കോവിഡ് കാലം ലോകത്തെമ്പാടും ലഹരി മരുന്നുകളുടെ ഉപയോഗം വർധിച്ചെന്ന് ഐക്യരാഷ്ട്ര സഭയുടെ ഓഫീസ് ഓൺ ഡ്രഗ്സ് ആന്റ് ക്രൈം (യുഎൻഒഡിസി) ദക്ഷിണേഷ്യാ പ്രതിനിധി മാർകോ ടെഷീറ പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ സഹകരണത്തോടെ സംഘടിപ്പിച്ച അന്താരാഷ്ട്ര ലഹരി വിരുദ്ധ സെമിനാറായ ചിൽഡ്രൻ മാറ്ററിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
കോവിഡ് കാലം ലഹരി ഉപയോഗത്തിൽ വർധനവുണ്ടാക്കിയിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ പ്രാഥമിക സർവേഫലങ്ങളും കണക്കുകളും സൂചിപ്പിക്കുന്നത്. ലഹരി വിമുക്ത ചികിത്സകളെ ഇത് ബാധിച്ചു. കോവിഡ് കാലത്തെ ലോക്ഡൗൺ, മാനസിക പിരിമുറുക്കം, അമിതമായ ഇന്റർനെറ്റ് ഉപയോഗം എന്നിവ ലഹരി ഉപയോഗം കൂട്ടാൻ കാരണമായിട്ടുണ്ട്. ലഹരി മരുന്നുകൾ നിയമവിധേയമാക്കണോയെന്നത് അതത് രാജ്യങ്ങൾ തീരുമാനിക്കേണ്ട കാര്യമാണ്. ഇതിന് അനുകൂലമായും പ്രതികൂലമായും ലോകത്തെമ്പാടും ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ സ്വന്തം രാജ്യത്തിലെ ജനങ്ങൾ ഈ തീരുമാനത്തിന് പാകപ്പെട്ടവരാണോയെന്ന് ചിന്തിക്കണം. അതിൽ പാളിച്ചകൾ ഉണ്ടായാൽ ചിന്തിക്കാനാവാത്ത ദുരന്തം ഉണ്ടാകാനാണ് സാധ്യത.
കേവലം അക്കാദമിക വിദ്യാഭ്യാസത്തിലെ മേന്മകൊണ്ടു മാത്രം ആരോഗ്യകരമായ സമൂഹം ഉരുത്തിരിഞ്ഞു വരില്ല. ലഹരി വിമുക്ത നടപടികൾ പാഠ്യവിഷയത്തിന്റെ ഭാഗമാകണം. അധ്യാപക പരിശീലനത്തിൽ ലഹരി വിമോചനം പ്രത്യേക വിഷയമാക്കണം. കുട്ടികളിലെ ഇത്തരം പ്രവണതകൾ തുടക്കത്തിലേ കണ്ടുപിടിക്കുന്നതിനുള്ള വഴികൾ, വിദ്യാലയങ്ങളിലേക്ക് ലഹരി കടക്കുന്നത് തടയുന്നതിനുള്ള ശാസ്ത്രീയവും ഫലപ്രദവുമായ മാർഗങ്ങൾ എന്നിവയിലും അധ്യാപകർക്ക് പരിശീലനം നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
English Summary:Covid-19 has increased drug use: UN representative
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.