18 March 2025, Tuesday
KSFE Galaxy Chits Banner 2

സർഗാത്മക കാമ്പസുകളെ തിരിച്ചുപിടിക്കണം

Janayugom Webdesk
February 15, 2025 5:00 am

കോട്ടയം മെഡിക്കല്‍ കോളജിനുകീഴിലുള്ള സ്കൂൾ ഓഫ് നഴ്സിങ്ങിൽ നടന്ന നിഷ്ഠുരവും ഞെട്ടിക്കുന്നതുമായ റാഗിങ്ങിന്റെ വാർത്തകൾ കുറച്ചുദിവസങ്ങളായി ആഘോഷിക്കപ്പെടുകയാണ്. മനഃസാക്ഷിയെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. നഴ്സുമാരെന്നത് ലിംഗഭേദമില്ലാതെ അത്യന്തം കാരുണ്യ മനോഭാവം ആവശ്യമുള്ള വിഭാഗമാണ്. അതാണ് നാം അവരിൽ നിന്ന് പ്രതീക്ഷിക്കുന്നതും. പരീക്ഷ പാസായി പ്രായോഗിക പരിശീലനം സിദ്ധിച്ച് നാളെ ആ വിഭാഗത്തിലെത്തേണ്ട അഞ്ചുപേരെയാണ് റാഗിങ് പരാതിയിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. ക്ലാസ് മുറികളിലെ പഠനോപകരണങ്ങൾക്ക് പുറമേ ജിംനേഷ്യങ്ങളിൽ ഉപയോഗിക്കുന്ന വസ്തുക്കൾ ഉൾപ്പെടെ ഉപയോഗിച്ചുള്ള ക്രൂരമായ പീഡനങ്ങളും മൃഗയാ വിനോദവുമാണ് ഇവിടെ ചില വിദ്യാർത്ഥികൾക്കുനേരെ ഉണ്ടായതെന്ന വെളിപ്പടുത്തലുകളും ഞെട്ടിക്കുന്ന ദൃശ്യങ്ങളുമാണ് പുറത്തുവന്നിട്ടുള്ളത്. കൊടുംകുറ്റവാളികൾ പോലും ചെയ്യാൻ മടിക്കുന്ന കൃത്യങ്ങളാണ് റാഗിങ് എന്ന പേരിൽ അരങ്ങേറിയത്. സ്വകാര്യ ഭാഗങ്ങളിൽ ഡംബൽ ഉൾപ്പെടെ ഭാരോപകരണങ്ങൾ തൂക്കിയിട്ട് ഉപദ്രവിക്കുക, കോമ്പസ് അടക്കമുള്ളവകൊണ്ട് മുറിവേൽപ്പിക്കുക, മുറിവിൽ ലോഷൻ ഒഴിച്ച് കൂടുതൽ വേദനിപ്പിക്കുക, മുഖത്തും തലയിലും വായിലും അടക്കം ക്രീം തേയ്ക്കുക തുടങ്ങിയ ക്രൂരതകളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ജൂനിയര്‍ ക്ലാസുകളിലെ കുട്ടികളിൽ നിന്ന് മുതിർന്ന വിദ്യാർത്ഥികൾ പണം പിരിച്ച് മദ്യപിച്ചിരുന്നുവെന്നും പണം നൽകാത്തവരെ മാത്രമല്ല നൽകിയവരെയും ദ്രോഹിക്കാറുണ്ടെന്നുമുൾപ്പെടെ പരാതിയുണ്ട്. മദ്യപിക്കുന്നുവെന്ന വിവരം പുറത്തുപറയാതിരിക്കാനാണത്രേ പണം നൽകിയവരെ ദ്രോഹിക്കുന്നത്. കേൾക്കുമ്പോൾ തന്നെ ഞെട്ടലും അതേസമയം അറപ്പുമുളവാക്കുന്ന ചെയ്തികളുടെ വിവരങ്ങൾ പുറത്തുവന്നതിനുശേഷം അഞ്ചുപേരെ അറസ്റ്റ് ചെയ്യുകയും കൂടുതൽ അന്വേഷണവും തുടർ നടപടികളും സ്വീകരിച്ചുവരികയുമാണ്. 

