കോടികളുടെ ഹാഷിഷ് കടത്ത് കേസിന്റെ കുറ്റപത്രത്തില്‍ ഇടപാടുകാരെ മാത്രം കുറ്റക്കാരാക്കുന്നതായി റിപ്പോര്‍ട്ടുകള്‍. തൊണ്ടി സഹിതം അറസ്റ്റിലാകുന്ന ഇടനിലക്കാരും കൂലിക്കടത്തുകാരായ കാര്യർമാരും മാത്രമാണ് ഇത്തരം കേസുകളില്‍ ശിക്ഷിക്കപ്പെടുന്നത്. ലഹരി മാഫിയാ രാജാക്കൻമാരായ ഉന്നതങ്ങളിൽ എത്തുമ്പോഴേക്കും എക്സൈസ് പോലീസ് അന്വേഷണം നിലക്കുകയാണ് പതിവ്. അവരെ കോടതിക്കു മുന്നിൽ കൊണ്ടുവരാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് സാധിക്കാത്തതിനാൽ ലഹരി കടത്തിന്റെ ലാഭവിഹിതം ലഭിക്കാത്ത താഴേത്തട്ടിലുള്ള ഇടനിലക്കാരും കൂലിക്കടത്തുകാരും മാത്രമാണ് കേസിൽ ശിക്ഷിക്കപ്പെടുന്നത്. അതേ സമയം വൻ ബിസിനസ് ലാഭം കൊയ്യുന്ന ലഹരി മാഫിയ രാജാക്കൻമാർ അന്വേഷണ ഉദ്യോഗസ്ഥർക്ക് തൊടാൻ സാധിക്കാതെ തഴച്ചുവളരുകയും ചെയ്യുന്നു. ഉറവിടം കണ്ടെത്താനും മാഫിയ രാജാക്കൻമാരെ അറസ്റ്റ് ചെയ്യുന്നതിനും കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിച്ച് പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെങ്കിലും അന്വേഷണ ഉദ്യോസ്ഥർ തുടക്കത്തിലെ ആവേശം പിന്നീട് കാട്ടാതെ നിഷ്ക്രിയത്വം പാലിക്കുന്നതിനാൽ പ്രതിപ്പട്ടിക വിപുലമാകാറില്ല. അതിനാൽ തന്നെ പുലിവാല് പിടിക്കാതെ ആദ്യം കിട്ടിയ പ്രതികളെ വച്ച് കുറ്റപത്രം സമർപ്പിച്ച് തടിയൂരുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ ചെയ്യുന്നത്.
തിരുവനന്തപുരം എയർപോർട്ട് വഴി മാലിയിലേക്ക് കടത്താൻ ശ്രമിക്കവേ അട്ടക്കുളങ്ങര ചാക്ക ബൈപാസിൽ ടെക്സ്റ്റയിൽ ഷോപ്പിന് സമീപം വച്ച് എക്സൈസ് പിടികൂടിയ ലഹരിക്കടത്ത് കേസിലെ പ്രതികളടക്കം ഇത്തരം സംഭവങ്ങളുടെ ഉദാഹരണങ്ങളാണ്. ആറേകാൽ കോടി രൂപയുടെ ലഹരി മരുന്നുമായി പിടിയിലായ തമിഴ്നാട് തൂത്തുക്കുടി സ്വദേശി ആൻറണി റൊസാരി ഫെർണാണ്ടോ (39) , ഇടുക്കി തങ്കമണി സ്വദേശികളായ ബിനോയി തോമസ് (44) , ടി എൻ. ഗോപി (68) എന്നിവര്‍ ഇപ്പോഴും ജാമ്യം പോലും ലഭിക്കാതെ 2018 മുതല്‍ ജാമ്യം നിഷേധിക്കപ്പെട്ട് വിചാരണ തടവുകാരായി റിമാന്‍ഡിൽ തുടരുകയാണ്.
