
സിപിഐ 25-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം സെപ്റ്റംബർ എട്ടുമുതൽ 12 വരെ ആലപ്പുഴയിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് വയലാറിൽ പാർട്ടി ശതാബ്ദി ആഘോഷ സമ്മേളനം സംഘടിപ്പിക്കും. സിപിഐ സ്ഥാപക നേതാക്കളിൽ പ്രമുഖനായ പി കൃഷ്ണപിള്ളയുടെ അനുസ്മരണ ദിനമായ ഓഗസ്റ്റ് 19ന് ശതാബ്ദി ആഘോഷ സമ്മേളനം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. റവന്യു മന്ത്രി കെ രാജൻ മുഖ്യപ്രഭാഷണം നടത്തും. കൃഷി മന്ത്രി പി പ്രസാദ് അധ്യക്ഷനായിരിക്കും. സമ്മേളനത്തോടനുബന്ധിച്ച് ജില്ലയിൽ 1,000 കുടുംബ സദസുകൾ സംഘടിപ്പിക്കും. ഇതിന്റെ ജില്ലാ തല ഉദ്ഘാടനം ഇന്ന് വൈകിട്ട് 4.30ന് മണ്ണഞ്ചേരി റോഡ് മുക്കിൽ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ നിര്‍വഹിക്കും. ഓഗസ്റ്റ് 10ന് മൂന്ന് മണിക്ക് ആലപ്പുഴ ടിവി തോമസ് സ്മാരക ടൗൺ ഹാളിൽ ട്രേഡ് യൂണിയൻ സെമിനാർ എഐടിയുസി വൈസ് പ്രസിഡന്റ് കെ സുബ്ബരായൻ എംപി ഉദ്ഘാടനം ചെയ്യും. സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണൻ, ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ, എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ എന്നിവർ പങ്കെടുക്കും.
10ന് പകൽ മൂന്നിന് മാവേലിക്കരയിൽ ദളിത് അവകാശ സംരക്ഷണ സെമിനാർ ജസ്റ്റിസ് കെ ചന്ദ്രു ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, പ്രൊഫ. ശ്യാംകുമാർ, മുൻ എംഎൽഎ മാരായ എൻ രാജൻ, എം കുമാരൻ, എഐഡിആർഎം സംസ്ഥാന സെക്രട്ടറി മനോജ് ബി ഇടമന, ജില്ലാ സെക്രട്ടറി സി എ അരുൺകുമാർ എന്നിവർ സംസാരിക്കും. 16ന് മൂന്ന് മണിക്ക് ഹരിപ്പാട് നടക്കുന്ന യൂത്ത് കോൺക്ലേവ് പ്രശസ്ത കർണാടക സംഗീതജ്ഞൻ ടി എം കൃഷ്ണ ഉദ്ഘാടനം ചെയ്യും. കായംകുളത്ത് ‘ബഹുസ്വരതയും ഫാസിസവും’ എന്ന വിഷയത്തിൽ സെമിനാർ ഡോ. സുനിൽ പി ഇളയിടം ഉദ്ഘാടനം ചെയ്യും. മുരുകൻ കാട്ടാക്കട, എസ് ശാരദക്കുട്ടി എന്നിവർ സംസാരിക്കും. ഒ കെ മുരളീകൃഷ്ണൻ മോഡറേറ്ററാകും.
22ന് പകൽ മൂന്നിന് ‘ദേശീയ വിദ്യാഭ്യാസ നയം പ്രത്യാഘാതങ്ങൾ, ബദലുകൾ’ എന്ന വിഷയത്തിൽ ചെങ്ങന്നൂരിൽ സംഘടിപ്പിക്കുന്ന സെമിനാർ സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പി സന്തോഷ് കുമാർ എംപി ഉദ്ഘാടനം ചെയ്യും. എൻ ശ്രീകുമാർ മോഡറേറ്ററായിരിക്കും. ഡോ. ടി ടി ശ്രീകുമാർ, ബിച്ചു എക്സ് മലയിൽ, ടി ടി ജിസ്‌മോൻ, ബിബിൻ എബ്രഹാം എന്നിവർ പങ്കെടുക്കും.
24ന് മൂന്ന് മണിക്ക് ആലപ്പുഴ ജെന്‍ഡർ പാർക്കിൽ മാധ്യമ സെമിനാർ ഡോ. സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്യും. ദി ടെലഗ്രാഫ് മുൻ പത്രാധിപർ ആർ രാജഗോപാൽ വിഷയം അവതരിപ്പിക്കും. മുൻമന്ത്രി ജി സുധാകരൻ മുതിർന്ന മാധ്യമ പ്രവർത്തകരെ ആദരിക്കും. രാജാജി മാത്യു തോമസ്, ഉണ്ണി ബാലകൃഷ്ണൻ, എൻ ഇ ഗീത, ബൈജു ചന്ദ്രൻ, ആർ അജയൻ, റോയി കൊട്ടാരച്ചിറ എന്നിവർ സംസാരിക്കും. 26ന് മൂന്ന് മണിക്ക് അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരകത്തിൽ ‘മതനിരപേക്ഷതയുടെ വർത്തമാനങ്ങൾ’ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ഓഗസ്റ്റ് അവസാന വാരം കുട്ടനാട്ടിൽ കാർഷിക സെമിനാർ സംഘടിപ്പിക്കും. വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാനും കൃഷിമന്ത്രിയുമായ പി പ്രസാദ്, ജനറൽ കൺവീനർ ടി ജെ ആഞ്ചലോസ്, സിപിഐ ജില്ലാ സെക്രട്ടറി എസ് സോളമൻ, സ്വാഗതസംഘം ട്രഷറർ പി വി സത്യനേശൻ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ടി ടി ജിസ്‌മോൻ, കൺവീനർ സനൂപ് കുഞ്ഞുമോൻ എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.