നിയമംമൂലം നിരോധിക്കപ്പെട്ടെങ്കിലും കാമ്പസുകളിൽ നിന്ന് പ്രാകൃതമായ റാഗിങ് വാർത്തകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനകരമാണ്. കുറച്ച് ആഴ്ചകൾക്ക് മുമ്പാണ് എറണാകുളം തിരുവാണിയൂർ ജിപിഎസ് ഇന്റർനാഷണൽ സ്കൂളിലെ ഒമ്പതാം ക്ലാസുകാരൻ ഫ്ലാറ്റിൽ നിന്നും ചാടി ആത്മഹത്യ ചെയ്തത്. ഈ കുട്ടി മുതിർന്ന വിദ്യാർത്ഥികളുടെ ക്രൂരമാ­യ റാഗിങ്ങിന് വിധേയനായെന്നാണ് ആരോപണമുയർന്നത്. എന്നാ­ൽ ആരോപണ വിധേയരായ വിദ്യാർത്ഥികൾ കുറ്റം നിഷേധിച്ചുവെന്ന് പറഞ്ഞ് സംഭവം ഒതുക്കുന്നതിനാണ് സ്കൂൾ മാനേജ്മെന്റ് ശ്രമിച്ചതെന്നും പരാതിയുണ്ടായി. ഇവിടെയും ഇരയായ മിഹിർ എന്ന വിദ്യാർത്ഥിക്ക് നിഷ്ഠുരമായ അനുഭവങ്ങളുണ്ടായെന്നാണ് ര­ക്ഷിതാക്കൾ പരാതിപ്പെട്ടത്. മുതിർന്ന വിദ്യാർത്ഥികൾ ബസിൽ വച്ച് ക്രൂരമായി മർദിച്ചു, ശുചിമുറിയിൽ കൊണ്ടുപോയി ക്ലോസറ്റിൽ മുഖം അമർത്തിവച്ച് വെള്ളം ചീറ്റി തുടങ്ങിയ കൃത്യങ്ങളാണ് ആരോപിക്കപ്പെട്ടത്. വയനാട് പൂക്കോട് വെറ്ററിനറി കോളജിൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച സിദ്ധാർത്ഥനെന്ന വിദ്യാർത്ഥിയും റാഗിങ്ങിന്റെ ഇരയായിരുന്നു. ഏത്തമിടീക്കുക, സാങ്കല്പിക കസേരകളിൽ ഇരുത്തിക്കുക തുടങ്ങിയവയാണ് പഴയ രീതികൾ. എന്നാൽ അതുകടന്ന് റാഗിങ്ങിന്റെ പേരിലുള്ള ക്രൂരതകൾ ചില കാമ്പസുകളിലെങ്കിലും തുടരുന്നുവെന്നാണ് ഈ സംഭവങ്ങൾ വ്യക്തമാക്കുന്നത്. കേരളത്തിൽ 1996ലും 2001ൽ ദേശീയതലത്തിലും റാഗിങ് നിരോധന നിയമം പാസാക്കിയതാണ്. എന്നിട്ടും പല കാമ്പസുകളിൽ നിന്നും റാഗിങ് വാർത്തകൾ ഉണ്ടാകുന്ന സാഹചര്യത്തിൽ അതൃപ്തി രേഖപ്പെടുത്തിയ പരമോന്നത കോടതി, നിയമങ്ങൾ കർശനമായി പാലിക്കുവാനും റാഗിങ് നിരീക്ഷിക്കുന്നതിന് സംവിധാനങ്ങൾ ഒരുക്കുവാനും 2009ൽ നിർദേശിക്കുകയുണ്ടായി. റാഗിങ്ങിനെതിരായ മാനദണ്ഡങ്ങൾ പാലിക്കാത്തതിന് രാജ്യത്തെ 18 മെഡിക്കൽ കോളജുകൾക്ക് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (യുജിസി) കാരണം കാണിക്കൽ നോട്ടീസ് അയച്ചത് കഴിഞ്ഞയാഴ്ചയായിരുന്നു. റാഗിങ് വിരുദ്ധ ചട്ടങ്ങളിൽ പറഞ്ഞിരിക്കുന്ന നിർബന്ധിത മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നോട്ടീസ് അയച്ചത്. 

കർശനമായ ശിക്ഷാ വ്യവസ്ഥകളുള്ളതാണ് റാഗിങ് വിരുദ്ധ നിയമങ്ങൾ. എന്നാൽ നിയമങ്ങൾ നടപ്പിലാക്കുന്നതിൽ കോളജ് അധികൃതരുടെ അനാസ്ഥ വ്യാപകമാണ്. കോളജിന്റെ സൽപേര്, വിദ്യാർത്ഥികളുടെ ഭാവി തുടങ്ങിയ ന്യായങ്ങൾ നിരത്തി ഇത്തരം സംഭവങ്ങൾ ഒതുക്കിത്തീർക്കാനുള്ള പ്രവണതയാണ് പലപ്പോഴും സ്ഥാപന അധികൃതരിൽ നിന്നുണ്ടാകാറുള്ളത്. അതുകൊണ്ടുതന്നെ അപൂർവം സംഭവങ്ങൾ മാത്രമാണ് പുറത്തുവരുന്നത് എന്ന പരിമിതിയുണ്ട്. പുറത്തുവരികയും നിയമനടപടിക്കിടയാകുകയും ചെയ്യുന്ന സംഭവങ്ങളിലും പ്രതികളാക്കപ്പെടുന്നവർ മേൽപ്പറഞ്ഞ കാരണങ്ങളാലോ മതിയായ തെളിവുകളുടെ അഭാവത്തിലോ കുറ്റവിമുക്തരാക്കപ്പെടുകയാണ് പതിവ്. കുട്ടികൾക്കിടയിലെ അരാഷ്ട്രീയവൽക്കരണവും സംഘടനാ സംവിധാനങ്ങളുടെ അഭാവവും ഇത്തരം ക്രൂരതകള്‍ക്ക് കാരണമാകുന്നുണ്ട്. കാമ്പസുകളെ സർഗാത്മകതയുടെയും സംവാദങ്ങളുടെയും ജനാധിപത്യ സംവിധാനങ്ങളുടെയും ഇടങ്ങളാക്കുകയും അതിലൂടെ സൃഷ്ടിക്കപ്പെടുന്ന രാഷ്ട്രീയ ബോധ്യത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നിടത്ത് ഇത്തരം അരാജക പ്രവണതകൾക്ക് സ്ഥാനമുണ്ടാകില്ലെന്നുറപ്പാണ്. അതുകൊണ്ട് കുറ്റാരോപിതർക്ക് കർശന ശിക്ഷ ഉറപ്പാക്കുന്നതിനൊപ്പം ജനാധിപത്യബോധമുള്ള കാമ്പസ് അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയും ചെയ്താൽ മാത്രമേ മനുഷ്യത്വവിരുദ്ധമായ ഇത്തരം നടപടികൾ ഇല്ലാതാക്കുന്നതിന് സാധിക്കുകയുള്ളൂ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.