17 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 14, 2025
April 12, 2025
March 26, 2025
March 25, 2025
March 24, 2025
March 22, 2025
March 21, 2025
March 17, 2025
March 13, 2025
March 11, 2025

പശു സംരക്ഷണവും മനുഷ്യക്കുരുതിയും

Janayugom Webdesk
January 19, 2025 5:00 am

എല്ലാ കലാപങ്ങളും കൂട്ടക്കൊലയില്‍ കലാശിച്ചില്ലെങ്കിലും പലവിധത്തിൽ അതിക്രമങ്ങള്‍ ഭയാനകമായി പെരുകുകയാണ്. മുഖ്യമായത് ഗോസംരക്ഷണത്തിന്റെ പേരിലാണ്. ആക്രമണം യഥാർത്ഥവും മാരകവുമാണ്; ന്യായീകരണങ്ങള്‍ യുക്തിരഹിതവും. തീവ്രഹിന്ദുത്വം ചുക്കാന്‍ പിടിക്കുന്ന ഭരണം ഒരു ദശാബ്ദത്തിലധികമായി തുടരുന്നു. വൈവിധ്യവും നാനാത്വവും സംസ്കാരത്തിന്റെ ഭാഗമെന്ന് പറയുമ്പോള്‍ പരിഹാസമാണ് മറുപടി. ഭൂരിപക്ഷവാദം അധികാരത്തിന്റെ താക്കോല്‍സ്ഥാനം കൈയടക്കിയിരിക്കുകയാണ്. 2014 മുതൽ, തീവ്രഹിന്ദുത്വ ഗ്രൂപ്പുകൾ മുസ്ലിങ്ങൾക്കെതിരെ പ്രയോഗിക്കുന്ന ആയുധങ്ങളിലൊന്നാണ് ഗോസംരക്ഷണം. മൊറാദാബാദിൽ മുഹമ്മദ് ഷാഹിദീൻ ഖുറേഷി എന്ന ഇസ്ലാം മതവിശ്വാസി കൊല ചെയ്യപ്പെട്ടതാണ് സമീപകാല സംഭവം. 2024 ഡിസംബർ 30ന്, പശുവിനെ കൊന്നുവെന്നാരോപിച്ച് ‘ജയ് ശ്രീറാം’ വിളികളോടെ പാഞ്ഞടുത്ത അക്രമിക്കൂട്ടം ഖുറേഷിയെയും സുഹൃത്ത് മുഹമ്മദ് അദ്നാനെയും ക്രൂരമായി ആക്രമിച്ചു. അദ്നാൻ ഓടിമറഞ്ഞ് ജീവന്‍ രക്ഷിച്ചു. ഖുറേഷിക്ക് ക്രൂരമായ മർദനങ്ങളാണ് നേരിടേണ്ടി വന്നത്. പൊലീസ് ഭാഷ്യം അനുസരിച്ചാണെങ്കില്‍ മൊറാദാബാദ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചയുടന്‍ മരിച്ചു. 

ഒരു ദേശീയ ദിനപത്രത്തിലെ റിപ്പോർട്ട് മജോല സ്റ്റേഷൻ ഹൗസ് ഓഫിസർ മോഹിത് ചൗധരിയുടെ വാക്കുകള്‍ ഉദ്ധരിക്കുന്നു: “ഗോവധത്തിന്റെ പേരില്‍ പൊലീസ് ഖുറേഷിക്കും മുഹമ്മദ് അദ്നാനും എതിരെ സ്വമേധയാ കേസെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തു. അത് പശുവാണോ, കന്നുകാലി തന്നെയാണോ എന്ന് പോലും സ്ഥിരീകരിച്ചിട്ടില്ലാത്ത ജനക്കൂട്ടം ഖുറേഷിയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചു.” മറ്റൊരു റിപ്പോർട്ടിൽ, ഭാരതീയ ന്യായ സൻഹിത (ബിഎൻഎസ്) സെക്ഷൻ 103 (1) (കൊലപാതകം) പ്രകാരം അജ്ഞാതരായ വ്യക്തികൾക്കെതിരെ മുഹമ്മദ് ഷാജാദിന്റെ (മരിച്ചയാളുടെ സഹോദരൻ) പരാതിയില്‍ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പശുവിനെ കശാപ്പ് ചെയ്തു എന്നാരോപിച്ച് കൊന്നയാളുടെ കൂട്ടാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. 2024 ഡിസംബർ 30ന് പുലർച്ചെ അദ്നാനും ഖുറേഷിയും കാളയെ അറുക്കുന്നതായി നാട്ടുകാർ കണ്ടെത്തിയെന്നും അദ്നാൻ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയെന്നും എസ്എച്ച്ഒ മോഹിത് ചൗധരി പറഞ്ഞു. എന്നാൽ ഖുറേഷിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അഡീഷണൽ പൊലീസ് സൂപ്രണ്ട് (സിറ്റി) കുമാർ രൺ വിജയ് സിങ് പറഞ്ഞു. ഇത് ഒരു മഞ്ഞുമലയുടെ അംശം മാത്രമാണ്. ക്രമസമാധാന നില കൂടുതൽ വഷളാകുന്നു. ഭൂരിപക്ഷവാദത്തിന്റെ സഹായത്തോടെ ഏകാധിപത്യ ഭരണം സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. 

