നാലര പതിറ്റാണ്ടിന് ശേഷം ആതിഥ്യമരുളുന്ന സിപിഐ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍. വെള്ളിയാഴ്ച ആരംഭിച്ച് 18 വരെ വിജയവാഡ നഗരത്തിൽ നടക്കുന്ന പാര്‍ട്ടി കോൺഗ്രസിന്റെ ഒരുക്കങ്ങൾ അതിവേഗത്തിലാണ് മുന്നേറുന്നത്. രാജ്യത്തിന്റെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളെ വരവേല്‍ക്കാനും സമ്മേളത്തിന് തുടക്കംകുറിച്ച് നടക്കുന്ന വന്‍ റാലി വിജയിപ്പിക്കുന്നതിനും സംസ്ഥാനത്താകെ പ്രവര്‍ത്തകര്‍ വിശ്രമമില്ലാത്ത പ്രവര്‍ത്തനത്തിലാണ്. 14 ന് ഉച്ചകഴിഞ്ഞ് മൂന്നിന് ബിആർടിഎസ് റോഡിന്റെ വടക്കേ അറ്റത്തുള്ള മേസാല രാജറാവു പാലം, പഴവിപണി എന്നിവിടങ്ങളിൽ നിന്നാണ് പതിനായിരങ്ങള്‍ പങ്കെടുക്കുന്ന രണ്ടു പ്രകടനങ്ങള്‍ ആരംഭിക്കുക. 26 ജില്ലകളില്‍ നിന്നും പാര്‍ട്ടിയുടെയും ബഹുജനസംഘടനകളുടെയും പതാകകളുമായി തൊഴിലാളികളും കർഷകരും സ്ത്രീകളും യുവജനങ്ങളും വിദ്യാര്‍ത്ഥികളുമുള്‍പ്പെടെ ബഹുജനങ്ങള്‍ പ്രകടനത്തില്‍ അണിനിരക്കും.
ആയിരക്കണക്കിന് റെഡ് വോളണ്ടിയർമാരും ജനസേവാദൾ അംഗങ്ങളും വിവിധ കലാകാരന്മാരും മഹാറാലിയിൽ പങ്കെടുക്കും. 20,000ത്തോളം പതാകകളും പ്ലക്കാര്‍ഡുകളുമാണ് പ്രകടനത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി തയാറാക്കിയിരിക്കുന്നത്. അജിത്‌സിങ് നഗറിലെ എംബിപി സ്റ്റേഡിയത്തില്‍ തയാറാക്കിയ സി രാജേശ്വര്‍ റാവു നഗറിലാണ് പൊതുസമ്മേളനം. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, പാർലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ ഡോ. കെ നാരായണ, അമർജിത് കൗർ, എക്സിക്യൂട്ടീവ് അംഗം ഛഡ്ഡ വെങ്കട്ട റെഡ്ഡി, തെലങ്കാന സംസ്ഥാന സെക്രട്ടറി കെ സാംബശിവറാവു, ആന്ധ്രാപ്രദേശ് സംസ്ഥാന സെക്രട്ടറി കെ രാമകൃഷ്ണ എന്നിവർ പൊതുസമ്മേളനത്തിൽ സംസാരിക്കും. തുടര്‍ന്ന് പ്രജന നാട്യമണ്ഡലി കലാകാരന്മാർ അവതരിപ്പിക്കുന്ന സാംസ്കാരിക പരിപാടികൾ അരങ്ങേറും.
പ്രശസ്ത ചലച്ചിത്ര ഗായകൻ വന്ദേമാതരം ശ്രീനിവാസിന്റെ നേതൃത്വത്തിലാണ് സാംസ്കാരിക പരിപാടികളും വിപ്ലവഗാനാലാപനവും നടക്കുന്നത്. 15 മുതൽ 18 വരെ നാലു ദിവസങ്ങളിലായി ഗുരുദാസ് ദാസ് ഗുപ്ത നഗറി (എസ്എസ് കൺവെൻഷൻ സെന്റര്‍) ലാണ് പ്രതിനിധി സമ്മേളനം. വിജയവാഡ നഗരത്തിലും പരിസരങ്ങളിലും പാര്‍ട്ടി കോണ്‍ഗ്രസിന്റെ വരവറിയിച്ച് കമാനങ്ങളും കൊടികളും ബാനറുകളും പ്ലെക്സിഗ്ലാസുകളും ഹോർഡിങ്ങുകളും നിറഞ്ഞു കഴിഞ്ഞു. വിജയവാഡ ചുവന്ന നഗരമാവുകയും ചെയ്തു. സംസ്ഥാന സെക്രട്ടറി കെ രാമകൃഷ്ണ, അസിസ്റ്റന്റ് സെക്രട്ടറിമാരായ മുപ്പള്ള നാഗേശ്വര റാവു, ജെ വി സത്യനാരായണ മൂർത്തി എന്നിവരാണ് സ്വാഗതസംഘം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നത്. ജി ഒബുലേസു, ദോനെപുടി ശങ്കര്‍, അക്കിനേനി വനജ, ജി ഈശ്വരയ്യ, പി ഹരിനാഥ റെഡ്ഡി, ഡോ. രാംപ്രസാദ്, റവുല വെങ്കയ്യ, അജയ്ബാബു എന്നിവരാണ് വിവിധ സബ് കമ്മിറ്റി പ്രവര്‍ത്തനങ്ങളുടെ മുഖ്യചുമതല വഹിക്കുന്നത്.
English Summary: CPI 24th Party Congress: Preparations in final stage
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.