
പി എം ശ്രീ പദ്ധതിയുടെ മറവിൽ സംസ്ഥാനത്ത് ദേശിയ വിദ്യാഭ്യാസ നയം നടപ്പിലാക്കുവാൻ അവസരം സൃഷ്ടിക്കുന്നത് ആത്മഹത്യാപരമായ നിലപാടാണെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി പറഞ്ഞ വാക്കുകൾ ആശങ്ക ഉളവാക്കുന്നതാണ്. എൽഡിഎഫിന്റെ നിലപാടിന് ഘടക വിരുദ്ധമായ അഭിപ്രായമാണിത്. യാതൊരു ചർച്ചകളും കൂടാതെ വിദ്യാഭ്യാസ മന്ത്രി ഏകപക്ഷീയമായി എടുത്ത തീരുമാനമാണത്. പിഎംശ്രീ പദ്ധതിയ്ക്ക് എൽഡിഎഫ് സർക്കാർ എതിരല്ല. എന്നാൽ അതിന്റെ പേരിൽ നടപ്പിലാക്കാൻ ശ്രമിക്കുന്ന ഉടമ്പടി തിരിച്ചറിയണം. വിദ്യാഭ്യാസ മേഖലയെ വാണിജ്യവൽക്കരിക്കുകയും വർഗീയവൽക്കരിക്കുകയും ചെയ്യുന്ന രീതിയാണ് വിദ്യഭ്യാസ നയത്തിലേക്ക്.
രാജ്യത്തിന്റെ യഥാർത്ഥ ചരിത്രം മറച്ചുപിടിച്ചു കൊണ്ട് ഏകപക്ഷീയമായ ചരിത്രവ്യാഖ്യാനങ്ങളിലൂടെ സ്ഥാപിത താല്പര്യങ്ങൾ നിറവേറ്റുന്നതിന്റെ നിരവധി ഉദാഹരണങ്ങൾ കഴിഞ്ഞ നാളുകളിൽ കണ്ടതാണ്. ഇതിനെതിരെ കേരളത്തിലെ വിദ്യാർത്ഥി, യുവജന പ്രസ്ഥാനങ്ങളും അധ്യാപക സംഘടനകളും ശക്തമായ നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്. അയൽസംസ്ഥാനങ്ങളായ തമിഴ്‌നാട്, ബംഗാൾ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിൽ പിഎംശ്രീ വിഷയത്തിൽ ശക്തമായ നിലപാടുകളാണ് ഇപ്പോഴും പിൻതുടരുന്നത്. കേരളത്തെ സാമ്പത്തികമായി ഞെരുക്കാനുള്ള എല്ലാ നീക്കങ്ങളും ബി ജെപിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്.
പദ്ധതി നടപ്പിലാക്കാത്ത സംസ്ഥാനങ്ങൾക്ക് വിവിധ പ്രോജക്ടുകൾ വഴി ലഭിക്കേണ്ട ഫണ്ട് നൽകില്ല എന്ന കേന്ദ്രസർക്കാരിന്റെ നിലപാടിനെതിരെ പ്രക്ഷോഭങ്ങളുടെ മാർഗ്ഗം സ്വീകരിക്കുകയാണ് വേണ്ടതെന്നും ഫണ്ട് ലഭിക്കാൻ പി എം ശ്രീ അനിവാര്യം എന്ന ചിന്താഗതി ഇടത് പക്ഷ നയങ്ങൾക്ക് വിരുദ്ധമാണെന്നും ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് വിദ്യാഭ്യാസമന്ത്രിയ്ക്കും മുഖ്യമന്ത്രിയ്ക്കും നിവേദനം നൽകിയിട്ടുണ്ടെന്നും ജിസ്‌മോൻ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ എഐവൈഎഫ് ജില്ലാ സെക്രട്ടറി സനൂപ് കുഞ്ഞുമോനും പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.