രാജ്യത്തെ 67 മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് ഡ്രഗ് റെഗുലേറ്ററി അതോറിട്ടി കണ്ടെത്തി. കേന്ദ്ര സര്‍ക്കാര്‍ ഡ്രഗ് റെഗുലേറ്ററായ സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്റേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ (സിഡിഎസ‍്സിഒ) ലബോറട്ടറികള്‍ 49ഉം സംസ്ഥാനങ്ങളിലെ ലാബുകള്‍ 18ഉം മരുന്നുകള്‍ക്കാണ് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയത്. സെപ്റ്റംബറില്‍ സിഡിഎസ‍്സിഒ മൂവായിരം സാമ്പിളുകളാണ് പരിശോധനയ്ക്കായി ശേഖരിച്ചതെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിജിസിഐ) രാജീവ് രഘുവംശി പറഞ്ഞു. നിലവാരമില്ലാത്ത മരുന്നുകളുടെ രണ്ട് പട്ടിക എല്ലാമാസവും സിഡിഎസ‍്സിഒ പുറത്തുവിടും. ഒന്ന് അവരുടേതും രണ്ടാമത്തേത് സംസ്ഥാനങ്ങളില്‍ നിന്ന് അവര്‍ സമാഹരിച്ചതും.
ഇത്തരത്തില്‍ പുറത്തിറക്കിയ ഓഗസ്റ്റിലെയും സെപ്റ്റംബറിലെയും പട്ടികകളില്‍ ആറ് കമ്പനികളുടെ പേരുകള്‍ കാണാം. രണ്ട് മാസവും ഈ കമ്പനികളുടെ മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയിരുന്നു.
ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക‍്സ്, ലൈഫ് മാക്സ് കാന്‍സര്‍ ലബോറട്ടറീസ്, ആല്‍കം ഹെല്‍ത്ത് സയന്‍സസ്, ഡിജിറ്റല്‍ വിഷന്‍, സെസ്റ്റര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയാണ് ആ സ്ഥാപനങ്ങള്‍. കേരളാ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനും പട്ടികയിലുണ്ട്. സീ ലബോറട്ടറീസ്, എഎന്‍ജി ലൈഫ് സയന്‍സസ് ഇന്ത്യ, ഹിമാലയ മെഡിടെക്, പ്രോടെക് ടെലിലിങ്ക്സ് എന്നീ കമ്പനികളുടെ മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് സെപ്റ്റംബറില്‍ കണ്ടെത്തിയിരുന്നു. ഈ കമ്പനികളുടെ ഒന്നിലധികം ഉല്പന്നങ്ങള്‍ക്ക് നിലവാരമില്ലെന്ന് കണ്ടെത്തി.
സെപ്റ്റംബറിലെ പട്ടികയില്‍ പറയുന്ന 67 മരുന്നുകളില്‍ ഭൂരിഭാഗവും ടെല്‍മിസാര്‍ട്ടന്‍ പോലുള്ള, ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് കഴിക്കുന്ന മരുന്നുകളായിരുന്നു. മെട്രോണിഡാസോള്‍, ജെന്റാമൈസിന്‍, സെഫ‍്ട്രിയാക്സോണ്‍ തുടങ്ങിയ ആന്റിബയോട്ടിക്കുകള്‍, കാല്‍സ്യം, വിറ്റാമിന്‍ സപ്ലിമെന്റുകള്‍, പാന്റോപ്രസോള്‍ പോലുള്ള ആന്റാസിഡുകള്‍, ഗ്ലിമെപിറൈഡ്, മെറ്റ്ഫോര്‍മിന്‍ തുടങ്ങിയ പ്രമേഹ ഔഷധങ്ങള്‍, രക്തം കട്ടപിടിക്കുന്നത് തടയുന്നതിനുള്ള മരുന്നുകള്‍, ഡിക്ലോഫെനാക്, നിംസുലൈഡ് പ്ലസ്, പാരസെറ്റാമോള്‍ തുടങ്ങിയ വേദസംഹാരികളും ഇതില്‍പ്പെടുന്നു.
സെപ്റ്റംബറില്‍ ഏഴ് സംസ്ഥാനങ്ങള്‍, കേന്ദ്രഭരണപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് മാത്രമേ ഫലങ്ങള്‍ ലഭിച്ചിട്ടുള്ളൂ എന്നത് ശ്രദ്ധേയമാണ്. മറ്റുള്ള സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും സിഡിഎസ‍്സിഒയ്ക്ക് ലാബ് ഫലം നല്‍കിയിട്ടില്ല. മുന്‍ മാസങ്ങളില്‍ പട്ടികയില്‍പെട്ട കമ്പനികള്‍ക്ക് നോട്ടീസ് നല്‍കിയെന്നും വിപണിയില്‍ നിന്ന് ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതായും രഘുവംശി അറിയിച്ചു. എന്നാല്‍ ഈ കമ്പനികള്‍ മരുന്നുകള്‍ പിന്‍വലിച്ചോയെന്നതില്‍ വ്യക്തതയില്ല. കാരണം സിഡിഎസ‍്സിഒയ്ക്കോ സംസ്ഥാന ഡ്രഗ് റെഗുലേറ്റര്‍മാര്‍ക്കോ ഇത്തരം മരുന്നുകള്‍ വിപണിയിലുണ്ടെന്ന് കണ്ടെത്താനുള്ള സംവിധാനമില്ല. മുമ്പ് പട്ടികയില്‍ ഉള്‍പ്പെട്ട മരുന്ന് കമ്പനികള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചതിന്റെ വിവരങ്ങളും ലഭ്യമല്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.