24 September 2024, Tuesday
KSFE Galaxy Chits Banner 2

Related news

September 10, 2024
September 4, 2024
July 20, 2024
July 11, 2024
July 7, 2024
May 4, 2024
May 2, 2024
May 2, 2024
April 30, 2024
April 29, 2024

മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം; ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ച് ബൊളീവിയ

Janayugom Webdesk
സുക്രേ
November 1, 2023 10:34 pm

ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ച് ബൊളീവിയ. പലസ്തീൻ ജനതക്കുമേൽ ഇസ്രയേൽ ക്രൂരമായ ആക്രമണമാണ് നടത്തുന്നതെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രഖ്യാപനം. ഗാസ മുനമ്പിൽ ഇസ്രയേൽ സൈന്യം നടത്തുന്ന അനിയന്ത്രിതവും പൈശാചികവുമായ അക്രമത്തെ ബൊളീവിയ അപലപിക്കുന്നു. ഇതിനാൽ ഇസ്രയേലുമായുള്ള എല്ലാ നയതന്ത്ര ബന്ധവും ഉപേക്ഷിക്കാൻ തീരുമാനിക്കുകയാണ് ബൊളീവിയൻ വിദേശകാര്യ സഹമന്ത്രി ഫ്രഡി മാമാനി വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.

ആക്രമണം രൂക്ഷമായ ഗാസ മുനമ്പിൽ മാനുഷിക സഹായം നൽകുന്ന അന്താരാഷ്ട്ര സംഘടനകളോടുള്ള ഇസ്രയേലിന്റെ ശത്രുതാപരമായ സമീപനം അംഗീകരിക്കാനാകില്ലെന്നും ഗാസയിലേക്ക് കഴിയാവുന്നത്ര സഹായങ്ങൾ ബൊളീവിയ എത്തിക്കുമെന്നും വിദേശകാര്യ മന്ത്രി മരിയ നില പ്രാദാ അറിയിച്ചു. പലസ്തീനികൾ കൂട്ടത്തോടെ തങ്ങളുടെ നാട്ടിൽ നിന്നും പലായനം ചെയ്യാന്‍ ഇടയാക്കിയ ആക്രമണം ഉടന്‍ അവസാനിപ്പിക്കാൻ ആവശ്യപ്പെടുന്നതായും മരിയ പറഞ്ഞു.

ഗാസയിൽ നടത്തുന്ന ആക്രമണത്തിന്റെ പേ­രിൽ നയതന്ത്രബന്ധം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിക്കുന്ന ആദ്യ രാജ്യങ്ങളിലൊന്നാണ് ബൊളീവിയ. അക്രമം ആരംഭിച്ച സാഹചര്യത്തിൽ തന്നെ ബൊളീവിയ ആശങ്ക പ്രകടിപ്പിച്ചിരുന്നു. തുടർന്ന്, ബൊളീവിയൻ വിദേശകാര്യ മന്ത്രാലയം ഇസ്രയേൽ ആക്രമണത്തിൽ അപലപിക്കുകയും പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തുകയും ചെയ്തു.

ഇതാദ്യമായല്ല ബൊളീവിയയും ഇസ്രയേലും തമ്മിലുള്ള നയതന്ത്രബന്ധം തകരുന്ന സാഹചര്യമുണ്ടാകുന്നത്. 2009ല്‍ ഗാസ മുനമ്പിലെ ആക്രമണത്തിൽ പ്രതിഷേധിച്ച് ബൊളീവിയ ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചിരുന്നു. പിന്നീട് 2020ൽ പ്രസിഡന്റ് ജീനിൻ അനസ് അധികാരത്തിൽ വന്നതോടെയാണ് ബന്ധം പുനഃസ്ഥാപിക്കുന്നത്.

ഗാസയിലെ അക്രമത്തിന്റെ പശ്ചാത്തലത്തിൽ ബൊളീവിയയുടെ അയല്‍രാജ്യങ്ങളായ കൊളംബിയയും ചിലിയും ഇസ്രയേലിലെ നയതന്ത്ര പ്രതിനിധികളെ തിരികെ വിളിച്ചു. ഗാസയിലെ ആയിരക്കണക്കിന് ആൾക്കാരുടെ കൂട്ട­ക്കൊ­ലയെ അപലപിച്ച ഇരുരാജ്യങ്ങളും വെടിനിർത്തലിന് ആഹ്വാനം ചെയ്തു. നയതന്ത്ര പ്രതിനിധിയായിരുന്ന ഹോർഹെ കാർവാജലിനെ തിരിച്ചുവിളിക്കുകയാണെന്ന് പ്രഖ്യാപിച്ച ചിലി പ്രസിഡന്റ് ഗബ്രിയേൽ ബോറിക് ഇസ്രയേലിന്റെ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ ലംഘനമാണെന്നും ഗാസയിലെ ജനങ്ങൾക്കുമേൽ നടത്തുന്ന കൂട്ടായ ശിക്ഷാ നടപടിയെ കുറ്റപ്പെടുത്തിയും എക്സിലൂടെ രംഗത്തെത്തിയിരുന്നു. അറബ് രാജ്യങ്ങൾക്ക് പുറമെ, ലോകത്ത് ഏറ്റവും വലുതും പഴക്കമുള്ളതുമായ പലസ്തീൻ സമൂഹമുള്ളത് ചിലിയിലാണ്.

കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ ഇസ്രയേൽ നടത്തുന്ന ആക്രമത്തെ പലസ്തീനികളുടെ കൂട്ടക്കൊലയെന്നാണ് വിമർശിച്ചത്. മെക്സിക്കോയും ബ്രസീലുമുൾപ്പെടെ മറ്റ് ലാറ്റിനമേരിക്കൻ രാജ്യങ്ങളും ഗാസയിലെ വെടിനിർത്തലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ഇസ്രയേൽ പ്രധാനമന്ത്രി ബെ­ഞ്ചമിൻ നെതന്യാഹു വെടിനിർത്തൽ ആഹ്വാനം തള്ളിയിരുന്നു. യുദ്ധം ജയിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും നെതന്യാഹു പറഞ്ഞു. ആക്രമണം കടുപ്പിച്ചാൽ ബന്ദികളുടെ മോചനത്തിന് ഹമാസ് നിർബന്ധി­ത­രാകു­മെന്നാണ് ഇ­സ്രയേലിന്റെ വാദം.

Eng­lish Sum­ma­ry: crime against human­i­ty; Bolivia ends diplo­mat­ic rela­tions with Israel

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.