
ജില്ലയിൽ കുറ്റകൃത്യങ്ങൾ പെരുകുന്നതായി സ്റ്റേറ്റ് ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കുകൾ. ബ്യൂറോയുടെ കണക്കു പ്രകാരം കഴിഞ്ഞ എട്ട് ദിവസത്തിനുള്ളിൽ രജിസ്റ്റർ ചെയ്തത് 88 കേസുകളാണ്. ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി 93 പേരെ അറസ്റ്റ് ചെയ്തു. ഫെബ്രുവരി 22 മുതൽ 28 വരെയുള്ള കണക്കാണിത്. ഫെബ്രുവരിയിൽ മാത്രം ഇടുക്കിയിൽ വിവിധ കുറ്റകൃത്യങ്ങളിൽ അറസ്റ്റിലായത് 75 പേരാണ്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേയുള്ള കുറ്റകൃത്യങ്ങളും വർധിച്ചുവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ലഹരിവസ്തുക്കളുടെ മായാവലയത്തിൽ അകപ്പെട്ടവരാണ് കൂടുതലായും കുറ്റകൃത്യങ്ങൾ നടത്തുന്നത്. മൂലമറ്റം തേക്കുംകൂപ്പിനു സമീപം മേലുകാവ് സ്വദേശിയായ സാജൻ സാമുവലിനെ എട്ടുപേർ ചേർന്ന് കൊലപ്പെടുത്തി മൂലമറ്റം കനാലിനു സമീപം പായയിൽ പൊതിഞ്ഞ് കൊണ്ടുവന്നിട്ടത് ഫെബ്രുവരി രണ്ടിനായിരുന്നു. കേസിൽ അറസ്റ്റിലായ അറക്കുളം സ്വദേശികൾ മദ്യത്തിനും മയക്കുമരുന്നിനും അടിമകളായിരുന്നു. മണക്കാട് തോട്ടിൽകുളിക്കാനിറങ്ങിയ വീട്ടമ്മയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് മൂന്നുപവൻ സ്വർണമാല കവർന്ന കേസിൽ ഫെബ്രുവരി 17 നു തൊടുപുഴ പൊലിസ് രണ്ടുപേരെ അറസ്റ്റുചെയ്തിരുന്നു.
ഇതിൽ ഒരാൾ തൊടുപുഴ മണക്കാട് സ്വദേശിയായിരുന്നു. എംഡിഎംഎ ഹാഷിഷ് ഓയിൽ, എൽഎസ്ഡി സ്റ്റാമ്പ് തുടങ്ങിയ രാസലഹരികളുടെ സ്വാധീനത്തിന് അടിമകളായിരുന്നവരാണ് കുറ്റകൃത്യങ്ങൾക്ക് പിന്നിലുള്ളത്. മയക്കുമരുന്നിന്റെ ഉപയോഗം മൂലം മാനസിക അസ്വസ്തത ബാധിച്ച് മാനസികാരോഗ്യ കേന്ദ്രങ്ങളിൽ എത്തുന്ന വിദ്യാർഥികളുടെയും യുവജനങ്ങളുടെ എണ്ണത്തിലും ഗണ്യമായ വർധനവാണ് രേഖപ്പെടുത്തുന്നത്. പോക്സോ കേസുകളുടെ എണ്ണത്തിലും ക്രമാതീതമായ വർധനവുണ്ടായിട്ടുണ്ട്.
മയക്കുമരുന്നിന്റെ കാരിയർമാരായി കടന്നുവരുന്നവരിൽ ഏറെയും വിദ്യാർഥികളും യുവജനങ്ങളുമാണ്. സാമ്പത്തിക പരാധീനതയുടെയും കുടുംബവഴക്കിന്റെയും പേരിലും ലഹരി വസ്തുക്കളുടെ സ്വാധീനംമൂലം ജീവനൊടുക്കിയവരുമുണ്ട്. രാത്രികാലമായാൽ തൊടുപുഴയിലെയും ജില്ലയിലെയും വിവിധ പ്രദേശങ്ങളിലെയും തെരുവുകളിലൂടെ അലഞ്ഞുതിരിയുന്ന യുവതീ യുവാക്കൻമാരുടെ എണ്ണം അടുത്തിടെ ഏറിവരികയാണ്. തൊടുപുഴയുടെ സമീപപ്രദേശങ്ങളിൽ കഞ്ചാവിന്റെയും ലഹരിവസ്തുക്കളുടെയും കടത്തും വിൽപ്പനയും സമീപനാളിൽ വ്യാപകമാണ്. ഇതിൽ ചുരുക്കംപേർ മാത്രമാണ് എക്സൈസിന്റെയും പൊലിസിന്റെയും പിടിയിലാകുന്നത്. ഇവർ രക്ഷപ്പെടുന്ന സാഹചര്യവുമുണ്ട്. പിടിക്കപ്പെടുന്ന ലഹരിവസ്തുക്കളുടെ അളവ് വളരെ കൂടുതലാണെങ്കിലും പലപ്പോഴും അഞ്ചുഗ്രാമിൽ താഴെയാകും രേഖയിൽ കാണിക്കുക. ഇതുമൂലം പ്രതികൾക്ക് ജാമ്യം ലഭിക്കാനും ശിക്ഷയിൽനിന്നു ഇളവുകിട്ടാനുമുള്ള സാഹചര്യമാണുണ്ടാകുന്നത്.
ജില്ലയിലെ പല റോഡുകളിലൂടെയും രാത്രികാലങ്ങളിൽ വാഹനങ്ങളിൽ കിലോക്കണക്കിനു ലഹരിവസ്തുക്കൾ പ്രത്യേക അറകളിൽ കടത്തികൊണ്ടുപോകുന്നുണ്ടെങ്കിലും പൊലിസോ എക്സൈസോ നൈറ്റ് പട്രോളിംഗ് നടത്താത്തതുമൂലം ഇവ സുരക്ഷിത കേന്ദ്രങ്ങളിൽ എത്തുന്നതു പതിവാണ്. നേരത്തേ അതിർത്തി ഗ്രാമങ്ങളായ കടവരി, കമ്പക്കല്ല് എന്നിവിടങ്ങളിൽ ഉണ്ടായിരുന്ന കഞ്ചാവ് കൃഷി അധികൃതർ നിശേഷം ഇല്ലാതാക്കിയിരുന്നെങ്കിലും സമീപനാളിൽ ഇവ തഴച്ചുവളരുന്ന സ്ഥിതിയാണുള്ളത്. ഏതാനും ദിവസം മുമ്പാണ് മുരിക്കാശേരിയിലെ പുരയിടത്തിൽ അരയേക്കർ സ്ഥലത്ത് നട്ടുവളർത്തിയിരുന്ന കഞ്ചാവ് ചെടികൾ അധികൃതർ കണ്ടെത്തിയത്. കഴിഞ്ഞ പത്തുവർഷത്തിനിടയിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയായിരുന്നു ഇത്. പൊലിസ്, എക്സൈസ്, ആന്റി നാർക്കോട്ടിക് സെൽ എന്നിവയുടെ കാര്യക്ഷമമായ പ്രവർത്തനം ഉണ്ടായാലെ മയക്കുമരുന്ന് കടത്തും വിൽപ്പനയും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ തടയാനും ഇതുമൂലം സമൂഹത്തിനുണ്ടാകുന്ന അക്രമങ്ങളും മോഷണവും എല്ലാം ഇല്ലാതാക്കാനും കഴിയൂ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.