
നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്–സൂപ്പർ സ്പെഷ്യാലിറ്റി പരീക്ഷ എഴുതിയ വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയ സെക്യൂരിറ്റി തുക മെഡിക്കൽ കൗൺസിലിങ് കമ്മിറ്റി (എംസിസി) തിരികെ നൽകുന്നില്ലെന്ന് പരാതി. ഓരോ വിദ്യാർത്ഥിയിൽ നിന്നും സെക്യൂരിറ്റി ഡെപ്പോസിറ്റായി വാങ്ങിയ രണ്ട് ലക്ഷം രൂപയാണ് മതിയായ കാരണം കൂടാതെ തടഞ്ഞുവെച്ചിരിക്കുന്നത്.
കൗൺസിലിങ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഉടൻ തിരികെ നൽകേണ്ട കോടിക്കണക്കിന് രൂപയാണ് എംസിസി അധികൃതർ ക്രമവിരുദ്ധമായി കൈവശം വെച്ചിരിക്കുന്നത്. നീറ്റ്-എസ്എസ് കൗൺസിലിങ്ങിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികളും ചോയ്സ് തെരഞ്ഞെടുക്കുന്ന സമയത്ത് രണ്ട് ലക്ഷം രൂപ സെക്യൂരിറ്റി തുകയായി കെട്ടിവെക്കണമെന്ന് എംസിസി നിർദേശമുണ്ട്.കൗൺസിലിങ് നടപടികൾ പൂർത്തിയാക്കി, തങ്ങൾക്ക് അനുവദിച്ച സീറ്റിൽ നിശ്ചിത സമയത്തിനകം പ്രവേശനം നേടിയവർക്കും, കൗൺസിലിങ് പ്രക്രിയയിൽ നിന്ന് നിയമപരമായി പിന്മാറിയവർക്കും സെക്യൂരിറ്റി തുക തിരികെ നൽകണമെന്നാണ് വ്യവസ്ഥ. എന്നാൽ അലോട്ട്മെന്റിന് ശേഷം സീറ്റിൽ ചേരാത്തവർക്ക് ഡെപ്പോസിറ്റ് തുക തിരികെ ലഭിക്കില്ല.
നിയമാനുസൃതമായി പ്രവേശനം നേടിയവരുടെ പോലും കോടിക്കണക്കിന് രൂപയാണ് എംസിസി. വ്യക്തമായ വിശദീകരണമോ സമയപരിധിയോ ഇല്ലാതെ പിടിച്ചുവെച്ചിരിക്കുന്നത്. 2024‑ലെ നീറ്റ്-എസ് എസ് കൗൺസിലിങ് നടപടികൾ 2024 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലാണ് അവസാനിച്ചത്. എന്നാൽ, എല്ലാ നിബന്ധനകളും പാലിച്ചിട്ടും രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ഡോക്ടർമാർക്ക് റീഫണ്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പരാതികൾ ഉയരുന്നു. കേരളം, കർണാടക, ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ്, ഡൽഹി, തമിഴ്‌നാട് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ ഡോക്ടർമാരുടെ തുകയാണ് എംസിസി കൈവശം വെച്ചിരിക്കുന്നത്.
ഫീസ് അടയ്ക്കാൻ ഒരു ദിവസം വൈകിയാൽ മണിക്കൂറുകൾക്കുള്ളിൽ പിഴ ചുമത്തുന്ന എംസിസി യാതൊരു വിശദീകരണവുമില്ലാതെ ആയിരക്കണക്കിന് ഡോക്ടർമാരുടെ കോടിക്കണക്കിന് രൂപ കൈവശം വെച്ചിരിക്കുകയാണെന്ന് പ്രവേശന പ്രക്രിയ പൂർത്തിയാക്കി തമിഴ്‌നാട്ടിലെ സർക്കാർ മെഡിക്കൽ കോളജിൽ സേവനം ചെയ്യുന്ന ഒരു ഡോക്ടർ പ്രതികരിച്ചു. ഇതൊരു സാധാരണ കാലതാമസമല്ലെന്നും മറിച്ച് ഡോക്ടർമാരെ സാമ്പത്തികമായി പീഡിപ്പിക്കുക എന്ന നയമാണ് ഇതിന് പിന്നിലെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ കോർഡിനേറ്റർ ഡോ. ധ്രുവ് ചൗഹാൻ ആരോപിച്ചു. റീഫണ്ട് ഉടൻ നൽകാൻ എംസിസി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.