4 March 2026, Wednesday

Related news

February 26, 2026
February 24, 2026
February 23, 2026
February 22, 2026
February 20, 2026
February 17, 2026
February 6, 2026
February 6, 2026
February 3, 2026
February 2, 2026

കെഎസ്ആർടിസി ബസ് ഓപ്പറേറ്റിങ് സെന്ററും സ്റ്റാൻഡും സ്ഥിതിചെയ്യുന്ന സ്ഥലം മൂന്ന് മാസത്തിനുള്ളിൽ ഒഴിഞ്ഞു നൽകണമെന്ന് കോടതി ഉത്തരവ്

Janayugom Webdesk
എരുമേലി
August 12, 2025 9:24 am

കെ എസ് ആർ ടി സി ബസ് ഓപ്പറേറ്റിങ് സെന്ററും സ്റ്റാൻഡും പ്രവർത്തിക്കുന്ന സ്ഥലം മൂന്ന് മാസത്തിനുള്ളിൽ ഉടമസ്ഥർക്ക് ഒഴിഞ്ഞു നൽകണമെന്ന് പാലാ സബ് കോടതി ഉത്തരവിട്ടു. ചിറക്കടവ് വൃന്ദാവൻ വീട്ടിൽ ഗോപി രാജഗോപാലും മക്കളും നൽകിയ ഹർജിയിലാണു സബ് ജഡ്ജ് രാജശ്രീ രാജഗോപാലിന്റെ ഉത്തരവ്. ഈ സ്ഥലത്തിന്റെ യഥാർത്ഥ ഉടമ എരുമേലി വികസനസമിതി മുൻ പ്രസിഡന്റും പരേതനുമായ അഡ്വ. പി ആർ രാജഗോപാൽ ആണെന്ന് ഇദ്ദേഹത്തിന്റെ ഭാര്യ ഗോപി രാജഗോപാൽ തെളിവുകൾ ഹാജരാക്കി കോടതിയിൽ അറിയിച്ചു. എരുമേലി ധർമശാസ്താ ക്ഷേത്രത്തിനു സമീപത്തുള്ള 50 സെന്റിലാണ് 25 സർവീസുകളും 130 ജീവനക്കാരുമുള്ള ഓപ്പറേറ്റിങ് സെന്ററിന്റെ പ്രവർത്തനം. ശബരിമലയിലേക്കു പോകാനുള്ളവർ ഇവിടെയാണ് ബസ് ഇറങ്ങുന്നത്. ഓഫിസ്, ടിക്കറ്റ് കാഷ് കൗണ്ടർ, യാത്രക്കാർക്കുള്ള വിശ്രമകേന്ദ്രം, ജീവനക്കാർക്കും യാത്രക്കാർക്കുമുള്ള ശുചിമുറികൾ എന്നിവ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കോടതി ഉത്തരവ് വന്നതോടെ സ്ഥലത്തിന് വാടക വാങ്ങിക്കൊണ്ടിരുന്ന ദേവസ്വം ബോർഡും സ്ഥലം കൈവശം വെച്ചിരിക്കുന്ന കെഎസ്ആർടി സിയും സ്ഥലത്ത് ജനകീയാസൂത്രണ പദ്ധതിയിൽ കെട്ടിടം നിർമിച്ചു കൊടുത്ത എരുമേലി പഞ്ചായത്തും വെട്ടിലായിരിക്കുകയാണ്.
വിഷയം ചർച്ച ചെയ്യാൻ നാളെ രാവിലെ പത്തിന് എരുമേലി പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ യോഗം ചേരുമെന്ന് എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു. കോടതി ഉത്തരവ് സ്റ്റേ ചെയ്യാനുള്ള നിയമനടപടികൾ സംബന്ധിച്ച് യോഗം ചർച്ച ചെയ്യും. ഗോപി രാജഗോപാൽ നൽകിയ ഹർജിയിൽ ദേവസ്വം ബോർഡ്, കെഎസ്ആർടിസി അധികൃതർ എന്നിവരുടെ വാദം കേട്ട ശേഷമാണ് കോടതി ഉത്തരവ്. മൂന്ന് മാസത്തിനകം സ്ഥലം ഒഴിഞ്ഞു രാജഗോപാലിന്റെ ഭാര്യയ്ക്ക് വിട്ടു കൊടുക്കാനാണ് ഉത്തരവ്. 1977 ൽ തന്റെ ഭർത്താവ് 50 സെന്റ് സ്ഥലം കെഎസ്ആർടിസിക്ക് വാക്കാൽ അനുവദിച്ചതാണെന്നും ഇതിന് രേഖ നൽകിയിട്ടില്ലന്നും എരുമേലിയിൽ ശബരിമല സീസണിലെ തിരക്ക് പരിഹരിക്കാൻ വേണ്ടി കെഎസ്ആർടിസി ബസുകൾ പാർക്ക് ചെയ്യുന്നതിന് താൽക്കാലിക സൗകര്യം എന്ന നിലയിലാണ് പൊതു പ്രവർത്തകനായ അദ്ദേഹം സ്ഥലം നൽകിയതെന്നും എന്നാൽ പല തവണ തിരികെ സ്ഥലം ആവശ്യപ്പെട്ടിട്ടും വിട്ടു കിട്ടിയില്ല എന്നും ഗോപി രാജഗോപാൽ കോടതിയിൽ അറിയിച്ചു.

