സിപിഐ മുഖത്തല മണ്ഡലം കമ്മിറ്റി ഓഫിസും സി കെ ചന്ദ്രപ്പൻ ലൈബ്രറിയും അടിച്ചു തകർത്ത സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരായ മൂന്ന് പേരെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു. ഡിവൈഎഫ്ഐ ഏരിയ സെക്രട്ടറി അൻസർ, എസ്എഫ്ഐ ഏരിയ സെക്രട്ടറി അഭിജിത്ത്, എസ്എഫ്ഐ നേതാവ് ശബരി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 12ഓളം പ്രതികളെ ഇനിയും ഈ കേസില്‍ അറസ്റ്റ് ചെയ്യാനുണ്ട്.
കഴിഞ്ഞ മാസം 27ന് രാത്രി ഏഴ് മണിയോടെ കൂടിയാണ് ഇവർ പാർട്ടി ഓഫിസും ലൈബ്രറിയും ആക്രമിച്ചത്. കൊട്ടിയം കോളജിലെ വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തിന്റെ പേര് പറഞ്ഞാണ് ഏഴ് കിലോമീറ്റർ ദൂരമുള്ള മുഖത്തലയിലെ സിപിഐ ഓഫീസിലെത്തി ഒരു പ്രകോപനവുമില്ലാതെ അക്രമം അഴിച്ചുവിട്ടത്. ആക്രമണത്തിൽ ഓഫിസിന്റെ ജനൽ ഗ്ലാസുകളും, ലൈബ്രറിയുടെ കസേരകളും, ബൈക്കിനും നാശനഷ്ടം സംഭവിച്ചു. രണ്ട് എഐവൈഎഫ് പ്രവർത്തകർക്ക് പരിക്കേറ്റു.
ഓഫിസും ലൈബ്രറിയും അടിച്ചുതകർത്തതിൽ പ്രതിഷേധിച്ചുകൊണ്ട് മുഖത്തലയിൽ സിപിഐയുടെ നേതൃത്വത്തിൽ വമ്പിച്ച പ്രതിഷേധപ്രകടനവും, യോഗവും നടന്നു. അഞ്ച് വർഷങ്ങൾക്കു മുമ്പും സിപിഎമ്മിന്റെ നേതൃത്വത്തിൽ പാർട്ടി ഓഫിസ് അടിച്ചുതകർത്തിരുന്നു. അതിനുശേഷം പുതുക്കിപ്പണിത മണ്ഡലം കമ്മിറ്റി ഓഫിസും, ലൈബ്രറിയും പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രനാണ് ഉദ്ഘാടനം ചെയ്തത്.
ഗുരുതരമായ ഈ സംഭവം ഉണ്ടായിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നിഷ്‌പക്ഷമല്ലാത്ത നിലപാടാണ് ആദ്യം ഉണ്ടായത്. അതേസമയം എഐഎസ്എഫുകാര്‍ക്ക് നേരെ ഗുരുതരമായ കുറ്റങ്ങള്‍ ആരോപിച്ച് പ്രതിചേര്‍ക്കുകയും ചെയ്തു. എന്നാല്‍ സിപിഐ(എം) അക്രമികളെ സംരക്ഷിക്കുന്നതിനുള്ള നിലപാടാണ് സ്വീകരിച്ചത്. ഇതില്‍ പ്രതിഷേധിച്ച് ഈ മാസം ഏഴിന് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് ചെയ്യുമെന്ന് സിപിഐ പ്രഖ്യാപിച്ചു. മുഖത്തല പാര്‍ട്ടി ഓഫിസ് ആക്രമിച്ച സംഭവത്തില്‍ സിപിഐ(എം)ല്‍പ്പെട്ട ആര് ഉണ്ടെങ്കിലും മാതൃകാപരമായ നടപടി സ്വീകരിക്കുമെന്ന് സിപിഐ(എം) ജില്ലാ സെക്രട്ടറി എസ് സുദേവന്‍ കഴിഞ്ഞ ദിവസം പ്രസ്താവയിറക്കിയിരുന്നു. ഈ പ്രസ്താവനയില്‍ ആത്മാര്‍ത്ഥയുണ്ടെങ്കില്‍ സംഭവത്തിലെ പങ്കാളികളായ സിപിഐ(എം) പ്രവര്‍ത്തകരെയും പിന്നില്‍ നിന്ന് നേതൃത്വം നല്‍കിയ നേതാക്കള്‍ക്കെതരിരെയും ശക്തമായ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്ന് സിപിഐ ജില്ലാ കൗണ്‍സിലും പ്രസ്താവിച്ചു. ഈ പശ്ചാത്തലത്തിലാണ് പൊലീസിന്റെ അറസ്റ്റ് ഉണ്ടായത്.
ഓഫിസും ലൈബ്രറിയും അടിച്ചു തകർത്ത മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സിപിഐ മുഖത്തല മണ്ഡലം കമ്മിറ്റി സെക്രട്ടറി സി പി പ്രദീപും മണ്ഡലം അസി. സെക്രട്ടറി എം സജീവും ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.