
സിപിഐ 25-ാം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായി നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലേക്ക്. 43 വർഷങ്ങൾക്ക് ശേഷമാണ് സമ്മേളനം ആലപ്പുഴയിൽ നടക്കുന്നത്. സ്വാഗതസംഘം ചെയർമാൻ പി പ്രസാദ്, ജനറൽ കൺവീനർ ടി ജെ ആഞ്ചലോസ്, സെക്രട്ടറി എസ് സോളമൻ ഉൾപ്പെടെ നേതാക്കൾ ഒരുക്കങ്ങൾ ഏകോപിപ്പിക്കുന്നു. സമ്മേളനം കൂടുതൽ ആകർഷകമാക്കാൻ ആയിരങ്ങൾ പങ്കെടുക്കുന്ന റെഡ് വോളണ്ടിയർ മാർച്ചിനായുള്ള കേഡറ്റുകളുടെ പരിശീലനവും നടക്കുന്നു. സെപ്റ്റംബർ എട്ട് മുതൽ 12 വരെ ചേരുന്ന സമ്മേളന നടത്തിപ്പിനായി രൂപീകരിച്ച സ്വാഗതസംഘവും വിവിധ സബ് കമ്മിറ്റികളും അഹോരാത്രം പ്രവർത്തിക്കുന്നു. പ്രാദേശികതലം മുതൽ മികച്ച പ്രചരണങ്ങളും നടത്തി. പാർട്ടി അംഗങ്ങളുടെ ഭവനങ്ങളിൽ സ്ഥാപിച്ച ഹുണ്ടിക വഴിയാണ് നടത്തിപ്പിനുള്ള തുക കണ്ടെത്തുന്നത്. മുന്‍ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്റെ ഭവനത്തിൽ നിന്നുമാണ് ഹുണ്ടിക സമാഹരണം ആരംഭിച്ചത്. സിപിഐ സ്ഥാപക നേതാക്കളിൽ പ്രമുഖനായ പി കൃഷ്ണപിള്ളയുടെ അനുസ്മരണ ദിനമായ 19നാണ് പതാകദിനം. ആലപ്പുഴ ടി വി തോമസ് ടൗൺഹാളിന് സമീപമുള്ള സ്വാഗതസംഘം ഓഫിസിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പതാക ഉയർത്തും. വയലാർ രക്തസാക്ഷി മണ്ഡപത്തിൽ സിപിഐ ശതാബ്ദി ആഘോഷ സമ്മേളനവും നടക്കും.
സമ്മേളനത്തിന്റെ ഭാഗമായി ചരിത്രസംഭവങ്ങൾ വിശദമാക്കുന്ന ഫോട്ടോപ്രദർശനം ആലപ്പുഴ ബീച്ചിൽ സജ്ജീകരിക്കും. വിവിധ വിഷയങ്ങളെ അധികരിച്ചുള്ള സെമിനാറുകളും കുടുംബസദസുകളും വിജയകരമായി ജില്ലയിൽ പുരോഗമിക്കുകയാണ്. ആലപ്പുഴയിലും മാവേലിക്കരയിലും നടത്തിയ സെമിനാറിൽ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. 16ന് മൂന്ന് മണിക്ക് ഹരിപ്പാട് നടത്തുന്ന യൂത്ത് കോൺക്ലേവ് പ്രശസ്ത കർണാടക സംഗീതജ്ഞൻ ടി എം കൃഷ്ണ ഉദ്ഘാടനം ചെയ്യും. 22ന് പകൽ മൂന്ന് മണിക്ക് ചെങ്ങന്നൂരിൽ ‘ദേശീയ വിദ്യാഭ്യാസ നയം പ്രത്യാഘാതങ്ങൾ, ബദലുകൾ’ എന്ന വിഷയത്തിൽ സെമിനാർ സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പി സന്തോഷ് കുമാർ എംപിയും അതേദിവസം തന്നെ മൂന്ന് മണിക്ക് മാമ്പുഴക്കരിയിൽ സേവ് കുട്ടനാട് സെമിനാർ റവന്യു മന്ത്രി കെ രാജനും ഉദ്ഘാടനം ചെയും. 24ന് മൂന്ന് മണിക്ക് ആലപ്പുഴ ജെന്റർ പാർക്കിൽ മാധ്യമ സെമിനാർ ഡോ. സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്യും. ദി ടെലഗ്രാഫ് മുൻ പത്രാധിപർ ആർ രാജഗോപാൽ വിഷയം അവതരിപ്പിക്കും. മുൻമന്ത്രി ജി സുധാകരൻ മുതിർന്ന മാധ്യമ പ്രവർത്തകരെ ആദരിക്കും. 26ന് പകൽ മൂന്ന് മണിക്ക് അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരകത്തിൽ ‘മതനിരപേക്ഷതയുടെ വർത്തമാനങ്ങൾ’ എന്ന വിഷയത്തിൽ സെമിനാർ മന്ത്രി സജി ചെറിയാനും 28ന് കായംകുളത്ത് ‘ബഹുസ്വരതയും ഫാസിസവും’ എന്ന വിഷയത്തിൽ സെമിനാർ ഡോ. സുനിൽ പി ഇളയിടവും ഉദ്ഘാടനം ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.