അതേസമയം ഈ സ്ഥലം തങ്ങൾക്ക് പാട്ട വാടക ആയി തിരുവിതാംകൂർ ദേവസ്വം ബോർഡ് ആണ് നൽകിയതെന്നും വർഷം തോറും ആയിരം രൂപ വീതം പാട്ടത്തുക നൽകുന്നുണ്ടെന്നും ഇതിന് 2029 വരെ കാലാവധി ഉണ്ടെന്നും കെഎസ്ആർ ടിസി അധികൃതർ കോടതിയിൽ അറിയിച്ചു. എന്നാൽ സ്ഥലത്തിന്റെ ഉടമസ്ഥ അവകാശം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ ദേവസ്വം ബോർഡിനായിട്ടില്ല. ഇത് മുൻനിർത്തിയാണ് സ്ഥലം വിട്ടു കൊടുക്കാൻ കോടതി ഉത്തരവിട്ടത്. സംസ്ഥാനത്ത് ജനങ്ങൾ നിർമിച്ച ആദ്യ കെഎസ്ആർടിസി ഓപ്പറേറ്റിങ്ങ് സെന്റർ ആണ് എരുമേലിയിലേത്. ഇടയ്ക്ക് നഷ്ടം മൂലം അധികൃതർ പൂട്ടിയപ്പോൾ ജനങ്ങൾ ഒറ്റക്കെട്ടായി ദിവസങ്ങളോളം സത്യഗ്രഹ സമരം നടത്തി സെന്റർ തുറന്നു പ്രവർത്തിപ്പിക്കുകയായിരുന്നു. ഏതാനും വർഷം മുമ്പും സെന്റർ നിർത്താൻ അധികൃതർ ശ്രമിച്ചിരുന്നു. പഞ്ചായത്ത് അംഗങ്ങൾ ചേർന്നാണ് ഈ ശ്രമം തടഞ്ഞത്. 1998 നവംബർ 28 നാണ് സെന്റർ ആരംഭിച്ചത്. ഇതിനായി നേതൃത്വം നൽകിയ പൊതു പ്രവർത്തകരിൽ ടിപി തൊമ്മി, ജോബ്കുട്ടി ഡൊമിനിക് എൻ ബി ഉണ്ണികൃഷ്ണൻ, അഡ്വ അനന്തൻ, ബഷീർ കറുകഞ്ചേരി എന്നിവർ ഇന്ന് ജീവനോടെയില്ല. ഇവർക്കൊപ്പം പൊതു പ്രവർത്തന രംഗത്ത് സജീവമായിരുന്ന വി പി സുഗതൻ, സഖറിയ ഡൊമിനിക് ചെമ്പകത്തുങ്കൽ, പി എ സലിം, ജോസ് മടുക്കകുഴി, പി എ ഇർഷാദ്, വി എസ് ഷുക്കൂർ, ജോസ് പഴയതോട്ടം,ജയേഷ് തമ്പാൻ തുടങ്ങിയവർ ചേർന്നാണ് സെന്ററിന്റെ തുടക്കം യാഥാർഥ്യമാക്കിയത്. ഗതാഗത വകുപ്പിന്റെയും ദേവസ്വം ബോർഡിന്റെയും മന്ത്രിയായിരുന്ന പി. ആർ കുറുപ്പ് ആണ് ഉദ്ഘാടനം നിർവഹിച്ചത്. നാട്ടുകാരുടെ സംഭാവനയും ജീവനക്കാരുടെ സംഘടനയായ എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലയിലെ ഇതര ഡിപ്പോകളിലെ അംഗങ്ങളിൽ നിന്നും കൂപ്പൺ പിരിച്ചു തുക സമാഹരിച്ചും കൂടിയാണ് നിർമാണത്തിന് ഫണ്ട് കണ്ടെത്തിയത്. ചാണ്ടപിള്ള ആയിരുന്നു ആദ്യ ഇൻസ്പെക്ടർ ഇൻ ചാർജ്. ഗുരുവായൂരിലേക്കും വൈക്കത്തിനും ഓപ്പറേറ്റ് ചെയ്ത സർവീസുകളായിരുന്നു ആദ്യ സർവീസുകൾ. പിന്നീട് എരുമേലി ഗുരുവായൂർ ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെ മൂന്ന് സർവീസുകൾ ഫ്ലാഗ് ഓഫ് ചെയ്തു. കോവിഡ് കാലത്തിന് മുൻപ് 29 സർവീസുകൾ വരെ എത്തിയ സ്ഥാനത്ത് ഇപ്പോൾ 24 ഷെഡ്യുളുകൾ ആണ് ഓപ്പറേറ്റ് ചെയ്യുന്നത്. 130 ഓളം ജീവനക്കാരുണ്ട്. ശബരിമല സീസണിൽ പമ്പ സ്പെഷ്യൽ സർവീസിൽ മാത്രം ഒന്നരക്കോടി രൂപയോളം ആണ് വരുമാനം നേടിക്കൊണ്ടിരിക്കുന്നത്. 

Kerala State - Students Savings Scheme

TOP NEWS

March 4, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.