
കനത്ത മഴയില്‍ നാശനഷ്ടമുണ്ടായ കർഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ എപ്പോഴും സർക്കാരിന് കഴിയില്ലെന്ന് മഹാരാഷ്ട്ര കാർഷിക കമ്മിഷൻ ചെയർമാൻ പാഷ പട്ടേൽ. കർഷകർ ഈ ബുദ്ധിമുട്ടുമായി പൊരുത്തപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ധാരാശിവ് ജില്ലയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് വിവാദ പരാമര്‍ശങ്ങള്‍. അധിക മഴ, വരൾച്ച, ആലിപ്പഴം, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിയുടെ വ്യതിയാനങ്ങൾ കാരണം, വർഷത്തിലെ 365ൽ 322 ദിവസവും കർഷകർ പ്രതിസന്ധി നേരിടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതിയെ വളരെയധികം നശിപ്പിച്ചതിന്റെ അനന്തരഫലങ്ങളാണ് നാം അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും പാഷ പറഞ്ഞു.
ബിജെപി നേതാവിന്റെ പ്രസ്താവനയ്‌ക്കെതിരെ മുൻ എംപിയും കർഷക നേതാവുമായ രാജു ഷെട്ടി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കാർഷികോല്പന്നങ്ങളുടെ കയറ്റുമതി നിയന്ത്രിക്കുന്നത് പോലുള്ള സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങളാണ് തങ്ങളുടെ നിർഭാഗ്യമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നയങ്ങളെ കുറ്റപ്പെടുത്തി ഒരു കുറിപ്പ് എഴുതിയ അഹല്യനഗർ ജില്ലയിലെ ഒരു കർഷകൻ അടുത്തിടെ ആത്മഹത്യ ചെയ്തതിനെക്കുറിച്ചും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ സംസ്ഥാനത്ത് നടന്നത് 767 കര്‍ഷക ആത്മഹത്യകളാണെന്ന് മഹാരാഷ്ട്ര നിയമസഭയില്‍ അടുത്തിടെ കണക്കുകള്‍ അവതരിപ്പിച്ചിരുന്നു. 2025 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസത്തെ കണക്കാണ് പുറത്തുവിട്ടത്. ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ നടന്നത് മഹാരാഷ്ട്രയിലെ വിദര്‍ഭ മേഖലയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവില്‍ ഒരു ലക്ഷം രൂപയാണ് കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരമായി നല്‍കി വരുന്നത്. ആത്മഹത്യ ചെയ്തവരില്‍ 376 കര്‍ഷകരാണ് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഈ നഷ്ടപരിഹാരത്തിന് അര്‍ഹരായിരിക്കുന്നത്. ബാക്കി വരുന്ന 200 ഓളം കര്‍ഷകര്‍ക്ക് സഹായധനം ലഭിക്കില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.