
സിപിഐ കണ്ണൂര്‍, വയനാട് ജില്ലാസമ്മേളനങ്ങള്‍ക്ക് ഇന്ന് കൊടിയുയരും. കണ്ണൂര്‍ ജില്ലാ സമ്മേളനം ഇന്നുമുതല്‍ ആറുവരെ കണ്ണൂരില്‍ നടക്കും. കമ്മ്യൂണിസ്റ്റ് പാർട്ടി രൂപംകൊണ്ട പാറപ്രത്ത് നിന്നും ആരംഭിക്കുന്ന പതാകജാഥയും കാവുമ്പായി രക്തസാക്ഷി മണ്ഡപത്തിൽ നിന്നുള്ള കൊടിമര ജാഥയും വൈകിട്ട് അഞ്ചിന് കാനം രാജേന്ദ്രന്‍ നഗറില്‍ (കണ്ണൂര്‍ ടൗണ്‍ സ്ക്വയര്‍) സംഗമിക്കും.
എം ഗംഗാധരന്‍ പതാക ഉയര്‍ത്തും. പൊതുസമ്മേളനം വൈകിട്ട് നാലരയ്ക്ക് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പി സന്തോഷ് കുമാര്‍ എംപി ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാര്‍ അധ്യക്ഷനാകും. നേതാക്കളായ പന്ന്യന്‍ രവീന്ദ്രന്‍, കെ പി രാജേന്ദ്രന്‍, ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, സത്യന്‍ മൊകേരി, ഭക്ഷ്യ‑സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍, പി വസന്തം, ആര്‍ രാജേന്ദ്രന്‍, സി കെ ശശിധരന്‍, സി പി മുരളി, സി എന്‍ ചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. നാളെ രാവിലെ 10 ന് പ്രതിനിധി സമ്മേളനം എം കെ ശശി നഗറില്‍ (നവനീതം ഓഡിറ്റോറിയം) സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും.
വയനാട് ജില്ലാ സമ്മേളനം ഇന്ന് മുതല്‍ ആറ് വരെ ബത്തേരി ചീരാലില്‍ നടക്കും. സമ്മേളന നഗരിയിലേക്ക് വിവിധ രക്തസാക്ഷി മണ്ഡപങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന കൊടിമര, പതാക, ബാനര്‍ ജാഥകള്‍ വൈകുന്നേരം നാലിന് ചീരാലില്‍ സംഗമിക്കും. അഞ്ച് മണിക്ക് നടക്കുന്ന പൊതുസമ്മേളനം റവന്യു മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ഇ ജെ ബാബു അധ്യക്ഷത വഹിക്കും. തുടര്‍ന്ന് സമ്മേളന നഗരിയില്‍ സാംസ്കാരിക സമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി വി ബാലന്‍ ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ പത്തിന് പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.