22 January 2026, Thursday

Related news

January 22, 2026
January 20, 2026
January 16, 2026
January 16, 2026
January 15, 2026
January 11, 2026
January 10, 2026
January 4, 2026
January 2, 2026
January 1, 2026

സിപിഐ സംസ്ഥാന സമ്മേളനം; അനുഭവങ്ങളുടെ കരുത്തുമായി ചെങ്കൊടി ഉയർത്താൻ പി കെ മേദിനി

ഡാലിയ ജേക്കബ്
ആലപ്പുഴ
August 24, 2025 11:26 pm

എട്ടുപതിറ്റാണ്ടായി മുറുകെ പിടിക്കുന്ന ചെങ്കൊടിയേകിയ കരുത്തും നിശ്ചയദാർഢ്യവുമാണ് പി കെ മേദിനിയുടെ കൈമുതൽ. പുന്നപ്ര വയലാർ സമരകാലം മുതല്‍ രാഷ്ട്രീയ അനുഭവങ്ങളുള്ള 94 കാരിയായ ഈ സ്വാതന്ത്ര്യ സമരസേനാനിയാണ് ഇത്തവണ ആലപ്പുഴയില്‍ സിപിഐ സംസ്ഥാന സമ്മേളനത്തിന് പതാക ഉയര്‍ത്തുന്നത്. സെപ്റ്റംബർ മൂന്നിന് പതാക, ബാനര്‍, കൊടിമര ജാഥകള്‍ ആലപ്പുഴയില്‍ എത്തിച്ചേരുമ്പോള്‍ പൊതുസമ്മേളന നഗറായ അതുൽ കുമാർ അഞ്ജാൻ നഗറിൽ (ആലപ്പുഴ ബീച്ച്) വൈകിട്ട് ആറിനാണ് പതാക ഉയർത്തൽ. അനാരോഗ്യം അലട്ടുന്നുണ്ടെങ്കിലും ജന്മനാട്ടില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള ആവേശത്തിലാണ് മേദിനി. പന്ത്രണ്ടാം വയസിൽ പുന്നപ്ര‑വയലാർ സമരകാലത്ത് പാട്ടുകാരിയായി തുടങ്ങിയതാണ് മേദിനിയുടെ രാഷ്ട്രീയ, സാംസ്കാരിക ജീവിതം. മൈക്കൊന്നുമില്ലാത്ത കാലമായിരുന്നു അത്. ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്ര മൈതാനിയിൽ സംയുക്ത ട്രേഡ് യൂണിയന്‍ യോഗത്തിലായിരുന്നു ആദ്യം പാടിയത്. പിന്നീട് തൊഴിലാളി സംഘടനകളുടെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമ്മേളനങ്ങളുടെയും ഒഴിവാക്കാനാവാത്ത ഘടകമായി മേദിനിയുടെ പാട്ടുകള്‍.

