12 March 2026, Thursday

കൊട്ടഗുഡം: സിപിഐയുടെ മൂഡ് ഗണേഷ് മേയര്‍

Janayugom Webdesk
ഹൈദരാബാദ്
February 16, 2026 10:58 pm

തെലങ്കാനയിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ചരിത്രം കുറിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ). പുതുതായി രൂപീകരിച്ച കൊട്ടഗുഡെം മുൻസിപ്പൽ കോർപ്പറേഷന്റെ മേയർ സ്ഥാനം സ്വന്തമാക്കി. സംസ്ഥാന രൂപീകരണത്തിന് ശേഷം ആദ്യമായാണ് ഒരു സിപിഐ അംഗം തെലങ്കാനയിൽ മേയർ പദവിയിലെത്തുന്നത്. ഗോത്രവിഭാഗത്തിൽ നിന്നുള്ള മൂഡ് ഗണേഷാണ് പുതിയ മേയർ എന്നതും ഈ വിജയത്തിന്റെ മാറ്റുകൂട്ടുന്നു. 

തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസുമായി നടത്തിയ സീറ്റ് വിഭജന ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് സിപിഐ ഒറ്റയ്ക്കാണ് മത്സരത്തിനിറങ്ങിയത്. സിപിഐ സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമായ കൂനംനേനി സാംബശിവ റാവു ഈ തെരഞ്ഞെടുപ്പിനെ ഒരു വെല്ലുവിളിയായി ഏറ്റെടുത്തു. കോൺഗ്രസ്, ബിആർഎസ്, ബിജെപി കക്ഷികൾക്കെതിരെ 60 ഡിവിഷനുകളിൽ 57 ഇടത്തും സിപിഐ സ്ഥാനാർത്ഥികളെ നിർത്തി. ശക്തമായ ചതുഷ്കോണ മത്സരത്തിനൊടുവിൽ 23 സീറ്റുകൾ നേടി സിപിഐ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി.

തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 22 സീറ്റുകളും ബിആർഎസ് എട്ട് സീറ്റുകളും നേടി. ബിആര്‍എസ് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചെങ്കിലും ദേശീയ തലത്തിലെ ഇന്ത്യ മുന്നണിയുടെ ഭാഗമായതിനാൽ കോൺഗ്രസുമായി ചേർന്ന് ഭരിക്കാനാണ് സിപിഐ തീരുമാനിച്ചത്. കരാർ പ്രകാരം ആദ്യ രണ്ടര വർഷം സിപിഐയും തുടർന്നുള്ള രണ്ടര വർഷം കോൺഗ്രസും മേയർ സ്ഥാനം വഹിക്കും. തെലങ്കാനയിലുടനീളം സിപിഐ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സംസ്ഥാനത്താകെ 41 കൗൺസിലർ/കോർപ്പറേറ്റർ സീറ്റുകൾ പാർട്ടി നേടി. കഴിഞ്ഞ തവണ ഇത് 20 ആയിരുന്നു. രണ്ട് മാസം മുൻപ് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും സിപിഐ കരുത്ത് തെളിയിച്ചിരുന്നു. 91 സർപഞ്ച് സ്ഥാനങ്ങളും 103 ഉപസർപഞ്ച് സ്ഥാനങ്ങളും 948 വാർഡ് മെമ്പർ സ്ഥാനങ്ങളും സിപിഐ പിന്തുണയുള്ളവർ നേടിയിരുന്നു. സാംബശിവ റാവു പ്രതിനിധീകരിക്കുന്ന കൊട്ടഗുഡെം നിയമസഭാ മണ്ഡലത്തിൽ മാത്രം 51 സർപഞ്ചുമാരെ വിജയിപ്പിക്കാൻ സിപിഐക്ക് സാധിച്ചു. 

സിപിഐയുടെ ഈ തിരിച്ചുവരവ് തെലങ്കാനയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും പുരോഗമന ശക്തികൾക്കും വലിയ ആവേശം പകർന്നിട്ടുണ്ട്. പാർട്ടിയുടെ താഴേത്തട്ടിലുള്ള പ്രവർത്തനങ്ങളും കൃത്യമായ രാഷ്ട്രീയ തന്ത്രങ്ങളും വിജയത്തിന് കാരണമായെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.