നാടിന്റെ സംയോജിത സംസ്കാരം ഒരു വിഭജന നിലപാടും അനുവദിക്കുന്നില്ല. രാജ്യത്തിന്റെ ഭരണഘടന, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവയുടെ അടിസ്ഥാനതത്വങ്ങളിൽ നിലകൊള്ളുന്നു. സമുദായമോ ജാതിയോ ലിംഗഭേദമോ നോക്കാതെ എല്ലാ പൗരന്മാർക്കും വോട്ടവകാശം ഉറപ്പാക്കിയിട്ടുമുണ്ട്. 2019 ജൂൺ മുതൽ 24 മാർച്ച് വരെയുള്ള കാലയളവിൽ മുസ്ലിം ജനതയ്ക്കെതിരായ അക്രമങ്ങളില്‍ ഗോസംരക്ഷണ പ്രവർത്തകരായിരുന്നു മുന്നില്‍. മറ്റൊരു റിപ്പോർട്ടിൽ, 2010നും 17 മധ്യത്തിനും ഇടയിൽ, രാജ്യത്ത് പശുസംരക്ഷണത്തിന്റെ സംരക്ഷണത്തിന്റെ പേരില്‍ 63 ആക്രമണങ്ങൾ നടന്നു. 28 പേര്‍ കൊല്ലപ്പെട്ടതിൽ 24 പേര്‍ മുസ്ലിങ്ങളായിരുന്നു. 124 പേർക്ക് പരിക്കേറ്റു. 2015 മുതൽ രാജ്യത്ത് പശു സംരക്ഷകരുടെ അക്രമങ്ങളിൽ വർധനവുണ്ടായിട്ടുണ്ടെന്നും തീവ്രഹിന്ദുത്വ ശക്തികളുടെ പിന്‍ബലമാണ് ഇതിന് കാരണമെന്നും ഹ്യൂമൻ റൈറ്റ്സ് വാച്ച് നിരീക്ഷിക്കുന്നു. പശുവുമായി ബന്ധപ്പെട്ട അക്രമങ്ങൾ 2011ല്‍ ആൾക്കൂട്ട കൊലപാതകങ്ങളുടെയോ ഇതര ആക്രമണങ്ങളുടെയോ വിഹിതത്തിന്റെ അഞ്ചു ശതമാനമായിരുന്നത് 2017ൽ 20 ശതമാനമായി ഉയർന്നു. വർഗീയ ധ്രുവീകരണത്തിലേക്ക് നയിക്കുന്ന വിഭജനതന്ത്രത്തിന്റെ അനന്തരഫലം കൂടിയാണിത്. ന്യൂനപക്ഷ സമുദായത്തില്‍ ഭയത്തിന്റെയും ഭീഷണിയുടെയും അന്തരീക്ഷം സൃഷ്ടിക്കാൻ ഇത് വഴിയാകുന്നു. 

പശുവിനെ കൊന്നതിന് പ്രതികാരമായി മനുഷ്യനെ ഉന്മൂലനം ചെയ്യുകയെന്ന ഘട്ടത്തിലാണ് രാജ്യത്തെ തീവ്രവലതു രാഷ്ട്രീയം. 2011ലെ ആക്രമങ്ങളില്‍ പശു കാരണമായുള്ളത് അഞ്ച് ശതമാനമെങ്കില്‍ 2017ൽ 20 ശതമാനമായി. ഗോസംരക്ഷകരുടെ എണ്ണം വർധിക്കുന്നതിൽ സുപ്രീം കോടതിയും ഉത്കണ്ഠ രേഖപ്പെടുത്തി. ആൾക്കൂട്ട അക്രമത്തിന്റെ അപകടങ്ങളും അത് ഇന്ത്യയുടെ മതേതരഘടനയെ എങ്ങനെ ബാധിക്കുന്നുവെന്നും ജുഡീഷ്യറി വീണ്ടും വീണ്ടും ഓര്‍മ്മപ്പെടുത്തി. കൊല്ലപ്പെട്ട ആള്‍ക്കെതിരെ എഫ്ഐആർ ഫയൽ ചെയ്ത മൊറാദാബാദ് പൊലീസിന്റെ നടപടി, ഇന്ത്യയുടെ നിയമപാലക സംവിധാനങ്ങളിൽപ്പോലും ആഴത്തിൽ വേരൂന്നിയ പക്ഷപാതത്തെയും തീവ്രഹിന്ദു ദേശീയ പ്രത്യയശാസ്ത്രത്തെയും പ്രതിഫലിപ്പിക്കുന്നു. സ്വയം നിയമത്തിന്റെ സംരക്ഷകരും, നിയമം സ്വയം നിര്‍മ്മിച്ചവരുമായ ഒരു സംഘം, നിയമം കയ്യിലെടുക്കുമ്പോൾ അരാജകത്വവും ക്രമക്കേടുമാകും ഫലം. ഇത് അക്രമാസക്തമായ സമൂഹത്തിന്റെ ആവിർഭാവത്തിലേക്ക് നയിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.