1996ല്‍ ഗുജറാത്തിലെ ബനസ്കന്ത ജില്ലയിലെ പാലന്‍പൂരില്‍ നിന്ന് മയക്കുമരുന്ന് പിടികൂടിയ കേസില്‍ ജയിലില്‍ കഴിയുന്ന ഐപിഎസ് ഓഫിസര്‍ സഞ്ജീവ് ഭട്ട് കുറ്റക്കാരനെന്ന് സെഷന്‍സ് കോടതി. ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. 1996ല്‍ പാലന്‍പൂരിലെ അഭിഭാഷകന്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ നിന്ന് മയക്ക് മരുന്ന് പിടികൂടിയ സംഭവത്തില്‍ തെറ്റായ പ്രതിയെ ഉള്‍പ്പെടുത്തിയെന്ന കേസിലാണ് ഭട്ട് കുറ്റക്കാരണെന്ന് ജഡ്ജി ജെ എന്‍ താക്കര്‍ വിധിച്ചത്. സഞ്ജീവ് ഭട്ട് പാലന്‍പൂരില്‍ എസ്‌പിയായി ജോലി ചെയ്തു വരുന്ന വേളയിലാണ് സംഭവം. രാജസ്ഥാന്‍ സ്വദേശിയായ സുമര്‍സിങ് രാജ് പുരോഹിതില്‍ നിന്ന് മയക്കുമരുന്ന് പിടികൂടിയെന്ന കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍ ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുമര്‍ സിങ്ങിനെ പ്രതി ചേര്‍ക്കുകയായിരുന്നുവെന്നാണ് രാജസ്ഥാന്‍ പൊലീസിന്റെ വിശദീകരണം. അറസ്റ്റിനെതിരെ സുമര്‍ സിങ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വര്‍ഷങ്ങള്‍ക്കുശേഷം വിധി പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ക്രിമിനല്‍ കേസില്‍ ഇത് രണ്ടാം തവണയാണ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുന്നത്. 2019ല്‍ കസ്റ്റഡി മരണക്കേസില്‍ ജാംനഗര്‍ കോടതി ഭട്ട് കുറ്റക്കാരനാണെന്ന് വിധിച്ചിരുന്നു.
നേരത്തെ ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോഡി, അമിത് ഷാ എന്നിവര്‍ക്കെതിരെ മൊഴി നല്‍കിയത് മുതല്‍ വ്യാജ കേസുകള്‍ ചുമത്തി സഞ്ജയ് ഭട്ടിനെ വേട്ടയാടുകയാണ് കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍.
2015ല്‍ ബനസ്കന്ത ജില്ലാ പൊലീസ് മേധാവിയായിരിക്കെയാണ് അന്നത്തെ മോഡി സര്‍ക്കാര്‍ സഞ്ജീവ് ഭട്ടിനെ സര്‍വീസില്‍ നിന്ന് പുറത്താക്കിയത്. തുടര്‍ന്ന് വിവിധ കേസുകളില്‍ കുടുക്കി ജയിലിലടയ്ക്കുകയായിരുന്നു. സഞ്ജീവ് ഭട്ടിനെതിരെയുള്ള വിധിയില്‍ പ്രതികരണവുമായി ഭാര്യ ശ്വേത രംഗത്ത് വന്നു. കോടതി വിധി നീതിയുക്തമല്ലെന്നും വര്‍ഷങ്ങളായി സംസ്ഥാന സര്‍ക്കാര്‍ തുടരുന്ന പ്രതികാര മനോഭാവത്തിന്റെ ഉദാഹരണമാണ് വൈകിയുണ്ടായ കോടതി വിധിയെന്നും അവര്‍ പറഞ്ഞു.
English Summary:Court finds Sanjeev Bhatt guilty in drug case; Sentencing will be announced today
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.