
സിപിഐ ജില്ലാ സമ്മേളനത്തിന് കോന്നിയില്‍ ഉജ്വല തുടക്കം. എലിയറക്കലില്‍ നിന്നും ആരംഭിച്ച റെഡ് വോളണ്ടിയര്‍ മാര്‍ച്ച് ജില്ലയിലെ പാര്‍ട്ടിയുടെ സംഘശക്തി വിളിച്ചോതുന്നതായി. പതാക ക്യാപ്റ്റന്‍ ശരത്ചന്ദ്ര കുമാറില്‍ നിന്നും ജില്ലാ സെക്രട്ടറി സി കെ ശശിധരനും കൊടിമരം ടി മുരുകേഷില്‍ നിന്നും സംസ്ഥാന കൗണ്‍സില്‍ അംഗം പി ആര്‍ ഗോപിനാഥനും ബാനര്‍ ഡി സജിയില്‍ നിന്നും എക്സിക്യൂട്ടീവ് അംഗം കുറുമ്പകര രാമകൃഷ്ണനും ദീപശിഖ ബിബിന്‍ ഏബ്രഹാമില്‍ നിന്നും ജില്ലാ എക്സിക്യൂട്ടീവ് അംഗം എം പി മണിയമ്മയും ഏറ്റുവാങ്ങി. ഇപ്റ്റ ജില്ലാ ഗായക സംഘത്തിന്റെ ഗാനാലാപനവും നടന്നു.
പൊതുസമ്മേളനം റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്തു. തൃശൂര്‍ ലോക്‌സഭ മണ്ഡലത്തിലെ ഇരട്ടവോട്ട് വിവാദത്തില്‍ സമഗ്ര അന്വഷണത്തിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറാകണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി ആവശ്യപ്പെട്ടു. വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാട്ടിയും വോട്ടിങ് യന്ത്രത്തെ ദുരുപയോഗം ചെയ്തും തെരഞ്ഞെടുപ്പ് ജയിക്കാം എന്ന് വരുന്നത് ജനാധിപത്യത്തിന്റെ ഭാവി അപകടപ്പെടുത്തും. വോട്ടര്‍ പട്ടികയില്‍ കൃത്രിമം നടത്തിയ ഉദ്യോഗസ്ഥരുടെ വീഴ്ച പരിശോധിക്കാന്‍ തയ്യാറാകാത്ത തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട് സംശയാസ്പദമാണെന്നും അദ്ദേഹം പറഞ്ഞു.
ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആര്‍ രാജേന്ദ്രന്‍, സി കെ ശശിധരന്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ മുണ്ടപ്പള്ളി തോമസ്, പി ആര്‍ ഗോപിനാഥന്‍, ഡി സജി, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ ജി രതീഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതിനിധി സമ്മേളനം ഇന്ന് രാവിലെ പത്തിന് കാനം രാജേന്ദ്രന്‍ നഗറില്‍ (മേരിമാതാ ഓഡിറ്റോറിയം, വകയാര്‍) സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീര്‍ എംപി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ മുല്ലക്കര രത്നാകരന്‍, കെ ആര്‍ ചന്ദ്രമോഹന്‍, സി എന്‍ ജയദേവന്‍, മന്ത്രി പി പ്രസാദ് തുടങ്ങിയവര്‍ പങ്കെടുക്കും. സമ്മേളനം നാളെ സമാപിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.