
ഗാസയില്‍ നടത്തുന്ന വംശഹത്യക്കെതിരെ ആഗോള തലത്തില്‍ കടുത്ത എതിര്‍പ്പ് നിലനില്‍ക്കെ, യുദ്ധക്കാലത്തെ നേതൃത്വത്തെ ന്യായീകരിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പ്രധാനമന്ത്രി നരേന്ദ്ര മോഡി നിരവധി രാജ്യങ്ങളിൽ നിന്നും ലോക നേതാക്കളിൽ നിന്നും പിന്തുണ നേടാൻ തനിക്ക് കഴിഞ്ഞുവെന്ന്, ഇസ്രയേൽ പാർലമെന്റായ നെസെറ്റിൽ നടത്തിയ പ്രസംഗത്തില്‍ നെതന്യാഹു പറഞ്ഞു.
പ്രതിപക്ഷത്തിന് പ്രധാനമന്ത്രിയെ മാസത്തിലൊരിക്കൽ നെസ്സെറ്റ് ഫോറത്തിൽ ഹാജരാകാൻ നിർബന്ധിക്കാൻ കഴിയുന്ന പാർലമെന്ററി സംവിധാനമായ ’40‑സിഗ്നേച്ചർ ചർച്ച’യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രായേലിന്റെ വിദേശബന്ധങ്ങൾ ഉൾപ്പെടെ വിവിധ മേഖലകളിലെ സര്‍ക്കാര്‍ നയങ്ങളെ നെതന്യാഹു ശക്തമായി പ്രതിരോധിച്ചു. ഇസ്രയേൽ ഇന്ന് എക്കാലത്തേക്കാളും ശക്തമാണെന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. ഇസ്രയേല്‍ അന്താരാഷ്ട്ര തലത്തില്‍ തകര്‍ച്ച നേരിടുകയാണെന്ന പ്രതിപക്ഷ വാദത്തെ നെതന്യാഹു തള്ളികളഞ്ഞു. ഹമാസുമായുള്ള രണ്ട് വർഷത്തെ യുദ്ധം ഉണ്ടായിരുന്നിട്ടും രാജ്യം നയതന്ത്രപരമായും സൈനികമായും സാമ്പത്തികമായും അന്താരാഷ്ട്ര രംഗത്ത് ഒരു പ്രബല ഘടകമായി തുടരുന്നു. പശ്ചിമേഷ്യയിലെ ഏറ്റവും ശക്തമായ രാജ്യമാണ് ഇസ്രയേല്‍. ചില മേഖലകളിൽ ഇസ്രയേല്‍ ആഗോള ശക്തിയാണെന്നും നെതന്യാഹു അവകാശപ്പെട്ടു.
ഗാസയിലെ യുദ്ധത്തെ ‘പുനരുജ്ജീവന യുദ്ധം’ എന്ന് വിശേഷിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസിന്റെ സന്ദർശനം ഉദ്ധരിച്ച് ഇസ്രയേലിന്റെ നയതന്ത്ര നിലപാട് ശക്തമായി തുടരുന്നുവെന്ന് നെതന്യാഹു പറഞ്ഞു. മറ്റ് പ്രധാന ശക്തികളും ഇസ്രയേലുമായി ഇടപഴകുന്നുണ്ട്. സുഹൃത്തായ നരേന്ദ്ര മോഡിയുമായി പലപ്പോഴും സംസാരിക്കാറുണ്ട്. അദ്ദേഹവുമായി ഉടൻ തന്നെ കൂടിക്കാഴ്ച നടത്താൻ പദ്ധതിയിട്ടിട്ടുണ്ട്. ഇന്ത്യയിലെ ജനങ്ങളും ഇസ്രയേലുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയേക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.
ലോക നേതാക്കളുമായുള്ള വ്യക്തിപരമായ ബന്ധം തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നെതന്യാഹു വ്യാപകമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ലികുഡ് പാർട്ടി ആസ്ഥാനത്ത് ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, മോഡി എന്നിവരുമായുള്ള കൂടിക്കാഴ്ചകളുടെ ചിത്രങ്ങൾ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.