
മലയാളി കന്യാസ്ത്രീകളെയും ആദിവാസി പെണ്‍കുട്ടികളെയും ആക്രമിച്ച ബജ്‌റംഗ്‌ദളുകാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് നാരായണ്‍പൂര്‍ കളക്ടറേറ്റിന് മുന്നില്‍ സിപിഐ നടത്തിയ ഉപരോധത്തില്‍ ബഹുജന രോഷമിരമ്പി. മാര്‍ച്ചിലും ഉപരോധത്തിലും ആയിരങ്ങളാണ് അണിനിരന്നത്. ആദിവാസി പെണ്‍കുട്ടികള്‍ക്കും കന്യാസ്ത്രീകള്‍ക്കും നീതി ലഭിക്കുംവരെ പോരാട്ടം തുടരുമെന്ന് ഉപരോധം ഉദ്ഘാടനം ചെയ്ത സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പി സന്തോഷ് കുമാര്‍ എംപി പറഞ്ഞു. കുറ്റവാളികള്‍ സ്വൈരവിഹാരം നടത്തുമ്പോള്‍ ഇരകളാക്കപ്പെട്ടവര്‍ വീണ്ടും വീണ്ടും വേട്ടയാടപ്പെടുന്ന സാഹചര്യമാണ് ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഢിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന സെക്രട്ടറി കെ സജി, ജില്ലാ സെക്രട്ടറി ഫൂല്‍ സിങ് കച്ച്ലം, നേതാക്കളായ തൃഷ ജാഡി, മംഗള്‍ കശ്യപ് തുടങ്ങിയവര്‍ സംസാരിച്ചു.
മനുഷ്യക്കടത്തും മതപരിവര്‍ത്തനവും നടത്തിയെന്നാരോപിച്ച് മൂന്ന് ആദിവാസി പെണ്‍കുട്ടികളെയും മലയാളി കന്യാസ്ത്രീകളെയും ക്രൂരമര്‍ദനത്തിരിയാക്കിയ ബജ്‌റംഗ്‌ദളുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു ധര്‍ണ. ഹിന്ദുത്വ സംഘടനയുടെ ആരോപണത്തെ തുടര്‍ന്ന് കേസെടുത്ത പൊലീസ് കന്യാസ്ത്രീകളെ ജയിലില്‍ അടച്ചിരുന്നു. എന്നാല്‍ തങ്ങളെ ആക്രമിച്ച ബജ്റംഗ്‌ദളുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയില്‍ പൊലീസോ സംസ്ഥാന വനിതാ കമ്മിഷനോ നടപടിയെടുക്കാന്‍ സന്നദ്ധമായില്ല. പ്രതികളെ സംരക്ഷിക്കുന്ന സമീപനം സ്വീകരിക്കുകയുമാണ്. ഈ സാഹചര്യത്തിലാണ് സിപിഐ വീണ്ടും പ്രക്ഷോഭം സംഘടിപ്പിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.