
മുതിര്‍ന്ന സിപിഐ നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ ആർ നല്ലകണ്ണിന് തമിഴകം വിടചൊല്ലി. ഒരു നൂറ്റാണ്ടുകാലം നീണ്ടുനിന്ന അദ്ദേഹത്തിന്റെ ജീവിതം പോരാട്ടങ്ങളുടെയും ത്യാഗത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത ആദർശങ്ങളുടെയും ചരിത്രമായി അവശേഷിക്കും.
ഭൗതിക ശരീരം പൊതുദർശനത്തിന് വച്ച സിപിഐ സംസ്ഥാന കൗൺസിൽ ഓഫീസായ ബാലൻ ഇല്ലത്തേക്ക് രാഷ്ട്രീയ‑സാംസ്കാരിക മേഖലയിലെ പ്രമുഖരുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും സാധാരണക്കാരുടെയും വലിയ പ്രവാഹമായിരുന്നു. രാഷ്ട്രീയത്തിന് അതീതമായ സ്നേഹാദരങ്ങളാണ് അദ്ദേഹത്തിന് ചെന്നൈ നഗരം നൽകിയത്. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ എന്നിവർ അന്തിമോപചാരം അർപ്പിച്ചു.
സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ പ്രകാശ് ബാബു, രാമകൃഷ്ണ പാണ്ഡ, ആനി രാജ, കെ രാമകൃഷ്ണ, തമിഴ് ചലച്ചിത്രതാരങ്ങളായ രജനികാന്ത്, ടിവികെ അധ്യക്ഷൻ കൂടിയായ വിജയ്, സൂര്യ, കാര്‍ത്തി, വിജയ് സേതുപതി, പാര്ത്ഥിപന്, സീമാന്‍, മന്‍സൂര്‍ അലി ഖാന്, നാഞ്ചില് സമ്പത്ത്, എം എസ് ഭാസ്കര്‍, സംവിധായകരായ പാ രഞ്ജിത്ത്, ഗൗതമൻ, തിരുച്ചി ശിവ എംപി, എംഡിഎംകെ നേതാവ് വൈക്കോ, തോള് തിരുമാവളവന്, ജി കെ വാസൻ, ഒ പനീര്‍ശെല്‍വം, അന്‍പുമണി രാംദോസ് തുടങ്ങിയവര്‍ വിപ്ലവനായകന് അന്ത്യാഭിവാദ്യമര്‍പ്പിച്ചു.
സംസ്ഥാന പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ചു. നൂറുകണക്കിന് പാർട്ടി പ്രവർത്തകരും പൊതുജനങ്ങളുമടങ്ങുന്ന വൻ ജനാവലിയുടെ അകമ്പടിയോടെ ഭൗതിക ശരീരം വിലാപയാത്രയായി കൊണ്ടുപോയി. ജീവിതകാലമത്രയും ജനങ്ങൾക്കായി പോരാടിയ ആർ നല്ലകണ്ണ് മരണശേഷവും തന്റെ ശരീരം സമൂഹത്തിന് ഉപകരിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതനുസരിച്ച് ഭൗതിക ശരീരം വൈദ്യശാസ്ത്ര പഠനത്തിനായി മദ്രാസ് മെഡിക്കൽ കോളജിന് കൈമാറി. തമിഴ്നാട്ടിലുടനീളം സിപിഐയുടെയും മറ്റ് സംഘടനകളുടെയും നേതൃത്വത്തില്‍ അനുശോചന യോഗങ്ങളും നടന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.