
2022ൽ തിരുവനന്തപുരത്തും 2018ൽ മലപ്പുറത്തും നടന്ന സിപിഐ മുൻ സംസ്ഥാന സമ്മേളനങ്ങളിലും കൊല്ലം, വിജയവാഡ പാർട്ടി കോൺഗ്രസുകളിലും സജീവസാന്നിധ്യമായിരുന്ന മൂന്നുപേരുടെ ഓർമ്മകൾ നിറഞ്ഞുനിൽക്കുന്ന സമ്മേളനമാണ് 25-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സമ്മേളനം.
2022ൽ തിരുവനന്തപുരം സമ്മേളനത്തിൽ സംഘാടകനായിരുന്ന സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സമ്മേളനത്തിൽ പങ്കെടുത്ത ദേശീയ സെക്രട്ടേറിയറ്റ് അംഗമായിരുന്ന അതുൽ കുമാർ അഞ്ജാൻ, 2018ലെ മലപ്പുറം സംസ്ഥാന സമ്മേളനത്തിലും കൊല്ലം പാർട്ടി കോൺഗ്രസിലും ആദ്യന്തം പങ്കെടുത്ത മുൻ ജനറൽ സെക്രട്ടറി എസ് സുധാകർ റെഡ്ഡി എന്നിവരുടെ ഓർമ്മകളാണ് സമ്മേളനത്തിൽ നിറയെ. 2022ലെ തിരുവനന്തപുരം സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കാനം 2023 ഡിസംബറിലാണ് എല്ലാവരെയും വേദനിപ്പിച്ച് കടന്നുപോയത്.
2022ൽ വിജയവാഡയിൽ നടന്ന 24-ാം പാർട്ടി കോൺസിൽ സെക്രട്ടേറിയറ്റ് അംഗമായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട അതുൽ കുമാർ അഞ്ജാൻ 2024 മേയിലാണ് വിട പറഞ്ഞത്. 2018ലെ കൊല്ലം പാർട്ടി കോൺഗ്രസിൽ ജനറൽ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട സുധാകർ റെഡ്ഡി 2019ൽ അനാരോഗ്യം കാരണം സ്ഥാനമൊഴിയുകയായിരുന്നു.
വിജയവാഡ പാർട്ടി കോൺഗ്രസിൽ പതാക ഉയർത്തിയത് സുധാകർ റെഡ്ഡിയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 22നായിരുന്നു അദ്ദേഹത്തിന്റെ വേർപാടുണ്ടായത്. മൂന്നുപേർക്കും പ്രത്യേകം അനുശോചനം രേഖപ്പെടുത്തിയാണ് പ്രതിനിധി സമ്മേളനം ആരംഭിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.