ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ നിന്നും ചാക്കുകണക്കിന് പണം കണ്ടെത്തിയ സംഭവത്തില്‍ ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്കാണ് റിപ്പോര്‍ട്ട് നല്‍കിയത്.
ഇതിനിടെ രാജ്യത്തെ ജുഡിഷ്യറിക്ക് ആകെ കളങ്കം വരുത്തിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗം സമിതിയെ സുപ്രീം കോടതി നിയോഗിച്ചു. പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി എസ് സന്ധാവാലിയ, കര്‍ണാടക ഹൈക്കോടതി ജഡ്ജി അനു ശിവരാമന്‍ എന്നിവരടങ്ങിയ സമിതിയാകും അന്വേഷിക്കുക. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ യശ്വന്ത് വര്‍മ്മയ്ക്ക് കേസുകള്‍ അനുവദിക്കരുതെന്നും സുപ്രീം കോടതി ഡല്‍ഹി ചീഫ് ജസ്റ്റിസിനോട് നിര്‍ദേശിച്ചു.
ജസ്റ്റിസ് വര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ നിന്നും പണം കണ്ടെത്തിയ സാഹചര്യത്തില്‍ അദ്ദേഹത്തെ അലഹാബാദ് ഹൈക്കോടതിയിലേക്ക് മടക്കി അയയ്ക്കാന്‍ സുപ്രീം കോടതി കൊളീജിയം തീരുമാനമെടുത്തിരുന്നു. സ്ഥലംമാറ്റത്തിന് പുതിയ സംഭവമായി ബന്ധമില്ലെന്ന് സുപ്രീം കോടതി വിശദീകരണം നല്‍കുകയും ചെയ്തു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുപ്രീം കോടതി ഇനി എന്തു തീരുമാനവും നടപടികളുമാണ് സ്വീകരിക്കുക എന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്.
സിംഭാവോളി ഷുഗര്‍ മില്ലുമായി ബന്ധപ്പെട്ട വായ്പാ തിരിമറിയില്‍ ജസ്റ്റിസ് വര്‍മ്മയ്ക്കെതിരെ ഓറിയന്റല്‍ ബാങ്ക് നല്‍കിയ പരാതിയില്‍ 2018 ല്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത വാര്‍ത്തകളും ഇതിനോടകം പുറത്തു വന്നു. ഷുഗര്‍ മില്‍ കമ്പനിയിലെ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായ വര്‍മ്മയും കേസില്‍ പ്രതിപ്പട്ടികയിലുണ്ട്. തട്ടിപ്പിലൂടെ കമ്പനി വായ്പ സമ്പാദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 12 പേരുടെ പ്രതിപ്പട്ടികയില്‍ പത്താമത് യശ്വന്ത് വര്‍മ്മയാണ്. ഇഡിയുടെ അമിത അധികാരം വെട്ടിക്കുറയ്ക്കണമെന്ന വിധി പ്രസ്താവവും യശ്വന്ത് വര്‍മ്മ നടത്തിയിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനത്തിനിടെ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വീട്ടില്‍ നിന്നും പണം കണ്ടെത്തിയില്ലെന്ന് അഗ്നിശമന സേനാ മേധാവി അതുല്‍ ഗാര്‍ഗ് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മാധ്യമ വാര്‍ത്തകള്‍ അതുല്‍ ഗാര്‍ഗ് നിഷേധിച്ചു.
കഴിഞ്ഞ ദിവസം രാത്രി 11.35 നാണ് ഡല്‍ഹി ല്യൂട്ടണ്‍സ് മേഖലയിലുള്ള ജസ്റ്റിസ് വര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ തീപിടിത്തമുണ്ടായത്.
രക്ഷാപ്രവര്‍ത്തനത്തിന് ശേഷം നടത്തിയ നാശനഷ്ടങ്ങളുടെ കണക്കെടുപ്പിലാണ് 15 കോടിയോളം രൂപ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ജുഡീഷ്യറിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തുള്ള പുതിയ സംഭവം നിയമ നീതിന്യായ മേഖലകളില്‍ വന്‍ വിവാദത്തിനാണ് വഴിവച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.