
സിപിഐ സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധി സമ്മേളനത്തിന് നാളെ തുടക്കം. 12 വരെ തുടരുന്ന സമ്മേളനം കാനം രാജേന്ദ്രൻ നഗറിൽ (കളർകോട് എസ്\കെ കൺവെൻഷൻ സെന്റർ) നാളെ രാവിലെ 10.30ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമ്മേളന നഗറിൽ സ്ഥാപിക്കുന്ന ദീപശിഖയുടെ പ്രയാണം ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടിന് വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിക്കും. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ ജാഥ നയിക്കും. വിനീതാ വിൻസന്റ് വൈസ് ക്യാപ്റ്റനും ബിബിൻ എബ്രഹാം ഡയറക്ടറുമായിരിക്കും. കെ ഷാജഹാൻ, വി ദർശീത് എന്നിവരാണ് ജാഥ അംഗങ്ങൾ. സമ്മേളന നഗറിൽ നാളെ രാവിലെ 10ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ദീപശിഖ ഏറ്റുവാങ്ങും. വലിയ ചുടുകാട്ടിൽ നിന്നും പാർട്ടിയുടെ ശതാബ്ദിയെ അനുസ്മരിച്ച് 100 വനിതാ അത്‌ലറ്റുകളാണ് ദീപശിഖ എത്തിക്കുന്നത്. കെ ആർ ചന്ദ്രമോഹൻ പതാക ഉയർത്തുന്നതോടെ പ്രതിനിധി സമ്മേളനം ആരംഭിക്കും.
പാർട്ടിയുടെ യുട്യൂബ് ചാനലായ ‘കനൽ’ ദേശീയ സെക്രട്ടേറിയറ്റ് അംഗം ഡോ. കെ നാരായണ ഉദ്ഘാടനം ചെയ്യും. ദേശീയ സെക്രട്ടേറിയറ്റ് അംഗം രാമകൃഷ്ണ പാണ്ഡ, ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ പ്രകാശ് ബാബു, കെ പി രാജേന്ദ്രൻ, പി സന്തോഷ് കുമാർ എംപി എന്നിവർ പങ്കെടുക്കും. സ്വാഗതസംഘം ജനറൽ കൺവീനർ ടി ജെ ആഞ്ചലോസ് സ്വാഗതം പറയും. 10, 11, 12 തീയതികളിൽ നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ 39 ക്ഷണിതാക്കൾ ഉൾപ്പെടെ 528 പ്രതിനിധികൾ പങ്കെടുക്കുമെന്ന് ബിനോയ് വിശ്വം പറഞ്ഞു. നാളെ വൈകിട്ട് അഞ്ചിന് എസ് കെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ‘മതനിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും ഭാവി’ എന്ന സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നടൻ പ്രകാശ് രാജ് പ്രഭാഷണം നടത്തും.
12ന് മൂന്ന് മണിക്ക് നാൽപ്പാലം കേന്ദ്രീകരിച്ച് വോളണ്ടിയർ പരേഡ് ആരംഭിക്കും. 4.30ന് അതുൽ കുമാർ അഞ്ജാൻ നഗറിൽ (ആലപ്പുഴ ബീച്ച് ) നടക്കുന്ന പൊതുസമ്മേളനം ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അധ്യക്ഷത വഹിക്കും. ദേശീയ സെക്രട്ടേറിയറ്റ് അംഗങ്ങളായ ഡോ. കെ നാരായണ, രാമകൃഷ്ണ പാണ്ഡ, ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ പ്രകാശ് ബാബു, കെ പി രാജേന്ദ്രൻ, പി സന്തോഷ് കുമാർ എംപി എന്നിവർ സംസാരിക്കും. സ്വാഗതസംഘം ചെയർമാൻ പി പ്രസാദ് സ്വാഗതം പറയും. സ്വാഗത സംഘം ജനറൽ കൺവീനർ ടി ജെ ആഞ്ചലോസ്, സിപിഐ ജില്ലാ സെക്രട്ടറി എസ് സോളമൻ, സ്വാഗത സംഘം ട്രഷറർ പി വി സത്യനേശൻ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ടി ടി ജിസ്‌മോൻ, കൺവീനർ സനൂപ് പി കുഞ്ഞുമോൻ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.