ഇന്ത്യയിൽ ആദ്യമായി മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ് ചാലക്കുടി നഗരസഭയിൽ പ്രവർത്തനമാരംഭിച്ചു. വാഹനത്തിൽ വീടുകളിലെത്തി ആധുനിക സംവിധാനങ്ങളോടെ ടോയ് ലറ്റ് മാലിന്യങ്ങൾ ട്രീറ്റ്മെന്റ് ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഓൺലൈനായി നിർവഹിച്ചു. ഭൂമി ലഭ്യമാവുന്നിടത്തെല്ലാം ശുചിമുറി മാലിന്യ സംസ്കരണത്തിനുള്ള ശാസ്ത്രീയ പ്ലാന്റുകൾ സ്ഥാപിക്കേണ്ടത് കേരളത്തിന്റെ വികസന മുൻഗണനയിൽ ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിൽ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കാൻ സാധിക്കാത്തതിന് പ്രധാനപ്രശ്നം ഭൂമിയുടെ ലഭ്യത കുറവാണെന്നും മന്ത്രി വ്യക്തമാക്കി. ബെന്നി ബെഹനാൻ എം പി മുഖ്യാതിഥിയായി മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ് വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മവുംനിർവഹിച്ചു. വാഹനത്തിൽ തയ്യാറാക്കിയ ആധുനിക യന്ത്രസാമഗ്രികൾ ഉൾപ്പെടുന്ന പ്ലാന്റ് വീടുകളിലും സ്ഥാപനങ്ങളിലും നേരിട്ടെത്തി, സെപ്റ്റിക് ടാങ്ക് ക്ലീൻ ചെയ്യുന്ന സംവിധാനമാണിത്.
ഒരു ട്രക്കിൻ്റെ പ്ലാറ്റ്ഫോമിൽ സ്ഥാപിച്ചിരിക്കുന്ന പ്ലാന്റ്, സെപ്റ്റിക് ടാങ്കുകളിലെ ഉള്ളടക്കങ്ങൾ പൂർണമായും കൈകാര്യം ചെയ്യാൻ കഴിയുംവിധമാണ് പ്രവർത്തിക്കുക. എം ടി യു സംസ്കരിച്ചതിന് ശേഷമുള്ള വെള്ളം മലിനീകരണം ഇല്ലാത്തതും, കൃഷിക്കും മറ്റും ഉപയോഗിക്കാനും സാധിക്കും. അപകടകാരികളായ അണുക്കളോ മറ്റ് മാലിന്യങ്ങളോ സംസ്കരിച്ച ജലത്തിൽ ഉണ്ടാവില്ല. മണവും ഈ ജലത്തിനുണ്ടാവില്ല. സംസ്കരണത്തിന് ശേഷം ബാക്കി വരുന്ന ഖരമാലിന്യം യന്ത്ര സംവിധാനത്തിൽ തന്നെ ഉണക്കി ചെറിയ ബ്രിക്കറ്റുകളാക്കി മാറ്റും. കേന്ദ്ര സർക്കാരിന്റെ അംഗീകൃത സ്ഥാപനമായ ഡിണ്ടിഗലിലെ ഡബ്യു എ എസ് എച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ ഉപയോഗിച്ച്, തിരുവനന്തപുരത്തെ ഭൗമ എൻവിരോടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് നിർമ്മാണം നടത്തിയിരിക്കുന്നത്. ട്രീറ്റ്മെന്റ് യൂണിറ്റിന്റെ ശേഷി മണിക്കൂറിൽ 6000 ലിറ്ററാണ്.
മുൻകൂർ ബുക്കിംഗ് അനുസരിച്ച് വിവിധ സ്ഥലങ്ങളിൽ പ്ലാന്റ് പ്രവർത്തിക്കും. യൂസർ ഫീ കൗൺസിൽ തീരുമാനം അനുസരിച്ച് ഈടാക്കും. ചാലക്കുടി നഗരസഭ അങ്കണത്തിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ എബി ജോർജ്ജ് അധ്യക്ഷനായി. ആരോഗ്യകാര്യ ചെയർമാൻ ദീപു ദിനേശ്, വികസന കാര്യ ചെയർമാൻ ജോർജ്ജ് തോമസ്, ക്ഷേമകാര്യ ചെയർപേഴ്സൺ ജിജി ജോൺസൺ, പൊതുമരാമത്ത്കാര്യ ചെയർപേഴ്സൺ സൂസമ്മ ആന്റണി തുടങ്ങിയവർ പങ്കെടുത്തു.
English Summary: Country’s first mobile septage treatment plant in Thrissur
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.