പിന്നീടങ്ങോട്ട് യോഗങ്ങളില്‍ ആളുകള്‍ ഇരച്ചുകയറാന്‍ കാരണമായ രണ്ട് ഘടകങ്ങള്‍ ഉച്ചഭാഷിണിയും മേദിനിയുമായിരുന്നു. പാര്‍ട്ടിയുടെ എല്ലാ യോഗങ്ങളും അവസാനിക്കുന്നത് മേദിനിയുടെ പാട്ടില്‍. 26-ാം വയസില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്വം ലഭിച്ചു. എം എന്‍ ഗോവിന്ദന്‍ നായര്‍, ടി വി തോമസ്, സി കെ ചന്ദ്രപ്പന്‍, വെളിയം ഭാര്‍ഗവന്‍, കെ ആര്‍ ഗൗരിയമ്മ, റോസമ്മ പുന്നൂസ്, ആര്‍ സുഗതന്‍ തുടങ്ങിയ നേതാക്കളോടൊപ്പമുള്ള പ്രവര്‍ത്തനം നല്‍കിയത് വലിയ അനുഭവങ്ങളായിരുന്നെന്ന് മേദിനി പറയുന്നു. പുന്നപ്ര‑വയലാർ സമരത്തിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് 1971ൽ കണിയാപുരം രാമചന്ദ്രൻ രചിച്ച ‘റെഡ് സല്യൂട്ട്’ എന്ന വിപ്ലവഗാനം ഉൾപ്പെടെ നിരവധി ഗാനങ്ങൾ ആയിരക്കണക്കിന് വേദികളിൽ പാടി ജനലക്ഷങ്ങളെ ആവേശത്തിലാഴ്ത്തിയ മേദിനി, നാടകരംഗത്തും സജീവമായിരുന്നു.
അയൽവീട്ടിൽ ഒളിവിൽ കഴിഞ്ഞയാൾ ഒരു ദിവസം ഒരു പുസ്‌തകക്കെട്ട്‌ മറ്റൊരു സഖാവിന് അതീവ രഹസ്യമായി നൽകാൻ ഏൽപ്പിച്ചു. പത്തുവയസുകാരി മേദിനി അത്‌ സന്തോഷത്തോടെ നിർവഹിച്ചു. ഒരാഴ്ചയ്ക്കു ശേഷം അയൽക്കാരന്റെ വീട്ടിലുണ്ടായിരുന്നയാൾ പാമ്പുകടിയേറ്റ് മരിച്ചു. അത്‌ സഖാവ്‌ പി കൃഷ്ണപിള്ളയായിരുന്നു എന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് മേദിനി അറിഞ്ഞത്. 1950കളിൽ മേദിനിയും സഹോദരനും ഉദയ സിനിമകളുടെ തിരക്കഥാകൃത്തുമായിരുന്ന പി കെ ശാരംഗപാണിയും അടക്കമുള്ള കലാപ്രവർത്തകർ ചേർന്ന്‌ ഒട്ടേറെ നാടകങ്ങൾ അരങ്ങിലെത്തിച്ചു. കായംകുളം പീപ്പിൾസ് തിയേറ്റർ, എറണാകുളം പ്രതിഭ ആർട്സ് ക്ലബ് തുടങ്ങിയ ട്രൂപ്പുകളുടെ സജീവ ഭാഗമായിരുന്നു. പി ജെ ആന്റണിയുടെ ‘ഇൻക്വിലാബിന്റെ മക്കൾ’ പി കെ മേദിനി അഭിനയിച്ച പ്രധാനപ്പെട്ട നാടകങ്ങളിലൊന്നാണ്. അനിൽ വി നാഗേന്ദ്രൻ സംവിധാനം ചെയ്ത ‘വസന്തത്തിന്റെ കനൽ വഴികൾ’ എന്ന സിനിമയിൽ 81-ാം വയസിൽ നായികാ വേഷം ചെയ്‌തു. ആ സിനിമയിലെ സംഗീത സംവിധായികയും പിന്നണി ഗായികയും മേദിനിയാണ്‌. ഈ സിനിമയിൽനിന്ന്‌ പ്രചോദനം ഉൾക്കൊണ്ട ‘വീരവണക്കം’ എന്ന തമിഴ് സിനിമ ഉടൻ തീയറ്ററുകളിലെത്തും. സമുദ്രക്കനിയും ഭരതും ഉൾപ്പെടെയുള്ളവർ ഈ ചിത്രത്തിലുണ്ട്. 90 വയസ് പിന്നിട്ട ചിരുത എന്ന വിപ്ലവ ഗായികയായി പി കെ മേദിനി മുഖ്യ വേഷത്തിലാണ് എത്തുന്നത്. മേദിനിയുടെ ജീവിത കഥ ‘വിപ്ലവ വഴിയിലെ വാനമ്പാടി’ എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സമ്മേളന നഗറിൽ പല തലമുറയിൽപ്പെട്ട സഖാക്കൾക്കൊപ്പം ഏതാനും ദിവസം ചെലവഴിക്കാൻ ലഭിക്കുന്ന അസുലഭ സന്ദർഭത്തിനായി കാത്തിരിക്കുകയാണ് ഈ രാഷ്ട്രീയ വാനമ്പാടി. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.