
രാജ്യത്തെ തൊഴിലാളികളും കർഷക തൊഴിലാളികളും ഉൽപ്പെടെയുള്ള സാധാരണക്കാരെ മോഡിസർക്കാർ ശത്രുക്കളായാണ് കാണുന്നതെന്ന് സിപിഐ സംസ്ഥാന അസി. സെക്രട്ടറി ഇ ചന്ദ്രശേഖരൻ എംഎൽഎ പറഞ്ഞു. സിപിഐ മഞ്ചേശ്വരം മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോഡി സർക്കാർ രാജ്യത്ത് നടപ്പിലാക്കുന്ന കർഷക — തൊഴിലാളി വിരുദ്ധ സമീപനം രാജ്യത്തെ കർഷകരെ കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിനീക്കിയത്.
കാർഷികമേഖലയെ കുത്തകകൾക്ക് അടിയറവ് വയ്ക്കുന്ന നയമാണ് ബിജെപി സർക്കാർ സ്വീകരിക്കുന്നത്. രാജ്യത്ത് സാമ്പത്തിക അസമത്വം വർധിക്കുകയാണ്. രാജ്യ സമ്പത്തിന്റെ 70 ശതമാനം കൈക്കലാക്കിയത്, ജനസംഖ്യയുടെ മുകൾ തട്ടിലുള്ള 5 ശതമാനം പേരാണ്. ഇവർക്ക് വേണ്ടിയാണ് കേന്ദ്ര സർക്കാർ നിലകൊള്ളുന്നത്. തൊഴിൽ സമയം, മിനിമം വേതനം, സാമൂഹ്യസുരക്ഷ തുടങ്ങിയ എല്ലാ അവകാശങ്ങളും തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ വഴി നിഷേധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തൊഴിൽ മൗലികാവകാശമാണെന്ന ഭരണഘടനാ കാഴ്ചപ്പാടിന്റെ ഭാഗമായി സാധാരണക്കാരെ സംരക്ഷിക്കുന്നതിന് രാജ്യത്ത് ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ തൊഴിലുറപ്പ് പദ്ധതി മോഡി സർക്കാർ ദുർബലപ്പെടുത്താനാണ് ശ്രമിക്കുന്നത്.
അതിന്റെ ഭാഗമായി ഓരോ ബജറ്റിലും ബജറ്റ് വിഹിതം വെട്ടികുറക്കുകയാണ്. ചങ്ങാത്ത മുതലാളിത്ത നയവുമായി മുന്നോട്ടു പോകുന്ന കേന്ദ്ര സർക്കാരിന്റെ നടപടികൾ സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങളെയാണ് ബാധിക്കുന്നത്. ജനങ്ങൾക്ക് തുല്യനീതി നടപ്പാക്കേണ്ട സർക്കാർ വർഗീയത പ്രചരിപ്പിച്ച് ഭിന്നിപ്പിച്ചു ഭരിക്കുന്ന സാഹചര്യത്തിൽ അതിനെതിരായി ശക്തമായ പ്രതിരോധം തീർക്കണമെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനം അജിത് എം സി, ചിത്രാവതി, സിദ്ദിഖ് പാടി, ചനിയ കുമ്മംകുളം എന്നിവരടങ്ങിയ പ്രസീഡിയവും ജയരാമബല്ലംകൂടൽ, രാമകൃഷഅണ കടമ്പാർ, എസ് രാമചന്ദ്ര, ലോറൻസ് ഡിസൂസ, സുന്ദരി ആർ ഷെട്ടി എന്നിവരടങ്ങിയ സ്റ്റീയറിംഗ് കമ്മറ്റിയും സമ്മേളന നടപടികൾ നിയന്ത്രിച്ചു.
ജയപ്രകാശ് രക്തസാക്ഷി പ്രമേയവും രേഖ ചിപ്പാർ അനുശോചന പ്രമേയവും മണ്ഡലം സെക്രട്ടറി ജയറാം ബല്ലംകൂടൽ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സിപിഐ സംസ്ഥാന കൗൺസിലംഗം അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ, ജില്ലാ സെക്രട്ടറി സി പി ബാബു, ജില്ലാ എക്സിക്യൂട്ടീവംഗങ്ങളായ കെ വി കൃഷ്ണൻ, പി ഭാർഗവി എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ എസ് രാമചന്ദ്ര സ്വാഗതം പറഞ്ഞു. സമ്മേളനത്തിന് തുടക്കം കുറിച്ച് രാവിലെ മുതിർന്ന പാർട്ടി നേതാവ് എം സജ്ജീവഷെട്ടി പതാക ഉയർത്തി. സമ്മേളനം ഇന്ന് സമാപിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.