
പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള നേപ്പാള്‍ പ്രസിഡന്റിന്റെ തീരുമാനത്തിനെതിരെ വിമര്‍ശനം. നടപടി ഭരണഘടനാ വിരുദ്ധമാണെന്നാണ് പ്രധാന രാഷ്ട്രീയ പാർട്ടികളും അഭിഭാഷക ഉന്നത സമിതിയും വിശേഷിപ്പിച്ചത്. ഇടക്കാല പ്രധാനമന്ത്രി സുശീല കാർക്കിയുടെ അധ്യക്ഷതയിൽ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിന്റെ പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള ശുപാര്‍ശ പ്രസിഡന്റ് രാം ചന്ദ്ര പൗഡല്‍ അംഗീകരിക്കുകയായിരുന്നു.
12ന് രാത്രി 11 മുതൽ പ്രാബല്യത്തിൽ വരുന്ന വിധത്തിൽ സഭ പിരിച്ചുവിട്ടു എന്ന് പ്രസിഡന്റിന്റെ ഓഫിസ് പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു. അടുത്ത വർഷം മാർച്ച് 21ന് പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്താനുള്ള തീയതിയും പ്രസിഡന്റ് നിശ്ചയിച്ചു.
ഭരണഘടന ലംഘിക്കുന്ന ഏതൊരു നടപടിയും അംഗീകരിക്കാനാവില്ലെന്ന് നേപ്പാളി കോൺഗ്രസ് (എന്‍സി) പറഞ്ഞു. പാർലമെന്റ് പിരിച്ചുവിട്ടത് രാജ്യത്തിന്റെ ജനാധിപത്യ നേട്ടങ്ങളെ അപകടത്തിലാക്കിയെന്ന് നേപ്പാളി കോണ്‍ഗ്രസിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. പാർലമെന്റ് പിരിച്ചുവിടാനുള്ള ഈ നീക്കം നമ്മുടെ ഭരണഘടനയുടെ ആത്മാവിനും സുപ്രീം കോടതിയുടെ വ്യാഖ്യാനത്തിനുമെതിരാണെന്നും എന്‍സി വ്യക്തമാക്കി.
ഭരണഘടനയുടെ ഏതൊരു ലംഘനവും ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നുവെന്ന് നാഷണൽ കോൺഫറൻസ് ജനറൽ സെക്രട്ടറി ബിശ്വ പ്രകാശ് ശര്‍മ്മ പറഞ്ഞു. സിപിഎൻ‑യുഎംഎൽ ജനറൽ സെക്രട്ടറി ശങ്കർ പൊഖാരേലും നീക്കത്തെ വിമര്‍ശിച്ചു.
പ്രതിനിധി സഭ പിരിച്ചുവിടാനുള്ള തീരുമാനത്തോട് സിപിഎൻ (മാവോയിസ്റ്റ് സെന്റർ) വിയോജിപ്പ് പ്രകടിപ്പിച്ചു. രാജ്യത്തിന്റെ ഭരണഘടനാ ചട്ടക്കൂടിന് വിരുദ്ധമാണ് തീരുമാനം എന്ന് പാർട്ടി വക്താവും വൈസ് ചെയർമാനുമായ അഗ്നി പ്രസാദ് സപ്‍കോട്ട പറഞ്ഞു.
ഏകപക്ഷീയ പിരിച്ചുവിടൽ ഭരണഘടനാ മേധാവിത്വത്തെ ദുർബലപ്പെടുത്തുന്നുവെന്ന് നേപ്പാൾ ബാർ അസോസിയേഷൻ പ്രസ്താവന പുറത്തിറക്കി. കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് സഭ പിരിച്ചുവിടുന്നത് ജനാധിപത്യ സ്ഥാപനങ്ങളിലുള്ള പൊതുജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കുമെന്നും ഭരണഘടനാ ക്രമത്തിന്റെ അടിത്തറയ്ക്ക് തന്നെ ഭീഷണിയാകുമെന്നും ബാര്‍ അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.