22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 18, 2024
December 17, 2024
December 11, 2024
December 10, 2024
December 10, 2024
December 10, 2024
December 9, 2024
December 7, 2024
December 6, 2024

കോവിഡ് മരണങ്ങള്‍ എട്ടിരട്ടി; ഇന്ത്യയില്‍ 2020 ല്‍ മാത്രം 11.9 ലക്ഷം അധിക മരണങ്ങളെന്ന് പുതിയ പഠനം

ആയുര്‍ദൈര്‍ഘ്യത്തില്‍ ഇടിവുണ്ടാക്കി
Janayugom Webdesk
ന്യൂഡൽഹി
July 20, 2024 9:57 pm

കോവിഡ് മരണത്തിന്റെ കണക്കുകളില്‍ കേന്ദ്രസര്‍ക്കാര്‍ കൃത്രിമം കാട്ടിയെന്ന് വെളിപ്പെടുത്തി വീണ്ടും റിപ്പോര്‍ട്ട്. സർക്കാർ പുറത്തുവിട്ട കണക്കിനെക്കാൾ അധികം ആളുകൾ 2020ൽ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. രാജ്യം കോവിഡ് മഹാമാരിയുടെ ആഘാതത്തില്‍ നിന്നും ഇനിയും മുക്തമായിട്ടില്ലെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു. കോവിഡിന്റെ ആദ്യ വർഷത്തിൽ തന്നെ 11.9 ലക്ഷം അധിക മരണങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇത് സർക്കാർ കണക്കിനെക്കാൾ എട്ടിരട്ടി അധികമാണ്. ആദിവാസികൾ, ദളിതർ, മുസ്ലിങ്ങള്‍ തുടങ്ങിയ പാർശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളെയും പുരുഷൻമാരെക്കാൾ അധികം സ്ത്രീകളെയുമാണ് കോവിഡ് കൂടുതൽ ബാധിച്ചതെന്നും പഠനം വിലയിരുത്തി. സ്ത്രീകളിലും പിന്നാക്ക വിഭാഗങ്ങളിലും ആയുർദൈർഘ്യത്തിൽ വലിയ കുറവ് വരുന്നതായി പഠനം കണ്ടെത്തി. 

2020ൽ രാജ്യത്തെ മരണനിരക്ക് 17 ശതമാനം അധികമായിരുന്നു. യുഎസ്, യുകെ എന്നിവിടങ്ങളില്‍ നിന്നുള്ള 10 ഗവേഷകരുടെ നേതൃത്വത്തിലായിരുന്നു പഠനം. 2019–21 കാലയളവിലെ ദേശീയ കുടുംബാരോഗ്യ സർവേ-5ലെ കണക്കുകളാണ് പഠനത്തിന് അടിസ്ഥാനം. പ്രായം, ലിംഗഭേദം, സാമൂഹിക അസമത്വം എന്നിവയിൽ കോവിഡ് സൃഷ്ടിക്കുന്ന ആഘാതമാണ് ഔദ്യോഗിക രേഖ ഉപയോഗിച്ച് പഠനവിധേയമാക്കിയത്. കോവിഡ് മഹാമാരിയുടെ ഫലമായി മുസ്ലിങ്ങളുടെ ആയുർദൈർഘ്യം 5.4 വർഷം കുറഞ്ഞു. പട്ടികവർഗക്കാരിൽ 4.1ഉം പട്ടിക വിഭാഗത്തിൽ 2.7 വർഷവുമാണ് കുറവ്. ഉന്നത ജാതി ഹിന്ദു വിഭാഗത്തിലും മറ്റു പിന്നാക്ക വിഭാഗക്കാരിലും ഇത് 1.3 വർഷമാണ്. സ്ത്രീകളുടെ ആയുർദൈർഘ്യം 3.1 വര്‍ഷവും പുരുഷൻമാരുടേത് 2.1 വർഷവും കുറഞ്ഞു. രണ്ട് കണക്കും ചേർന്നാൽ ഇന്ത്യയിലെ മൊത്തം ആയുർദൈര്‍ഘ്യ നഷ്ടം 2.6 വർഷമാണെന്നും സയൻസ് അഡ്വാൻസിൽ പ്രസിദ്ധീകരിച്ച പഠനത്തിലുണ്ട്. 

നേരത്തേ സർക്കാർ സംവിധാനങ്ങൾ രേഖപ്പെടുത്താത്ത കോവിഡ് മരണങ്ങൾ സംബന്ധിച്ച കണക്ക് ലോകാരോഗ്യ സംഘടന റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. ഈ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ 2020, 21 വർഷങ്ങളിൽ 47 ലക്ഷം കോവിഡ് മരണങ്ങൾ സംഭവിച്ചതായി പറയുന്നുണ്ട്. 2020ൽ ഏകദേശം ഒന്നര ലക്ഷമാണ് ഔദ്യോഗിക മരണനിരക്ക്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഇത് എട്ട് ലക്ഷമാണ്. ഇതിനെക്കാൾ ഒന്നര മടങ്ങും സർക്കാർ കണക്കിനെക്കാൾ എട്ട് മടങ്ങുമാണ് യഥാര്‍ത്ഥ മരണസംഖ്യയെന്ന് പുതിയ പഠനം പറയുന്നു.

അതേസമയം പുതിയ കണ്ടെത്തലുകളെ ആരോഗ്യമന്ത്രാലയം തള്ളി. പഠനത്തിന് രീതിശാസ്ത്രപരമായ ഗുരുതര പിഴവുകളുണ്ടെന്നും അതിനാൽ തെറ്റായ നിഗമനത്തിലാണ് എത്തിച്ചേർന്നിരിക്കുന്നതെന്നും നിതി ആയോഗ് അംഗം വിനോദ് പോൾ പ്രതികരിച്ചു. രാജ്യത്ത് സംഭവിച്ച 99 ശതമാനത്തിലേറെയും മരണങ്ങൾ സിവിൽ രജിസ്ട്രേഷൻ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2019നെ അപേക്ഷിച്ച് 2020ൽ 4.74 ലക്ഷം അധിക മരണം സംഭവിച്ചിട്ടുണ്ട്. പഠനത്തിൽ കണ്ടെത്തിയ 11.9 ലക്ഷം അധികമരണം അംഗീകരിക്കാനാവാത്തതാണന്നും പോൾ പറയുന്നു. 

Eng­lish Sum­ma­ry: Covid deaths increase eight­fold; New study that 11.9 lakh addi­tion­al deaths in India alone in 2020
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.