22 December 2024, Sunday
KSFE Galaxy Chits Banner 2

കോവിഷീൽഡും കോവാക്സിനും പൊതുവിപണിയിലേക്ക്

Janayugom Webdesk
ന്യൂഡൽഹി
January 19, 2022 11:03 pm

നിലവിൽ അടിയന്തര ഉപയോഗത്തിന് മാത്രം അനുമതിയുള്ള കോവിഡ് വാക്സിനുകളായ കോവിഷീൽഡ്, കോവാക്സിൻ എന്നിവ നിബന്ധനകൾക്ക് വിധേയമായി പൊതുവിപണിയിൽ വില്‍ക്കാൻ ശുപാർശ. ഫാർമ കമ്പനികളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് എന്നിവ തങ്ങളുടെ വാക്സിനുകളുടെ വിപണനത്തിന് അംഗീകാരം തേടി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യക്ക് നല്കിയ അപേക്ഷ പരിഗണിച്ചാണ് ശുപാർശ. വാക്സിനുകള്‍ വിപണനം ചെയ്യുന്നതിനുള്ള അനുമതി നൽകാൻ ദേശീയ ഡ്രഗ് അതോറിറ്റിയുടെ വിദഗ്ധ സമിതി ശുപാർശ ചെയ്തതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. 

സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡയറക്ടർ പ്രകാശ് കുമാർ സിങ് ഈ വിഷയത്തിൽ ഒക്ടോബർ 25 നാണ് ഡിസിജിഐക്ക് അപേക്ഷ നൽകിയത്. കൂടുതൽ ഡാറ്റയും രേഖകളും ഡിസിജിഐ ആവശ്യപ്പെട്ടതനുസരിച്ച് കമ്പനി അവ സമർപ്പിച്ചു. മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതിനു പുറമേ രാജ്യത്തും പുറത്തുമായി 100 കോടി ഡോസ് കോവിഷീൽഡ് വാക്സിൻ നൽകിയിട്ടുണ്ടെന്നും സിങ് പറഞ്ഞു. 

ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് രാസവിദ്യ, നിർമ്മാണം എന്നിവയെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും പ്രീ-ക്ലിനിക്കൽ, ക്ലിനിക്കൽ ഡാറ്റകൾക്കൊപ്പം രണ്ടാഴ്ച മുമ്പ് ഡിസിജിഐക്ക് നല്കിയിരുന്നുവെന്ന് ഡയറക്ടർ വി കൃഷ്ണ മോഹൻ പറഞ്ഞു. സെൻട്രൽ ഡ്രഗ്സ് സ്റ്റാന്റേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ വിഷയ വിദഗ്ധ സമിതി ഭാരത് ബയോടെക്കിന്റെ അപേക്ഷ അവലോകനം ചെയ്ത ശേഷമാണ് നിബന്ധനകൾക്ക് വിധേയമായി കോവിഷീൽഡ്, കോവാക്സിൻ എന്നിവയ്ക്ക് വിപണി അംഗീകാരത്തിന് ശുപാർശ ചെയ്തതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
eng­lish summary;Covi shield and co vac­cine to the gen­er­al market
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.