ഉത്തര്‍പ്രദേശിലെ ബാഗ്‌പതിലുള്ള ബദറുദ്ദീൻ ഷാ ദർഗ ഹിന്ദുവിഭാഗത്തിന് നൽകണമെന്ന് സെഷൻസ് കോടതി ഉത്തരവ്. 53 വർഷമായി നിലനിൽക്കുന്ന കേസിലാണ് സിവില്‍ ജഡ്ജ് ശിവം ദ്വിവേദി കഴിഞ്ഞദിവസം വിധി പറഞ്ഞത്.
ബാഗ്‌പത് ജില്ലയിലെ ബര്‍ണാവ ഗ്രാമത്തിലാണ് സൂഫി വര്യന്‍ ബദ്റുദ്ദീന്‍ ഷായുടെ ദര്‍ഗ സ്ഥിതി ചെയ്യുന്നത്. 600 വര്‍ഷം പഴക്കം ഇതിനുണ്ടെന്ന് കരുതപ്പെടുന്നു. മഹാഭാരതത്തിൽ പരാമർശിക്കുന്ന ലക്ഷഗൃഹമാണ് ഇതെന്നാണ് ഹിന്ദുവിഭാഗത്തിന്റെ അവകാശം. നിലവിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണ് ഈ ഭൂമി.
1970 ല്‍ ഹിന്ദു വിഭാഗം ദര്‍ഗയ്ക്കകത്ത് അതിക്രമിച്ച് കയറി പ്രാര്‍ഥന നടത്താന്‍ ശ്രമിച്ചു എന്നാരോപിച്ച് ദര്‍ഗാ ഭാരവാഹിയായ മുഖീം ഖാന്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഹിന്ദു പുരോഹിതൻ കൃഷ്ണദത്ത് മഹാരാജിന് എതിരെയായിരുന്നു പരാതി. എന്നാൽ, മഹാഭാരത കാലഘട്ടത്തിലെ ലക്ഷഗൃഹത്തിലെ 108 ബിഘ ഭൂമിയുടെ ഭാഗമാണ് ഇതെന്നും ഉടമസ്ഥാവകാശം വേണമെന്നും ഹിന്ദു പക്ഷവും ആവശ്യപ്പെട്ടു. നിയമപോരാട്ടങ്ങൾക്കിടെ ഹിന്ദു പക്ഷത്തിന് വേണ്ടി തെളിവുകൾ ഹാജരാക്കിയ കൃഷ്ണദത്ത് മഹാരാജും മുസ്ലീം പക്ഷത്തിന് വേണ്ടി കേസ് ഫയൽ ചെയ്ത മുഖിം ഖാനും അന്തരിച്ചു.
32 പേജുള്ള കോടതി ഉത്തരവിൽ മുസ്ലിം പക്ഷത്തിന്റെ മുഴുവൻ അവകാശവാദങ്ങളും കോടതി നിരാകരിച്ചതായി ഹിന്ദു വിഭാഗത്തിന് വേണ്ടി ഹാജരായ രൺവീർ സിങ് തോമർ പറഞ്ഞു. ബാഗ്പത് ജില്ലയിലെ ഹിൻഡൻ, കൃഷ്ണ നദികളുടെ സംഗമസ്ഥാനത്താണ് ചരിത്രപ്രസിദ്ധമായ ഈ കുന്ന് സ്ഥിതി ചെയ്യുന്നത്. ലക്ഷ ഗൃഹവുമായി ബന്ധപ്പെട്ട മുഴുവൻ തെളിവുകളും തങ്ങൾ കോടതിയിൽ സമർപ്പിച്ചെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് മുസ്ലിം വിഭാഗത്തിന്റെ ഹർജി തള്ളിയതെന്നും തോമർ പറയുന്നു.
സർക്കാർ രേഖകളിൽ ഇവിടെ ശ്മശാനമുണ്ട് എന്നതിന് തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചു. ഭൂമിയുടെ ഉടമസ്ഥാവകാശം പൂർണമായും ഹിന്ദു പക്ഷത്തിനായിരിക്കുമെന്ന് കോടതി ഉത്തരവിട്ടു. പാണ്ഡവ കാലഘട്ടത്തിലെ ഒരു തുരങ്കം ഇവിടെയുണ്ടെന്നും ഹിന്ദു പക്ഷം വാദിച്ചിരുന്നു. ലക്ഷഗൃഹത്തിൽനിന്ന് പാണ്ഡവർ രക്ഷപ്പെട്ടത് ഈ തുരങ്കത്തിലൂടെയാണെന്നും അവകാശവാദം ഉന്നയിക്കുന്നു. അതേസമയം അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കുമെന്ന് മുസ്ലീം വിഭാഗം അഭിഭാഷകന്‍ അഡ്വ. ഷാഹിദ് ഖാന്‍ അറിയിച്ചു.
English Summary: Court Dismisses Plea Claiming ‘Lakshagriha’ Site Graveyard and Dargah of Sheikh Badruddin
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.