ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയും കോണ്‍ഗ്രസും കടുത്ത പ്രതിസന്ധിയില്‍. ഇരുപാര്‍ട്ടികളില്‍ നിന്നും നേതാക്കള്‍ രാജിവച്ചൊഴിയുകയാണ്. മറ്റ് പാര്‍ട്ടികളില്‍ നിന്നും എത്തിയ നേതാക്കള്‍ക്ക് സ്ഥാനാര്‍ത്ഥി പട്ടികയിൽ മുന്‍തൂക്കം ലഭിച്ചതായും അര്‍ഹതയുള്ളവരെ തഴഞ്ഞതായും രണ്ട് പാര്‍ട്ടികളിലും വിമർശനം ശക്തമാണ്.
മുതിര്‍ന്ന നേതാവ് രാജേഷ് ജൂണ്‍ മുഴുവന്‍ പദവികളും രാജിവച്ച് കോണ്‍ഗ്രസ് വിട്ടു. നേതൃത്വം തനിക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അവസാന നിമിഷം വഞ്ചിക്കുകയായിരുന്നെന്ന് രാജേഷ് ജൂണ്‍ ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ക്കാള്‍ ഇരട്ടി വോട്ടുകള്‍ നേടി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് 2019ല്‍ രാജേഷ് ജൂണ്‍ പാര്‍ട്ടിക്കെതിരെ ബഹര്‍ദുര്‍ഗഢ് മണ്ഡലത്തില്‍ മത്സരത്തിനിറങ്ങിയിരുന്നു. പിന്നീട് പാര്‍ട്ടി ഇടപെട്ടാണ് നാമനിര്‍ദേശ പത്രിക പിന്‍വലിച്ചത്.
മറ്റൊരു നേതാവായ കപൂര്‍ സിങ് നര്‍വാളും പാര്‍ട്ടി വിടാനുള്ള ഒരുക്കത്തിലാണ്. ബറോഡ മണ്ഡലത്തില്‍ നിന്നും തന്നെ മത്സരിപ്പിക്കാമെന്ന് ഭൂപേന്ദര്‍ സിങ് ഹൂഡ വാക്ക് നല്‍കിയിരുന്നു. എന്നാല്‍ ആ സീറ്റ് ഇന്ദു രാജ് സിങ് നര്‍വാളിന് നല്‍കി പാര്‍ട്ടി തന്നെയും ജനങ്ങളെയും ചതിച്ചെന്ന് കപൂര്‍ സിങ് നര്‍വാള്‍ പറഞ്ഞു. വെള്ളിയാഴ്ചയാണ് 32 പേരടങ്ങുന്ന ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കിയത്. ഇതിനുപിന്നാലെയാണ് പാര്‍ട്ടിയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 10ല്‍ അഞ്ച് സീറ്റുകള്‍ നേടാന്‍ സാധിച്ചതോടെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. പാര്‍ട്ടിയിലെ അതൃപ്തി വോട്ടിനെ സാരമായി ബാധിക്കില്ലെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.
ബിജെപിക്ക് മറ്റൊരു വന്‍ തിരിച്ചടിയായി മുന്‍ മന്ത്രി ബച്ചന്‍ സിങ് ആര്യയും രാജിവച്ചു. സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നുണ്ടായ മനോവിഷമമാണ് രാജിയില്‍ കലാശിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സഫിഡോണ്‍ മണ്ഡലത്തില്‍ നിന്നും മത്സരിച്ചെങ്കിലും 3000 വോട്ടുകള്‍ക്ക് പരാജയപ്പെട്ടിരുന്നു.
സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ വൈദ്യുതി മന്ത്രി രഞ്ജിത് സിങ് ചൗട്ടലയും രതിയ എംഎല്‍എയായ ലഷ്മണ്‍ നപയും ബിജെപിയില്‍ നിന്ന് രാജിവച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.