2 January 2026, Friday

Related news

January 2, 2026
December 29, 2025
December 28, 2025
December 28, 2025
December 28, 2025
December 28, 2025
December 28, 2025
December 27, 2025
December 27, 2025
December 27, 2025

അഴിമതിക്ക് കുടചൂടുന്നു; മോഡിക്കെതിരെ സത്യപാല്‍ മാലിക്കിന്റെ വെളിപ്പെടുത്തല്‍

Janayugom Webdesk
ന്യൂഡല്‍ഹി
April 14, 2023 10:49 pm

കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കുമെതിരെ ഗുരുതര ആരോപണവുമായി ജമ്മുകശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്.
അഴിമതി സംബന്ധിച്ച വിഷയത്തില്‍ മോഡിക്ക് യാതൊരു കുലുക്കവുമില്ലെന്നും അഴിമതിക്ക് കുടപിടിക്കുന്ന വ്യക്തിയാണെന്നും അദേഹം ദ വയറിനുവേണ്ടി കരണ്‍ ഥാപ്പര്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നടിച്ചു. മേഘാലയ ഗവര്‍ണറായിരുന്ന തന്നെ മാറ്റിയത് അവിടെ നടക്കുന്ന അഴിമതികളെ കുറിച്ച് മോഡിയോട് പറഞ്ഞതിനു ശേഷമായിരുന്നു. പ്രധാനമന്ത്രിക്ക് ചുറ്റുമുള്ള പലരും അഴിമതിക്കാരാണെന്ന കാര്യവും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പക്ഷേ അദ്ദേഹം അവഗണിച്ചുവെന്ന് മാലിക് പറഞ്ഞു.

ജമ്മുകശ്മീര്‍ എന്തെന്നോ, അവിടുത്തെ വിഷയങ്ങള്‍ എന്തെന്നോ കൃത്യമായ ധാരണ മോഡിക്കില്ല. വലിയ അഴിമതികള്‍ക്ക് സാധ്യതയുള്ള പദ്ധതികള്‍ക്ക് അനുമതി നല്കണമെന്ന ആവശ്യവുമായി ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ സമീപിച്ചതായും മാലിക് വെളിപ്പെടുത്തുന്നുണ്ട്. 300 കോടിയുടെ അഴിമതി നടക്കാനിടയുള്ള പദ്ധതിയുമായി ബിജെപി, ആര്‍എസ്എസ് നേതാവ് റാം മാധവ് തന്നെ വിളിച്ചപ്പോള്‍ പറ്റില്ലെന്ന് പറഞ്ഞു. തുടര്‍ന്ന് രാവിലെ ഏഴുമണിക്ക് അദ്ദേഹം തന്നെ വന്നുകണ്ട് സമ്മര്‍ദം ചെലുത്തുവാന്‍ ശ്രമിച്ചുവെന്നും മാലിക് വെളിപ്പെടുത്തുന്നു.

ജമ്മുകശ്മീരിലെ അവസാന ഗവര്‍ണറായിരുന്നു മാലിക്. ജനതാദള്‍, ലോക്ദള്‍, ഭാരതീയ ലോക്ദള്‍ എന്നിവയില്‍ പ്രവര്‍ത്തിച്ചിരുന്ന മാലിക് 2012ല്‍ ബിജെപിയില്‍ ചേരുകയും ദേശീയ വൈസ് പ്രസിഡന്റാവുകയും ചെയ്തു. ബിജെപി അധികാരത്തിലെത്തിയ ശേഷം 2017ല്‍ ബിഹാര്‍ ഗവര്‍ണറായി നിയമിതനായി. പിന്നീട് ഗോവ, മേഘാലയ എന്നീ സംസ്ഥാനങ്ങളിലും ഗവര്‍ണര്‍ പദവി വഹിച്ചിരുന്നു.

പുല്‍വാമയില്‍ കേന്ദ്ര വീഴ്ച

പുല്‍വാമ ഭീകരാക്രമണത്തില്‍ ജവാന്‍മാരുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ ആഭ്യന്തര വകുപ്പിന്റെ നിഷ്ക്രിയത്വം വളരെ വലുതാണെന്ന് സത്യപാല്‍ മാലിക്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചത്. ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ അത് ആരോടും പറയാതെ മറച്ചുപിടിക്കണമെന്നാണ് മോഡി ആവശ്യപ്പെട്ടതെന്നും മാലിക് വ്യക്തമാക്കുന്നു.

ജവാന്മാരെ കൊണ്ടുപോകാന്‍ വിമാനം ആവശ്യപ്പെട്ട സിആര്‍പിഎഫ് അധികൃതരുടെ അപേക്ഷ നിഷ്കരുണം ആഭ്യന്തര വകുപ്പ് നിരസിച്ചു. തുടര്‍ന്നാണ് വാഹനത്തില്‍ അവര്‍ ലക്ഷ്യസ്ഥാനത്തേയ്ക്ക് നീങ്ങിയത്. സുരക്ഷയിലും മറ്റ് നടപടിക്രമങ്ങളിലും സംഭവിച്ച പാളിച്ച സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് കേന്ദ്രത്തിനു താന്‍ സമര്‍പ്പിച്ചു. ഏതാനും നാള്‍ കഴിഞ്ഞ് മോഡിയെ സന്ദര്‍ശിച്ചപ്പോള്‍ വിഷയത്തില്‍ മൗനം പാലിക്കാന്‍ പ്രധാനമന്ത്രി നേരിട്ട് അഭ്യര്‍ത്ഥിച്ചതായി മാലിക് വെളിപ്പെടുത്തി. ദേശീയ സൂരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും ഇക്കാര്യം ആവശ്യപ്പെട്ടു. ഇരുവരുടെയും ആവശ്യം തന്നെ കൂടുതല്‍ ചിന്തിപ്പിച്ചതായും പാകിസ്ഥാന്റെ മേല്‍ കുറ്റം ചുമത്തി തെരഞ്ഞെടുപ്പ് വിജയിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞതായും മാലിക് പറഞ്ഞു.
300 കിലോ ആര്‍ഡിഎക്സ് പാകിസ്ഥാനില്‍ നിന്ന് കൊണ്ടു വന്ന് സുരക്ഷിതമായി ഒളിപ്പിക്കാന്‍ ഭീകരര്‍ക്ക് എങ്ങനെ സാധിച്ചുവെന്ന് ഇപ്പോഴും മനസിലാകുന്നില്ലെന്നും മാലിക് പറഞ്ഞു.

Eng­lish Summary;Covers cor­rup­tion; Satya­pal Malik’s rev­e­la­tion against Modi

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.