വനിതാ- ശിശുക്ഷേമത്തിനും സ്ത്രീശാക്തീകരണത്തിനുമായുള്ള നിരവധി പദ്ധതികൾ നടപ്പാക്കുന്നതായി കേന്ദ്രസർക്കാർ അവകാശപ്പെടുമ്പോഴും ജോലി ചെയ്യുന്ന അമ്മമാരുടെ കുട്ടികൾക്കായുള്ള ഡെ കെയർ സ്ഥാപനങ്ങൾ കൂട്ടത്തോടെ അടച്ചുപൂട്ടുന്നു. രാജ്യത്തെ തൊഴിലെടുക്കുന്ന അമ്മമാരുടെ കൈത്താങ്ങായി മാറിയ ക്രഷുകൾ ഇപ്പോൾ വർധിച്ച ചെലവുകൾ താങ്ങാനാകാതെ പൊറുതിമുട്ടുകയാണ്. ദേശവ്യാപകമായി ഇരുപതിനായിരത്തോളമുണ്ടായിരുന്ന ക്രഷുകൾ കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് 6,000 ത്തോളമായി ചുരുങ്ങിയിരിക്കുകയാണ്. ദേശീയ ക്രഷ് സ്കീമിന്റെ കീഴിൽ വരുന്ന ഡെ കെയർ സ്ഥാപനങ്ങളുടെ നടത്തിപ്പിനാവശ്യമായ സാമ്പത്തിക സഹായമോ, ജീവനക്കാർക്ക് മെച്ചപ്പെട്ട വേതനമോ ലഭിക്കാതായതോടെയാണ് ദേശീയ ക്രഷ് പദ്ധതി കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്.
കേന്ദ്ര സർക്കാർ മാർഗനിർദേശപ്രകാരം സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ നടപ്പാക്കുന്ന ഈ പദ്ധതിയുടെ നെടുംതൂണായ കുട്ടികളെ പരിപാലിക്കുന്ന ജീവനക്കാർ വലിയതോതിലുള്ള തൊഴിൽ ചൂഷണത്തിന് വിധേയരാവുകയാണ്. 2017 ജനുവരി ഒന്നിന് രാജ്യത്ത് നടപ്പാക്കിത്തുടങ്ങിയ ദേശീയ ക്രഷ് സ്കീമിൽ ആറ് മാസം മുതൽ ആറ് വയസ് വരെ പ്രായമുള്ള കുട്ടികളുടെ പരിപാലനമാണ് അംഗീകൃത സ്ഥാപനങ്ങളിലൂടെ നടപ്പാക്കി വരുന്നത്.
സ്ഥാപനം നടത്തിപ്പിന്റെ മൊത്തം ചെലവിന്റെ അറുപത് ശതമാനം കേന്ദ്രസര്‍ക്കാരും 30 ശതമാനം സംസ്ഥാനവും ബാക്കി വരുന്ന 10 ശതമാനം പ്രാദേശികമായി പദ്ധതി ഏറ്റെടുത്തിരിക്കുന്ന സന്നദ്ധ സംഘടനയുമാണ് വഹിക്കുന്നത്. രാവിലെ 9.30 മുതൽ വൈകുന്നേരം അഞ്ചു മണി വരെ കുട്ടികൾ പരിപാലിക്കപ്പെടുന്നു. അവർക്ക് സപ്ലിമെന്ററി ന്യൂട്രിഷൻ, പ്രീ- പ്രൈമറി വിദ്യാഭ്യാസം, മെഡിക്കൽ ചെക്കപ്പ് എന്നിവ ലഭിക്കുന്നുണ്ട്. 2017–18ൽ 8,040 ക്രഷുകൾ രാജ്യത്ത് പ്രവർത്തനക്ഷമമായിരുന്നു. 2018–19ൽ 8,018, 2019–20ൽ 6,458 എന്നിങ്ങനെയാണ് രാജ്യത്ത് പ്രവർത്തിക്കുന്ന പരിപാലന കേന്ദ്രങ്ങളുടെ കണക്ക്. സ്ഥാപനങ്ങളുടെ എണ്ണത്തിൽ വലിയ കുറവ് ഉണ്ടായതിനെ തുടർന്ന് 2020ൽ നിതി ആയോഗ് ദേശീയ ക്രഷ് സ്കീമിനെ കുറിച്ച് വിശദമായ പഠനം നടത്തി ശുപാർശകൾ സമർപ്പിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും നടപ്പാക്കാൻ കേന്ദ്രസർക്കാർ ഒരുനീക്കവും നടത്തിയിട്ടില്ല.
ജീവനക്കാർക്ക് തുഛമായ വേതനം
പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള ജീവനക്കാര്‍ക്ക് പ്രതിമാസ ഓണറേറിയം 3,000 രൂപയും ഹെൽപ്പർക്ക് പ്രതിമാസ ഓണറേറിയം 1,500 രൂപയും മാത്രമാണ് നൽകുന്നത്. വലിയ ജാഗ്രതയും ക്ഷമയും വേണ്ട ജോലിയായിരുന്നിട്ടും ഉതകുന്ന തരത്തിലുള്ള പ്രതിഫലം ഈ ജീവനക്കാർക്ക് ലഭിക്കുന്നില്ല. എൻസിപി യൂണിറ്റുകളിലെ ജീവനക്കാരുടെ ഓണറേറിയം അങ്കണവാടി ജീവനക്കാരുടേതുമായി താരതമ്യം ചെയ്യുമ്പോൾ വളരെ താഴെയാണ്. കുട്ടികളുടെ രക്ഷിതാക്കളിൽ നിന്ന് 20 രൂപ മുതൽ 200 വരെ സ്വീകരിക്കാൻ അനുവാദമുണ്ടെങ്കിലും അതുകൊണ്ടൊന്നും കാര്യങ്ങൾ മുന്നോട്ടുപോകാത്ത സ്ഥിതിയാണുള്ളത്. കോവിഡ് കാലത്ത് കുട്ടികൾ എത്താതായതോടെ രക്ഷിതാക്കളിൽ നിന്ന് നാമമാത്രമായ യൂസർ ഫീ പോലും പിരിക്കാൻ കഴിയാത്ത സ്ഥിതിയായി.
ENGLISH SUMMARY: Creche in crisis
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.