
ഭരണനിര്‍വഹണത്തിന് തടസം നില്‍ക്കുകയും നിയമസഭകളുടെ അധികാരം കവര്‍ന്നെടുക്കുകയും ചെയ്യുന്ന സാമ്രാജ്യത്വ ഭരണത്തിന്റെ പ്രതിബിംബങ്ങളായ ഗവര്‍ണര്‍ പദവി, ഭരണഘടനാ ഭേദഗതി നടത്തി അടിയന്തരമായി ഒഴിവാക്കണമെന്ന് സിപിഐ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സംഘ്പരിവാറിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് ഫെഡറല്‍ സംവിധാനത്തെയും ജനാധിപത്യാവകാശങ്ങളെയും തകര്‍ക്കാന്‍ നിലകൊള്ളുന്ന ഗവര്‍ണര്‍ പദവി അനാവശ്യമാണെന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്‍കാലത്തുതന്നെ സ്വീകരിച്ചിരുന്ന സുചിന്തിതവും ജനാധിപത്യ മഹത്വം സംരക്ഷിക്കുന്നതുമായ അഭിപ്രായമാണ്. വര്‍ത്തമാനകാലത്ത് ബിജെപി ഇതരസര്‍ക്കാരുകളുള്ള സംസ്ഥാനങ്ങളിലെ ആര്‍എസ്എസ് വേഷഭൂഷാദികള്‍ അണിഞ്ഞിരിക്കുന്ന ഗവര്‍ണര്‍മാരുടെ നടപടികള്‍ സിപിഐ നിലപാട് ശരിയായിരുന്നുവെന്ന് അടിവരയിടുന്നുവെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട നിയമനിര്‍മ്മാണ സഭകള്‍ അംഗീകരിക്കുന്ന നിയമങ്ങള്‍ക്കും നിയമഭേദഗതികള്‍ക്കും അംഗീകാരം നല്‍കുകയെന്ന കേവല ഉത്തരവാദിത്തം മാത്രമേ ഗവര്‍ണര്‍മാരില്‍ നിക്ഷിപ്തമായിട്ടുള്ളു. എന്നാല്‍ ബില്ലുകള്‍ ഒപ്പുവയ്ക്കാതെ ഭരണസ്തംഭനം സൃഷ്ടിക്കുകയും സംസ്ഥാന സര്‍ക്കാരുകളുടെയും നിയമസഭകളുടെയും അധികാരം കവര്‍ന്നെടുക്കുകയുമാണ് സംഘ് കുടുംബാംഗങ്ങളായ ഗവര്‍ണര്‍മാര്‍. ആരിഫ് മുഹമ്മദ് ഖാന്‍ പല പാര്‍ട്ടികളില്‍ ചേക്കേറി ഒടുവില്‍ സംഘ്കുടുംബത്തില്‍ എത്തിയപ്പോള്‍ കേന്ദ്രം പാരിതോഷികമായി നല്‍കിയ കേരള ഗവര്‍ണര്‍ പദവി ഏറ്റെടുത്തതുമുതല്‍ സര്‍ക്കാരിനെയും നിയമസഭയെയും ധാര്‍ഷ്ട്യത്തോടെ വെല്ലുവിളിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ കാവിവല്‍ക്കരണ നയം നടപ്പില്‍ വരുത്താന്‍ എല്ലാ തത്വസംഹിതകളെയും അതിലംഘിച്ചുകൊണ്ട് സര്‍വകലാശാലകളുടെ ജനാധിപത്യ ഭരണക്രമത്തെ അട്ടിമറിക്കുകയും ആര്‍എസ്എസ് ദാസന്‍മാരെ വൈസ് ചാന്‍സലര്‍മാരായി നിയമിക്കുകയും ചെയ്തു. അക്കാദമിക് കൗണ്‍സിലിനെയും സെനറ്റിനെയും സിന്‍ഡിക്കേറ്റ് ഭരണസമിതികളെയും നിര്‍വീര്യമാക്കി. പരീക്ഷാകലണ്ടറും ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണവും അട്ടിമറിക്കപ്പെട്ടു. ജനോപകാരപ്രദമായ ബില്ലുകളില്‍ മഹാഭൂരിപക്ഷവും ഏകാധിപത്യ മനോഭാവത്തോടെ തടഞ്ഞുവച്ചു. പ്രതിഷേധമുയര്‍ന്നപ്പോള്‍ തെരുവിലിറങ്ങി വെല്ലുവിളിക്കുന്ന വിചിത്രമായ കാഴ്ചയും കണ്ടു. വിശ്വനാഥ് അര്‍ലേക്കര്‍ ഗവര്‍ണറായെത്തിയപ്പോഴും സ്ഥിതി വ്യത്യസ്തമല്ല. കറകളഞ്ഞ സംഘ്പരിവാറുകാരനായ അര്‍ലേക്കര്‍ ആരിഫിനെക്കാള്‍ തന്ത്രപൂര്‍വം ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കുന്നതും ജനാധിപത്യ ധ്വംസനം നടത്തുന്നതുമായ നടപടികള്‍ അനവരതം സ്വീകരിച്ചുകൊണ്ടിരിക്കുന്നു. ഗവര്‍ണര്‍മാരുടെ ജനാധിപത്യ വിരുദ്ധവും സ്വേച്ഛാപരവുമായ നടപടികള്‍ക്കെതിരെ കേരള — തമിഴ്‌നാട് സര്‍ക്കാരുകള്‍ കോടതികളെ സമീപിച്ചപ്പോള്‍ പൂഴ്ത്തിവച്ച ബില്ലുകള്‍ രാഷ്ട്രപതിക്കയച്ചു. മൂന്നുമാസത്തിനുള്ളില്‍ നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണറായാലും രാഷ്ട്രപതിയായാലും ഒപ്പുവയ്ക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചപ്പോള്‍ രാഷ്ട്രപതിയുടെ അധികാരം കവരുന്നെന്ന് ചൂണ്ടിക്കാട്ടി, രാഷ്ട്രപതി തന്നെ സുപ്രീം കോടതിയില്‍ പോകുന്ന അപൂര്‍വമായ ചരിത്രവും സൃഷ്ടിക്കപ്പെട്ടു. ഭരണഘടനാസ്ഥാപനമായ രാജ്ഭവനെയും സര്‍വകലാശാലാ വളപ്പുകളെയും വികൃതമായ ഇന്ത്യന്‍ ഭൂപടത്തോടൊപ്പം സ്വര്‍ണാഭരണ വിഭൂഷിതയും ആയുധധാരിണിയുമായ സ്ത്രീയുടെ ചിത്രം ‘ഭാരതാംബ’ എന്ന ഓമനപ്പേര് നല്‍കി പൂജാകര്‍മ്മം നടത്തുന്ന വേദിയാക്കുകയാണ് ഗവര്‍ണര്‍. രാജ്ഭവനുകളെയും സര്‍വകലാശാലകളെയും ആര്‍എസ്എസ് കാര്യാലയങ്ങളാക്കുകയാണ് അതിഗൂഢ ലക്ഷ്യം. ഇക്കാര്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും അര്‍ത്ഥഗര്‍ഭമായ മൗനം ജനം തിരിച്ചറിയുന്നുണ്ടെന്നും പ്രമേയം വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.