18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

February 12, 2024
February 12, 2024
February 9, 2024
January 29, 2024
January 28, 2024
January 28, 2024
January 28, 2024
January 26, 2024
January 26, 2024
January 26, 2024

ബിഹാറില്‍ അട്ടിമറി നീക്കം: എന്‍ഡിഎ തകരുന്നു

Janayugom Webdesk
പട്ന
August 8, 2022 11:30 pm

മഹാരാഷ്ട്രയില്‍ ശിവസേനയെ അട്ടിമറിച്ചതിന് സമാനമായ നീക്കത്തിലൂടെ ബിഹാറില്‍ ജെഡിയുവില്‍ പിളര്‍പ്പുണ്ടാക്കി ഭരണം അട്ടിമറിച്ച് സ്വന്തമാക്കാന്‍ ബിജെപി നീക്കം. കുതന്ത്രം പ്രതിരോധിക്കാന്‍ ശക്തമായ നീക്കവുമായി നിതീഷ് കുമാര്‍. സോണിയാഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്തിയ നിതീഷ് കുമാര്‍ ഇന്ന് എംപിമാരുടെയും എംഎൽഎമാരുടെയും സുപ്രധാന യോഗം വിളിച്ചു. ബിജെപി ഒഴികെ എല്ലാ പാര്‍ട്ടികളും യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
ഉദ്ധവ് താക്കറയുടെ പതനത്തിലേക്ക് നയിച്ച രാഷ്ട്രീയ നീക്കങ്ങള്‍ ബിജെപി കൃത്യമായി ആസൂത്രണം ചെയ്തെടുത്തതായിരുന്നു. ബിഹാറിലും ഇത്തരത്തിലുള്ള നീക്കമാണ് ആസൂത്രണം ചെയ്തിരുന്നത്. മുന്‍ കേന്ദ്ര മന്ത്രി ആർ സി പി സിങ്ങിന്റെ രാജി ബിജെപിയുടെ അജണ്ടയാണെന്നും ജെഡിയു അതില്‍ വീഴില്ലെന്നും മുതിര്‍ന്ന ജെഡിയു നേതാക്കള്‍ വ്യക്തമാക്കി. അഴിമതി ആരോപണത്തെ തുടര്‍ന്ന് പാര്‍ട്ടി നോട്ടീസ് നല്കിയതില്‍ പ്രതിഷേധിച്ചാണ് ആര്‍ സി പി സിങ്ങ് ജെഡിയു വിട്ടത്. പ്രാദേശിക പാര്‍ട്ടികള്‍ അതിജീവിക്കില്ലെന്ന ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയുടെ പരാമര്‍ശം അട്ടിമറി ശ്രമത്തിന് തെളിവായി ജെഡിയു നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
നിലവിലെ രാഷ്ട്രീയ സാഹചര്യം നിതീഷ് കുമാറും സോണിയ ഗാന്ധിയും തമ്മിൽ ചർച്ച ചെയ്തുവെന്നാണ് സൂചനകള്‍. മഹാ സഖ്യത്തില്‍ ജെഡിയു മടങ്ങിയെത്തുന്നതിന്റെ സൂചനകളും പുറത്തുവരുന്നുണ്ട്. രാഷ്ട്രീയ ജനതാദൾ നേതാവ് തേജസ്വി യാദവുമായും ആശയവിനിമയം നടത്തി. ബിജെപിയുമായുള്ള ബന്ധം വേർപെടുത്തിയാൽ നിതീഷ് കുമാറിനെയും ജെഡിയുവിനെയും പിന്തുണയ്ക്കാന്‍ തയാറാണെന്ന് ആർജെഡി ദേശീയ വൈസ് പ്രസിഡന്റ് ശിവാനന്ദ് തിവാരി പറഞ്ഞു.
സ്പീക്കറുമായുള്ള ഏറ്റുമുട്ടലാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം. സ്പീക്കറെ മാറ്റണമെന്ന ആവശ്യം ബിജെപി പരിഗണിച്ചില്ല. സ്പീക്കറുടെ ക്ഷണപ്രകാരം ബിഹാര്‍ നിയമസഭയുടെ സുവര്‍ണജൂബിലി ആഘോഷങ്ങളില്‍ പ്രധാനമന്ത്രി പങ്കെടുത്തതിലും നിതീഷ് കുമാര്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് പ്രധാനമന്ത്രി നല്‍കിയ വിരുന്നില്‍ നിന്നും നിതീഷ് കുമാർ വിട്ടു നിന്നിരുന്നു. കഴിഞ്ഞദിവസം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന നിതി ആയോഗ് യോഗത്തിലും നിതീഷ് പങ്കെടുത്തില്ല.
ബിഹാര്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയായ ജെഡിയു 2015ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് മഹാസഖ്യം രൂപീകരിച്ചത്. എന്നാല്‍ 2017 ൽ മഹാസഖ്യത്തിൽ നിന്ന് പിരിയുകയും എന്‍ഡിഎയില്‍ ചേരുകയുമായിരുന്നു. 

എന്‍ഡിഎ 125, ആർജെഡി സഖ്യം 110 

എന്‍ഡിഎ സഖ്യത്തിന് 125 സീറ്റുകളാണുള്ളത്. ബിജെപി 74, ജെഡിയു 43, വികാസ്ഷീൽ ഇൻസാൻ പാർട്ടി നാല്, ഹിന്ദുസ്ഥാൻ ആവാം പാർട്ടി (സെക്കുലർ) നാല്.
ആർജെഡിയും സഖ്യകക്ഷികളും 110 സീറ്റുകൾ നേടി. 75 സീറ്റുകള്‍ നേടിയ ആർജെഡിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. കോൺഗ്രസിന് 19 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. ഇടതുപാർട്ടികൾ മത്സരിച്ച 29 സീറ്റുകളിൽ 16ലും വിജയിച്ചു, 12 എണ്ണത്തിൽ സിപിഐ (എംഎൽ‑ലിബറേഷൻ) വിജയിച്ചു. അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം അഞ്ച് സീറ്റുകൾ നേടി. ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടിക്ക് ഒരു സീറ്റ് മാത്രമാണുള്ളത്. 122 ആണ് ഭൂരിപക്ഷത്തിന് വേണ്ട സംഖ്യ.

Eng­lish Sum­ma­ry: Coup move in Bihar: NDA collapses

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.