ നിര്‍ദ്ദേശം.
വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന മരുന്ന് നിർമാണ യൂണിറ്റിൽ അടിസ്ഥാന സൗകര്യങ്ങളോ യോഗ്യതയുള്ള ജീവനക്കാരോ ഉണ്ടായിരുന്നില്ല. ചെന്നൈ കോടമ്പാക്കത്ത് അപ്പാർട്മെന്റ് കെട്ടിടത്തിലെ ഒന്നാംനിലയിൽ പ്രവർത്തിച്ചിരുന്ന രജിസ്ട്രേഡ് ഓഫിസും ഒഴിഞ്ഞുകൊടുത്തനിലയിലാണ്. മദ്രാസ് മെഡിക്കൽ കോളജിൽ നിന്ന് ഫാർമസി ബിരുദം നേടിയ രംഗനാഥൻ നാലു പതിറ്റാണ്ടിലേറെയായി ഈ മേഖലയിൽ പ്രവർത്തിച്ചുവരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.