ഹാഷിഷ് കടത്തു കേസിൽ ജയിലിൽ കഴിയുന്ന ഇവര്‍ 1 മുതൽ 3 വരെ പ്രതികളാണെന്നും അധികൃതര്‍ അറിയിച്ചു. നർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസ് നിയമത്തിലെ 20 ബി (2) (സി) , 29 എന്നീ വകുപ്പുകൾ പ്രകാരമാണ് കോടതി പ്രതികൾക്കെതിരെ സെഷൻസ് കേസെടുത്തത്. കൂലിക്കടത്തു കാര്യറായ സ്പിരിറ്റ് ലോറി ഡ്രൈവറുടെ ശിക്ഷ 10 വർഷമാക്കിക്കൊണ്ടുള്ള വിധിന്യായത്തിലായിരുന്നു വിമർശനം. 2018 സെപ്റ്റംബർ 2 ന് ഉച്ചക്ക് 1.28 മണിക്കാണ് രണ്ട് ആഢംബര കാറുകളിലായെത്തിയ പ്രതികൾ വലയിലായത്. മാൽഡിവിയൻ ബോസിന് വേണ്ടി അഡ്വാൻസ് തുകയായ 6.70 ലക്ഷം രൂപയുമായി ഹാഷിഷ് വാങ്ങാനെത്തിയ ആൻറണിയും ഹാഷിഷ് കടത്തിക്കൊണ്ട് വന്ന ഇടുക്കിക്കാരായ ബിനോയി തോമസും ഗോപിയും ഹാഷിഷ് കൈമാറവേയാണ് പിടിയിലായത്. ഇവർ കേരള മാൽഡിവിയൻ ഡ്രഗ് മാഫിയയിലെ കണ്ണികളാണ്. അഡ്വാൻസായാണ് 6.7 ലക്ഷം രൂപ ആൻറണി കൊണ്ടുവന്നത്. ഹാഷിഷ് ഗുണനിലവാരം പരിശോധിച്ച ശേഷം ബാക്കി തുക നൽകാനായിരുന്നു പദ്ധതി. എയർപോർട്ട് വഴി മാലി ദ്വീപിലേയ്ക്ക് ഹാഷിഷ് കടത്താനുള്ള പദ്ധതി പരാജയപ്പെടുന്ന പക്ഷം കടൽ മാർഗ്ഗം കടത്താനായിരുന്നു പ്രതികളുടെ പദ്ധതി. ലഹരി മാഫിയ തലവൻ മാൽഡിവിയൻ അബ്ദുള്ള തമിഴ് നാട്ടിലുണ്ടെന്ന് സംശയിക്കുന്നതായി എക്സൈസ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയെങ്കിലും അബ്ദുള്ളയടക്കമുള്ള ലഹരി മാഫിയ രാജാക്കൻമാരെ ഒഴിവാക്കി 3 പേരിൽ മാത്രം കേസൊതുക്കി എക്സൈസ് കുറ്റപത്രം സമർപ്പിച്ചതായി ആരോപണമുണ്ട്.
തിരുവനന്തപുരം എക്സൈസ് റെയിഞ്ചാണ് കേസ് അന്വേഷിച്ചത്. 2019 ഫെബ്രുവരി 27നാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. 2018 ൽ ഈ സംഭവത്തിന് മുമ്പ് 10 കോടി രൂപയുടെ 10.2 കിലോഗ്രാം ഹാഷിഷുമായി 4 മാലി സ്വദേശികൾ തലസ്ഥാനത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്നും പിടിയിലായിരുന്നു. 2018 ആഗസ്റ്റിലും 700 ഗ്രാം ഹാഷിഷ് കഴക്കൂട്ടത്ത് നിന്നും പിടിച്ചെടുത്തിരുന്നു. കേസിന്റെ വിചാരണക്കായി ഇവരെ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ട് അയച്ചിരുന്നു. തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷൻസ് കോടതിയാണ് പ്രതികൾക്ക് പ്രൊഡക്ഷൻ വാറണ്ടയച്ചത്. ജനുവരി 6 ന് പ്രതികളെ ഹാജരാക്കാനും ജയിൽ സൂപ്രണ്ടിനോട് സെഷൻസ് ജഡ്ജി കെ.എൽ. ജയവന്ത് ഉത്തരവിട്ടു. കുറേ കാലങ്ങളായി മാലിയിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ഹബ്ബ് ആയി തലസ്ഥാനം മാറിയിരിക്കുന്നതിന്റെ തെളിവാണ് തലസ്ഥാന ജില്ലാ സെഷൻസ് കോടതിയിൽ വിചാരണ കാത്ത് കിടക്കുന്ന അനവധി ഹാഷിഷ് കടത്ത് കേസുകൾ സൂചിപ്പിക്കുന്നത്. മാഫിയാ തലവന്മാരെ സംരക്ഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ ഇത്തരം ചെയ്തികളെ സ്പിരിറ്റ് കടത്തു കേസിൽ കേരളത്തിൽ നിന്ന് പോയ ക്രിമിനൽ അപ്പീലിൽ സുപ്രീം കോടതി നിശിതമായി വിമർശിച്ചിട്ടുണ്ട്.
English Summary: Crores of hashish smuggled; Attempt to make Thiruvananthapuram a drug trafficking hub, charge sheet excluding drug mafia
You may like this video also;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.