
നാളെ ആരംഭിക്കുന്ന സിപിഐ 25-ാം പാർട്ടി കോൺഗ്രസിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. റാലി നടക്കുന്ന മൊഹാലി ഉള്‍പ്പെടെ ചണ്ഡീഗഢ് നഗരത്തിലാകെ സമ്മേളന പ്രചരണങ്ങളും അലങ്കാരങ്ങളും കൊണ്ട് നിറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ എത്തിത്തുടങ്ങി. നാളെ വന്‍ റാലിയോടെയാണ് പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമാകുക. റാലിയില്‍ പങ്കെടുക്കുന്നതിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഇന്ന് രാവിലെ മുതല്‍ എത്തിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവര്‍ക്കായുള്ള സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം അമര്‍ജിത് കൗര്‍, സംസ്ഥാന സെക്രട്ടറിയും സംഘാടക സമിതി ജനറല്‍ കണ്‍വീനറുമായ ബന്ത് സിങ് ബ്രാര്‍, സുഖ്ജീന്ദര്‍ മഹേശരി ഉള്‍പ്പെടെ നേതാക്കള്‍ റാലിയും പ്രതിനിധി സമ്മേളനവും നടത്തുന്ന സ്ഥലങ്ങളിലെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി.
കഴിഞ്ഞ ആറുമാസമായി പാര്‍ട്ടി കോണ്‍ഗ്രസിനുള്ള ഒരുക്കങ്ങള്‍ നടന്നുവരുകയായിരുന്നുവെന്ന് അമര്‍ജിത് കൗര്‍ പറഞ്ഞു. മൂന്ന് സംസ്ഥാന ജാഥകള്‍, പാര്‍ട്ടി രക്തസാക്ഷികളുടെ ഭവന സന്ദര്‍ശനം, വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ ഉള്‍പ്പെടെ പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി നടത്തിയ വിവിധ മുന്നൊരുക്കങ്ങള്‍ കൗര്‍ വിശദീകരിച്ചു. നാളെ രാവിലെ 11ന് ജഗത്പുര ബൈപാസ് റോഡില്‍ പഞ്ചാബ് മണ്ഡി ബോര്‍ഡ് മൈതാനത്താണ് റാലി നടക്കുന്നത്. പൊതു സമ്മേളനം ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും. അമര്‍ജിത് കൗര്‍, ബന്ത് സിങ് ബ്രാര്‍, സംഘാടകസമിതി ചെയർമാനും പഞ്ചാബി ട്രിബ്യൂണിന്റെ മുൻ എഡിറ്ററുമായ സ്വരാജ്ബീർ സിങ് ഉള്‍പ്പെടെ നേതാക്കള്‍ പ്രസംഗിക്കും. സുധാകര്‍ റെഡ്ഡി നഗറി (കിസാന്‍ ഭവന്‍) ലാണ് പ്രതിനിധി സമ്മേളനം. തിങ്കളാഴ്ച രാവിലെ പ്രതിനിധി സമ്മേളന ഉദ്ഘാടന ചടങ്ങില്‍ സിപിഐ(എം) ജനറല്‍ സെക്രട്ടറി എം എ ബേബി, സിപിഐ(എംഎല്‍ — ലിബറേഷന്‍) ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ, ആര്‍എസ‌്പി, ഫോര്‍വേഡ് ബ്ലോക്ക് നേതാക്കള്‍ അഭിവാദ്യം ചെയ്യും. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമായി 800ലധികം പ്രതിനിധികളും വിവിധ രാജ്യങ്ങളില്‍നിന്നുള്ള സൗഹാര്‍ദ പ്രതിനിധികളും പങ്കെടുക്കും.
25ന് പുതിയ ദേശീയ കൗണ്‍സിലിനെയും കൗണ്‍സില്‍ യോഗം ചേര്‍ന്ന് ജനറല്‍ സെക്രട്ടറിയെയും സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടീവ് എന്നിവയെ തെരഞ്ഞെടുത്ത ശേഷം പാര്‍ട്ടി കോണ്‍ഗ്രസ് സമാപിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.