
മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രതിസന്ധിയെക്കുറിച്ചുള്ള യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിന്റെ പരാതിയില്‍ വിദഗ്ധ സമിതിയുടെ അന്വേഷണം ആരംഭിച്ചു. ആലപ്പുഴ, കോട്ടയം മെഡിക്കൽ കോളജുകളിലെ വിദഗ്ധരടങ്ങിയ സംഘമാണ് ഇന്നലെ അന്വേഷണം ആരംഭിച്ചത്.
അന്വേഷണം തുടങ്ങിയ വിദഗ്ധസമിതി ഡോക്ടര്‍ ഹാരിസ് അടക്കം എല്ലാ വകുപ്പ് മേധാവികളുടെയും മൊഴിയെടുത്തു. ഡോക്ടര്‍ ഹാരിസ് ചിറയ്ക്കലിന്റെ മൊഴിയാണ് ആദ്യം രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒരു വര്‍ഷത്തെ രേഖകള്‍ സംഘം ശേഖരിച്ചു. പ്രിന്‍സിപ്പല്‍, സൂപ്രണ്ട് എന്നിവരും സമിതിക്ക് മൊഴി നല്‍കി. അതേസമയം, മെഡിക്കല്‍ കോളജിനെക്കുറിച്ച് ഉന്നയിച്ച പരാതികളില്‍ ഡോ. ഹാരിസ് ഉറച്ചു നില്‍ക്കുകയാണ്.
എന്നാല്‍, ഡോ. ഹാരിസിനെ സൂപ്പര്‍ സ്പെഷ്യാലിറ്റി മേധാവികള്‍ പിന്തുണച്ചില്ല. സര്‍ക്കാര്‍ സംവിധാനത്തിലെ സാധാരണയുള്ള കാലതാമസം മാത്രമെന്നാണ് വകുപ്പ് മേധാവികള്‍ വിദഗ്ധസമിതിയെ അറിയിച്ചത്. സൂപ്രണ്ടും പ്രിന്‍സിപ്പലും ഹാരിസിന്റെ വാദം തള്ളിക്കൊണ്ട് മൊഴി നല്‍കി. രേഖകള്‍ മുഴുവന്‍ വിലയിരുത്തിയ ശേഷം വിദഗ്ധ സംഘം വീണ്ടും തെളിവെടുപ്പിനെത്തും. ആലപ്പുഴ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ബി പത്മകുമാർ, കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ടി കെ ജയകുമാർ, ആലപ്പുഴ മെഡിക്കൽകോളജ് നെഫ്രോളജി വിഭാഗം മേധാവി ഡോ. എസ് ഗോമതി, കോട്ടയം മെഡിക്കൽ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. രാജീവൻ അമ്പലത്തറക്കൽ എന്നിവരടങ്ങിയ സമിതിയാണ് ഇന്നലെ തിരുവനന്തപുരം മെഡിക്കൽകോളജിൽ എത്തി വിവരങ്ങൾ ശേഖരിച്ചത്.
ശുപാർശകൾ അടങ്ങിയ റിപ്പോർട്ട് അടിയന്തിരമായി സമർപ്പിക്കാനാണ് നിർദേശം. അന്വേഷണ സമിതിയെ നിയോഗിച്ചതിൽ തൃപ്തിയുണ്ടെന്ന് ഡോ. ഹാരിസ് ചിറയ്ക്കൽ പറഞ്ഞു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. എല്ലാ വിഷയങ്ങളും സമിതി അന്വേഷിക്കണം. ശാശ്വത പരിഹാരം വേണമെന്നും ഡോ. ഹാരിസ് ചിറയ്ക്കൽ മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ ഉപകരണങ്ങളില്ലാതെ ഗുരുതര പ്രതിസന്ധി നേരിടുന്നുവെന്ന ഡോക്ടറുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് സമഗ്ര അന്വേഷണത്തിന് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.