17 November 2024, Sunday
KSFE Galaxy Chits Banner 2

ശ്രദ്ധയുടെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കും

തീരുമാനം മന്ത്രിതല ചര്‍ച്ചയില്‍; അമല്‍ജ്യോതി കോളജിലെ വിദ്യാര്‍ത്ഥി സമരം അവസാനിപ്പിച്ചു
web desk
കോട്ടയം
June 7, 2023 1:44 pm

കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജിലെ സമരം അവസാനിപ്പിക്കുന്നതിനായി മന്ത്രിതല സമിതിയുടെ ചര്‍ച്ച വിജയം.  വിദ്യാര്‍ത്ഥിനി ആത്മഹത്യ സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നും ചീഫ് ഹോസ്റ്റല്‍ വാര്‍ഡന്‍ സിസ്റ്റര്‍ മായയെ മാറ്റുമെന്നും യോഗത്തില്‍ മന്ത്രി ആര്‍ ബിന്ദു അറിയിച്ചു. ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചു. മന്ത്രി വി എന്‍ വാസവനും മാനേജ്‌മെന്റും വിദ്യാര്‍ത്ഥികളുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ആരോപണ വിധേയരായ അധ്യാപകര്‍ക്കെതിരെ ഉടനെ നടപടി ഉണ്ടാവില്ലെന്ന് മന്ത്രിമാര്‍ പറഞ്ഞു. അതിനിടെ ആത്മഹത്യയില്‍ സാങ്കേതിക സര്‍വകലാശാലയുടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ശ്രദ്ധ ജീവനൊടുക്കാന്‍ കാരണം അദ്ധ്യാപകരുടെ മാനസിക പീഡനമാണെന്നാണ് കുടുംബം ആരോപിക്കുന്നത്. തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതില്‍ കോളജ് അധികൃതര്‍ മനഃപൂര്‍വം വീഴ്ച വരുത്തിയെന്നും കുടുംബം ആരോപിച്ചു. ആശുപത്രിയിലെത്തിച്ചപ്പോള്‍ ശ്രദ്ധ തലകറങ്ങി വീണതാണെന്നായിരുന്നു കോളജ് അധികൃതര്‍ ഡോക്ടറോട് പറഞ്ഞത്. ആത്മഹത്യാ ശ്രമമാണെന്ന് പറഞ്ഞിരുന്നെങ്കില്‍ ശരിയായ ചികിത്സ ലഭിക്കുമായിരുന്നെന്നും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടി.

കോളജിലെ ലാബില്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ അധ്യാപകര്‍ പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെ എച്ച്ഒഡി മകളെ ഹരാസ് ചെയ്തതായി കുടുംബം ആരോപിച്ചു. ക്യാബിനില്‍ നിന്ന് പുറത്തേക്ക് പോയതിന് പിന്നാലെയാണ് ശ്രദ്ധ അസ്വസ്ഥയായതുപോലെ തോന്നിയിരുന്നെന്ന് ശ്രദ്ധയുടെ സുഹൃത്തുക്കളും വ്യക്തമാക്കി. എച്ച്ഒഡിയുടെ അധിക്ഷേപമാണ് ശ്രദ്ധയെ മാനസികമായി തകര്‍ത്തതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. എന്നാല്‍ കുടുംബത്തിന്റെ ആരോപണങ്ങള്‍ക്ക് എതിരെ കോളജ് അധികൃതര്‍ രംഗത്തെത്തി. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് കണ്ടുപിടിച്ചതിന്റെ വിഷമത്തിലാകാം ശ്രദ്ധ ആത്മഹത്യ ചെയ്തതെന്നാണ് കോളേജ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. അന്ന് രാത്രി ഒമ്പതോടെ കോളജ് ഹോസ്റ്റലിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ ശ്രദ്ധയെ കണ്ടെത്തുകയായിരുന്നു.

Eng­lish Sam­mury: Crime Branch will inves­ti­gate Amal Jyothi Col­lage Stu­dent Shrad­dha’s suicide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.