22 January 2026, Thursday

Related news

January 22, 2026
January 20, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 16, 2026
January 16, 2026
January 15, 2026
January 15, 2026

സിപിഐ സംസ്ഥാന സമ്മേളനം; ചെങ്കൊടി ഉയര്‍ന്നു

സ്വന്തം ലേഖകന്‍
ആലപ്പുഴ
September 3, 2025 11:36 pm

കടലലകള്‍ക്കു മീതെ ആര്‍ത്തിരമ്പിയ ജനസാഗരത്തെ സാക്ഷിയാക്കി സിപിഐ സംസ്ഥാന സമ്മേളനത്തിന് പതാക ഉയര്‍ന്നു. കടപ്പുറത്ത് ഒരുക്കിയ അതുല്‍ കുമാര്‍ അഞ്ജാന്‍ നഗറില്‍ സ്വാതന്ത്ര്യസമര സേനാനി പി കെ മേദിനിയാണ് ജനകോടികളുടെ അഭിമാനമായ ചെമ്പതാക വാനിലുയര്‍ത്തിയത്. പുന്നപ്ര‑വയലാറിലെ രക്തതാരകങ്ങള്‍ക്കും കയ്യൂരിലെയും കരിവെള്ളൂരിലേയുമടക്കം രക്തസാക്ഷികള്‍ക്കും ആദരമര്‍പ്പിച്ച മുദ്രാവാക്യങ്ങള്‍ ഇടിനാദം പോലെ ഉയര്‍ന്നപ്പോള്‍ ശതാബ്ദി സ്മരണയായി നൂറു ചെങ്കൊടികളും ഉയര്‍ന്നു.

വിവിധ ജില്ലകളില്‍ പര്യടനം നടത്തിയ പതാക, ബാനർ, കൊടിമര ജാഥകൾ വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തില്‍ സംഗമിച്ചു. കോരിച്ചൊരിയുന്ന മഴയത്തും ആയിരങ്ങള്‍ ജാഥകളെ വരവേറ്റു. തുടര്‍ന്ന് ആലപ്പുഴ കടപ്പുറത്ത് ജാഥകളെത്തിയപ്പോള്‍ തിരമാലകളുടെ ആരവത്തിനും മീതെയാണ് മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത്. റെഡ് വോളണ്ടിയര്‍മാര്‍ സല്യൂട്ട് നല്‍കി. ചരിത്രമുറങ്ങുന്ന ആലപ്പുഴ കടപ്പുറം അതോടെ ആവേശത്തിലമര്‍ന്നു. കേരള മഹിളാ സംഘം സംസ്ഥാന പ്രസിഡന്റ് പി വസന്തത്തിന്റെ നേതൃത്വത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും കൊണ്ടുവന്ന ബാനർ, കയ്യൂര്‍ രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രന്റെ നേതൃത്വത്തില്‍ കൊണ്ടുവന്ന പതാക, ശൂരനാട് രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് കിസാന്‍ സഭ സംസ്ഥാന പ്രസിഡന്റ് കെ വി വസന്തകുമാറിന്റെ നേതൃത്വത്തില്‍ കൊണ്ടു വന്ന കൊടിമരം എന്നിവ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ വി ചാമുണ്ണി, സത്യന്‍ മൊകേരി, ടി വി ബാലന്‍ എന്നിവര്‍ ഏറ്റുവാങ്ങി. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ എം പി, ദേശിയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു, സ്വാഗത സംഘം ചെയർമാന്‍ മന്ത്രി പി പ്രസാദ്, ജനറൽ കൺവിനർ ടി ജെ ആഞ്ചലോസ്, ജില്ലാ സെക്രട്ടറി എസ് സോളമൻ തുടങ്ങിയ നേതാക്കള്‍ സന്നിഹിതരായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.