വടക്ക് കിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുരയിലും നാഗാലാന്‍ഡിലും മേഘാലയയിലും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പ്രവർത്തനങ്ങൾ സജീവമാക്കി പാർട്ടികൾ. മൂന്ന് സംസ്ഥാനങ്ങളിലും ബിജെപിക്കെതിരെ ശക്തമായ മുന്നണികൾക്കുള്ള തീവ്രശ്രമത്തിലാണ് പാർട്ടികൾ. ത്രിപുരയിൽ കോൺഗ്രസുമായി ഇടതുപക്ഷം സഖ്യം പ്രഖ്യാപിച്ചിട്ടുണ്ട്. നാഗാലാൻഡിൽ ഇതാദ്യമായി സിപിഐ മത്സരിക്കാനൊരുങ്ങുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 24നാണ് കൊഹിമയിൽ സിപിഐയുടെ സംസ്ഥാന ഓഫീസ് തുറന്നത്. ഡോ. എം എം ത്രോംവ കൊന്യാക് സംസ്ഥാന സെക്രട്ടറിയായും പി കൊന്യാക് അസിസ്റ്റന്റ് സെക്രട്ടറിയായും കെ എൽ ഷീസയെ ട്രഷററായും തെരഞ്ഞെടുത്തിരുന്നു. മണിപ്പൂരിലെ മുതിർന്ന നേതാവ് എം നാരാ സിങ്ങിനാണ് നാഗാലാന്‍ഡിലെ സംഘടനാപരമായ കാര്യങ്ങളുടെ ചുമതല.
സ്ഥാനാർത്ഥിയെ നിർത്തുന്നത് സംബന്ധിച്ച് 24ന് തീരുമാനമുണ്ടാകുമെന്ന് നാരാ സിങ് ജനയുഗത്തോട് പറഞ്ഞു. സംസ്ഥാനത്തെ അധഃസ്ഥിതർക്കിടയിൽ പ്രവർത്തിക്കുമെന്നും വ്യാപകമായ അഴിമതിക്കെതിരെ പോരാടുമെന്നും ത്രോംവ കൊന്യാക് വ്യക്തമാക്കി. ബിജെപിക്കെതിരെയുള്ള മതേതര സഖ്യ രൂപീകരണത്തിന്റെ ഭാഗമാകാൻ കോൺഗ്രസ് നേതൃത്വം സിപിഐയെ ക്ഷണിച്ചിട്ടുണ്ട്. 24ന് ചേരുന്ന യോഗത്തിൽ ഇത് ചർച്ചചെയ്യും. മോൺ ജില്ലയിലെ തെഹോക്ക് സീറ്റിലായിരിക്കും സിപിഐ മത്സരിക്കുക. ത്രിപുരയിൽ നിലവിൽ ബിജെപി-ഐപിഎഫ്‍ടി സഖ്യമാണ് ഭരണത്തിൽ. മേഘാലയയിൽ എൻപിപിയുടെ നേതൃത്വത്തിലുള്ള സർക്കാരിലും ബിജെപി പങ്കാളിയാണ്. നാഷണലിസ്റ്റ് ഡമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (എൻഡിപിപി)യും ബിജെപിയും ചേർന്ന സഖ്യമാണ് നാഗാലാൻഡ് ഭരിക്കുന്നത്.
ഇക്കുറി നാഗാലാൻഡ് ഒഴികെയുള്ള രണ്ട് സംസ്ഥാനങ്ങളിലും ബിജെപി തനിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുക. ഇടതു ശക്തികേന്ദ്രമായ ത്രിപുരയിൽ ഇത്തവണ കനത്ത വെല്ലുവിളിയാണ് ബിജെപി നേരിടുന്നത്. ഭരണ വിരുദ്ധ വികാരം സംസ്ഥാനത്ത് ശക്തമാണ്. ബിജെപിയെ ഒതുക്കാൻ ഇതിനോടകം തന്നെ കോൺഗ്രസും ഇടതുപക്ഷവും കൈകോർത്തു കഴിഞ്ഞു. ആദിവാസി മേഖലയിൽ വലിയ സ്വാധീനമുള്ള പ്രബ്യുദ് ദേബ് ബർമ്മന്റെ തിപ്ര മോത്തയും ബിജെപിക്ക് തലവേദന തീർക്കുന്നുണ്ട്. നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) നയിക്കുന്ന മേഘാലയ ഡെമോക്രാറ്റിക് അലയൻസ് സർക്കാരിൽ രണ്ട് സീറ്റുകളാണ് ബിജെപിക്കുള്ളത്. 2018 ൽ ഇവിടെ കോൺഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. 60 സീറ്റിൽ 21 സീറ്റുകൾ കോൺഗ്രസ് നേടി. എന്നാൽ കോൺഗ്രസിനെ തടയാൻ 20 സീറ്റുകളുള്ള എൻപിപിയുമായി ബിജെപി കൈകോർക്കുകായിരുന്നു. ഇത്തവണ ബിജെപിയുമായി സഖ്യമില്ലെന്ന് പ്രഖ്യാപിച്ച എൻപിപി 60 ൽ 58 സീറ്റിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.
English Summary: CPI will contest in Nagaland
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.